സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

മുനമ്പം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിലൂടെ പശ്ചാത്തല വികസന മേഖലയില്‍ വലിയ മുന്നേറ്റമാണ് സംസ്ഥാന തലത്തിലും ഉദുമ നിയോജക മണ്ഡലത്തിലും നടന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉദുമ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മുനമ്പം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ രണ്ട് പഞ്ചായത്തുകളായ ചെമ്മനാടിനെയും ബേഡഡുക്കയെയും ബന്ധിപ്പിക്കുന്ന പാലം പണി പൂര്‍ത്തിയായാല്‍ ദേശീയപാത വഴി കാസര്‍കോട് നിന്നും കുണ്ടംകുഴിയിലേക്ക് എത്തിച്ചേരാന്‍ എടുക്കുന്ന സമയത്തിന്റെ പകുതി മാത്രം മതിയാകും. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിലൂടെ പശ്ചാത്തല വികസന മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലമാണ് ഉദുമ നിയോജക മണ്ഡലമെന്നും മന്ത്രി പറഞ്ഞു.

ബഡ്ജറ്റില്‍ 17 കോടി 70 ലക്ഷം രൂപ വകയിരുത്തി നിര്‍മിക്കുന്ന പാലത്തിന്റെ ആകെ നീളം198 മീറ്റര്‍ ആണ്. 11 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയോട് കൂടിയുള്ള പാലത്തില്‍ 26 മീറ്റര്‍ നീളമുള്ള അഞ്ച് സ്പാനും 10 മീറ്റര്‍ നീളമുള്ള ആറു സ്പാനും എട്ടു മീറ്റര്‍ നീളമുള്ള ഒരു സ്പാനും ഉള്‍പ്പെടുന്നു. പാലത്തിനൊപ്പം ആവശ്യമായ സംരക്ഷണ ഭിത്തികളും ഡ്രൈനേജ് പ്രവര്‍ത്തികളും ഇരുവശങ്ങളിലും ആയി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പയസ്വിനി പുഴയുടെയും കരിച്ചേരിപ്പുഴയുടെയും സംഗമസ്ഥാനമായ മുനമ്പത്ത് രണ്ടു പഞ്ചായത്തുകളിലെ രണ്ടു നാടുകളെ ബന്ധിപ്പിക്കുന്നതിനായി ഒരു തൂക്കുപാലം മാത്രമാണ് നിലവില്‍ ഉള്ളത്. മുനമ്പം പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ടു നാടുകളുടെ യാത്ര ദുരിതങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.

ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉത്തരമേഖല സുപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, ബേഡഡുക്ക ഗ്രാമപഞ്ചായത്തഗം വസന്തകുമാരി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം രമ ഗംഗാധരന്‍, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി മധു മുതിയക്കാല്‍, ഭക്തവത്സലന്‍ എന്നിവര്‍ സംസാരിച്ചു. ഇ.ജി വിശ്വപ്രകാശ് സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എം.സജിത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *