നീലേശ്വരം :16 മാസം കഴിഞ്ഞിട്ടും പെന്‍ഷന്‍കാരുടെ 12-ാം പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം സബ്ബ് ട്രഷറിയിലേക്ക് നടത്തിയ പ്രകടനത്തിലും വിശദീകരണ യോഗത്തിലും പ്രതിഷേധമിരമ്പി . കുടിശ്ശികയായ 13% ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസത്തിന് മുന്‍കാല പ്രാബല്യം നല്കുക, മെഡിസെപ്പ് പ്രീമിയം തുക വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ട്രഷറിയിലേക്ക് നടത്തിയ പ്രകടനത്തില്‍ വനിതകകളടക്കം നൂറ് കണക്കിന് പെന്‍ഷന്‍കാര്‍ അണിനിരന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
5 കൊല്ലം കൂടുമ്പോള്‍ നടപ്പിലാക്കേണ്ടുന്ന പെന്‍ഷന്‍ പരിഷ്‌ക്കരണം കേരള പിറവിക്കു ശേഷം അട്ടിമറിച്ച ഏക സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. 2024 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന 12-ാം പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന് ഒരു കമ്മീഷനെ വെക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ വരുമ്പോഴുള്ള സര്‍ക്കാരിന്റെ പതിവ് കട കാലിയാക്കല്‍ വാഗ്ദാനങ്ങള്‍ ഇനി വിലപ്പോവില്ല. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം അനുവദിച്ച നാമ മാത്ര ക്ഷാമാശ്വാസത്തിന്റെ 190 മാസത്തെ കുടിശ്ശിക കവര്‍ന്നെടുത്ത, മെഡിസെപ്പ് കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെ വരും തിരഞ്ഞെടുപ്പു വേളകളില്‍ പെന്‍ഷന്‍കാര്‍ മറക്കരുത്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രന്‍ കൊക്കോട്ട് അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു, പി.പി. ബാലചന്ദ്രന്‍ ഗുരുക്കള്‍, കെ.എം.വിജയന്‍, പലേരി പത്മനാഭന്‍, ഇ. മോഹനന്‍, പി. ദാമോധരന്‍ നമ്പ്യാര്‍, എന്നിവര്‍ പ്രസംഗിച്ചു.
ഒ. ഉണ്ണികൃഷ്ണന്‍, ടി.വി. സുരേഷ്, കെ. ആനന്ദവല്ലി , കെ.വി. ദാമോധരന്‍ , പി. വേണുഗോപാലന്‍, രാമചന്ദ്രന്‍ അടിയോടി, സി.എം. രാധാകൃഷ്ണന്‍, ദാമോധരന്‍ മുട്ടത്ത്, നാരായണി അള്ളോത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
രാഘവന്‍ മുട്ടത്ത് സ്വാഗതവും, പി.ജെ. ജോസഫ് നന്ദിയും പറഞ്ഞു.