കാഞ്ഞങ്ങാട്: 30 ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി. ”ആര്‍ക്കേവ്” ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ജില്ലയില്‍ ആദ്യമായി 30 ചിത്ര ചിത്രകാരന്മാരുടെ ഒന്നിച്ചുള്ള ചിത്രപ്രദര്‍ശനം ഒരുക്കിയത്. 200 ഓളം അംഗങ്ങളുള്ള സംഘടനയില്‍ തിരഞ്ഞടുക്കപ്പെട്ട 30 ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയത്. ചിത്രപ്രദര്‍ശനം ചിത്രകാരി മാധവി. കെ. മീങ്ങോത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നാരായണന്‍ രേഖിത അധ്യക്ഷനായി.
കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസല്‍ റഹ്മാന്‍, മുതിര്‍ന്ന ആര്‍ട്ടിസ്റ്റ് പല്ലവ നാരായണന്‍, അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും ബാലന്‍ സൗത്ത് നന്ദിയും പറഞ്ഞു. പ്രദര്‍ശനത്തിലെ ആദ്യ ചിത്രം വില്‍പ്പന നടത്തി. ചിത്രകാരന്‍ പ്രമോദ് ദര്‍ശനയുടെ ചിത്രം കാഞ്ഞങ്ങാട് എസ്. ഐ. സൈഫുദ്ദീന്‍ ഏറ്റുവാങ്ങി. നവംബര്‍ 7 വരെ ചിത്ര പ്രദര്‍ശനമുണ്ടാവും.