രാജപുരം: 64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങളുടെ രണ്ടാം ദിനം വനിതാ ശാക്തീകരണത്തിന്റെ മാതൃകാദിനമായി മാറി. 11 വേദികളുടെയും പരിപൂര്‍ണ്ണ നിയന്ത്രണം അധ്യാപികമാരുടെ കൈകളില്‍ ഭദ്രം. കൃത്യം 9 മണിക്ക് തന്നെ കോടോത്ത് വെച്ച് നടക്കുന്ന കലോത്സവ മാമാങ്ക വേദിയില്‍ എത്തിച്ചേര്‍ന്നത് ഉപജില്ലയിലെ 30 ഓളം വിദ്യാലയങ്ങളിലെ നൂറിലധികം അധ്യാപിക മാരാണ്. ഐക്യത്തോടെ അര്‍പ്പണ ബോധത്തോടെ ഒരേ നിറത്തിലുള്ള വേഷവിധാനങ്ങളോടുകൂടി കലോത്സവവേദിയെ വര്‍ണ്ണ ചാരുതയേകാന്‍ വനിതാ രത്‌നങ്ങള്‍ ഒരുമയോടെ കോടോത്ത് മണ്ണില്‍ എത്തിച്ചേരുകയായിരുന്നു. പ്രോഗ്രാം കമ്മിറ്റി, ഐടി, അപ്പീല്‍ കമ്മിറ്റി അടക്കം നിയന്ത്രിച്ചത് വനിതകളാണ്.പ്രോഗ്രാം കമ്മിറ്റിക്ക് ചുക്കാന്‍ പിടിച്ചത് കണ്‍വീനര്‍ രസിത എ വി, ജോയിന്‍ കണ്‍വീനര്‍ സന്ധ്യ കെ പി, പി ശ്രീകല, വികെ ബാലാമണി, പി പി കമല, കെ സ്മിത, സി ശാരദ, ഉഷ വടക്കുമ്പത്ത്, ബിജുഷ എന്നിവരാണ്.