കൊല്ലം: ഏരൂരില്‍ ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് ഗുരുതരമായി പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി. റജില നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഉസ്താദിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
തിളച്ച മീന്‍കറി വീണ് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ബുധനാഴ്ചയായിരുന്നു ഈ ക്രൂരമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം സജീര്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ചതിനും സജീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിന്റെ ദേഷ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഭര്‍ത്താവ് മുടി അഴിച്ച് സ്റ്റൂളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നും, താന്‍ ഇരിക്കാത്തതിനാലാണ് തന്നെ ആക്രമിച്ചതെന്നും റജില വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ഫോണില്‍ വിളിച്ചു നല്‍കിയപ്പോള്‍ ‘തനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്’ ഉസ്താദിനോട് പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഭര്‍ത്താവ് നേരത്തെയും തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് റജില പറയുന്നു.