ഓസ്‌ട്രേലിയക്ക് ‘മറക്കാനാവാത്ത’ കനത്ത പ്രഹരം! തകര്‍ക്കപ്പെട്ടത് റെക്കോര്‍ഡുകള്‍

നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി ഒരു പുതിയ ചരിത്രമാണ് കുറിച്ചത്. വനിതാ ഏകദിന ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍, നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ക്രിക്കറ്റ് ചരിത്ര പുസ്തകങ്ങളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ഈ വിജയം ഓസ്ട്രേലിയക്ക് ഒരു കനത്ത പ്രഹരം നല്‍കി. ഇന്ത്യയുടെ ജയം മാത്രമല്ല, ഒട്ടനവധി റെക്കോര്‍ഡുകളും ഈ ഒറ്റ മത്സരത്തില്‍ തകര്‍ന്നു വീണു.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത് ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ച്വറിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ദ്ധസെഞ്ച്വറിയുമാണ്. ജെമീമ 134 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയമുറപ്പിച്ചപ്പോള്‍, ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 26), ദീപ്തി ശര്‍മ (17 പന്തില്‍ 24) എന്നിവരുടെയും ഇന്നിംഗ്സുകള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.

ഈ ഇന്ത്യന്‍ വിജയത്തോടെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ക്കപ്പെട്ടത്. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി. അതുകൂടാതെ, ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ (പുരുഷന്‍മാരുടെയും സ്ത്രീകളുടെയും) 300-ല്‍ അധികം റണ്‍സ് വിജയകരമായി പിന്തുടരുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം കുറിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും ചേര്‍ന്ന് നേടിയ 679 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാച്ച് അഗ്രഗേറ്റ് ആണ്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഫോബ് ലിച്ച്ഫീല്‍ഡ് വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ചതും ഈ മത്സരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *