ഗോള്‍ഡന്‍വാലി നിധി തട്ടിപ്പ്; താര കൃഷ്ണ അറസ്റ്റില്‍

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റില്‍. നേമം സ്റ്റുഡിയോ റോഡിലെ നക്ഷത്രയില്‍ താമസിക്കുന്ന താര കൃഷ്ണയാണ് അറസ്റ്റിലായത്. ഗോള്‍ഡന്‍വാലി നിധി കമ്പനി എന്ന പേരില്‍ വിവിധയിടങ്ങളില്‍ ധനകാര്യ സ്ഥാപനം നടത്തി നിക്ഷേപം സ്വീകരിച്ച ശേഷം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി മുങ്ങിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. ബെംഗളൂരു വിമാനത്താവളത്തില്‍നിന്നാണ് തമ്പാനൂര്‍ പൊലീസ് ഇവരെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ എറണാകുളം കടവന്ത്ര എ.ബി.എം ടവേഴ്സില്‍ താമസിക്കുന്ന കെ.ടി. തോമസിനെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയതായി തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് അറിയിച്ചു.

‘ഗോള്‍ഡന്‍വാലി നിധി’ എന്ന പേരില്‍ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലായി ഇവര്‍ ശാഖകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. സ്വര്‍ണവായ്പയുടെയും സ്ഥിര അക്കൗണ്ടുകളുടെയും പേരില്‍ നിക്ഷേപകരില്‍ നിന്ന് വലിയ തുക പിരിച്ചെടുത്തെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പണം തിരികെ നല്‍കാതെ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.

നിക്ഷേപകരുടെ ആവര്‍ത്തിച്ച ആവശ്യങ്ങള്‍ അവഗണിച്ച താരയും സഹപ്രതിയായ തോമസും പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. താരയും ഭര്‍ത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബെംഗളൂരു വഴി തിരിച്ചെത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *