പക്ഷാഘാത ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രത്യേക സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും: ഡി എം ഒ

കാഞ്ഞങ്ങാട് : പക്ഷാഘാത( സ്‌ട്രോക്) ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാശു പത്രിയില്‍ സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു. കേരള സര്‍ക്കാര്‍ പദ്ധതി വിഹിതം,നീതി അയോഗിന്റെ ‘ബ്രെയിന്‍ ഹെല്‍ത്ത് ഇനീഷിയേഷന്‍ ഫണ്ട്’ എന്നിവയില്‍ നിന്നു ഇതിനായുള്ള തുക ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനായി 2025-26 സാമ്പത്തിക വര്‍ഷത്തെ കേരള സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്നും 10 ലക്ഷം രൂപ ലഭിച്ചു. പരിശീലനം, മറ്റു അനുബന്ധ പരിപാടി എന്നിവക്കായി ബ്രയിന്‍ ഹെല്‍ത്ത് ഇനീഷിയേഷന്‍ ഫണ്ടില്‍ നിന്നു 19 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്.2026 മാര്‍ച്ചില്‍ സ്‌ട്രോക് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.കുടുബാരോഗ്യ കേന്ദ്രങ്ങള്‍,സാമൂഹികരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും രോഗികളെ നേരത്തെ കണ്ടെത്തി ജില്ലാ ആശുപത്രി യിലേക്ക് റഫര്‍ ചെയ്യും. ഇതിനായി ഡോക്ടര്‍മാര്‍ മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ടെലി മെഡിസിന്‍ ഹാളില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ വി നിര്‍വഹിച്ചു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം പി അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍, എംസി എച്ച് ഓഫീസര്‍ ഉഷ പി, ഡി പി എച്ച് എന്‍ ശാന്ത എം,ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ലളിതാംബിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാ ആശുപത്രി പി ആര്‍ ഓ റിന്‍സ് മാണി നന്ദിയും പറഞ്ഞു

പരിപാടിയോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ. രാജേഷ് രാമചന്ദ്രന്‍ ‘പക്ഷാഘാതം, കാരണങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ചികിത്സാ രീതികള്‍ ‘ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 29 നു ലോക പക്ഷാഘാത ദിനമായി ആചരിച്ചു വരുന്നു. പക്ഷാഘാതത്തെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടി ക്കുന്നതിനാണ് ഈ ദിനം ആചരിച്ചു വരുന്നത്.

തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴല്‍ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുമ്പോള്‍, ഈ അവസ്ഥയെ സ്‌ട്രോക്ക് എന്ന് വിളിക്കുന്നു. മസ്തിഷ്‌ക ആക്രമണം എന്ന് വിളിക്കപ്പെടുന്ന അതേ സമയം, ലോകമെമ്പാടുമുള്ള മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. ‘ഓരോ മിനുട്ടും വിലപ്പെട്ടതാണ് ‘(Every Minute Counts) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം
ഈ സന്ദേശത്തെ മുന്‍നിര്‍ത്തി ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *