പാലക്കുന്ന് : പത്താമുദയം സമാപിച്ചതോടെ വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും ഇനി പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍ അടിയന്തിരം) തിരക്കിലേക്ക്. ദേവസ്ഥാനങ്ങള്‍ അടക്കം എട്ടില്ലം തിരിച്ചുള്ള 123 വയനാട്ടുകുലവന്‍ തറവാടുകള്‍ പാലക്കുന്ന് കഴകത്തില്‍ തന്നെയുണ്ട്. ജില്ലയില്‍ ഏകദേശം
500ല്‍ ഏറെ തറവാടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വയനാട്ടു കുലവനാണ് (തൊണ്ടച്ചന്‍) പ്രധാന പ്രതിഷ്ഠ. അതത് തറവാടുകളില്‍ പരിപാലിച്ചു പോരുന്ന പരിവാര ദൈവങ്ങളും കുറത്തിയമ്മയും വേറെയുമുണ്ടാകും.
കുടുംബാംഗങ്ങളുടെ സംഗമസ്ഥാനമാണ്
തറവാടുകള്‍. തൊണ്ടച്ചന് പുത്തരി വിളമ്പാന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഒത്തു ചേരുന്നതാണ് പുതിയൊടുക്കല്‍.
സന്താനങ്ങള്‍
‘സന്താന’ങ്ങളും ഈ ഒത്തുചേരലില്‍ ഭാഗഭാക്കാവും. തറവാടുകള്‍ അമ്മ പെറ്റ മക്കള്‍ക്കും അവരുടെ മക്കള്‍ പരമ്പരയില്‍ പെട്ടവര്‍ക്കുമാണ്. അച്ഛന്റെ പരമ്പരയില്‍ പെട്ടവര്‍ ‘സന്താന’ങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ‘അച്ഛന്റെ തറവാട്ടില്‍’ ഇവരുടെ സഹായ സഹകരണങ്ങളും സാനിധ്യവും വിലപ്പെട്ടതാണ്. തറവാട്ടില്‍ അംഗങ്ങളായ വിവാഹിതരായ സ്ത്രീകള്‍ 5 ഇടങ്ങഴി അരിയും ദീപത്തിന് എണ്ണയും ആ ദിവസം തറവാട്ടില്‍ കൊണ്ടുവരുന്നതാണ് പഴയരീതി. തറവാട് കമ്മിറ്റി നിശ്ചയിക്കുന്ന
തുക നല്‍കുന്നതാണ് നിലവിലെ രീതി. മറ്റുള്ളവര്‍ ‘എണ്ണ പൈസ’ എന്നപേരില്‍ ഇഷ്ടപ്പെട്ട തുക നല്‍കും. പുതിയൊടുക്കലിന് ചെലവാകുന്ന തുകയില്‍ ഇവരുടെ വിഹിതവും നിര്‍ണ്ണായകമാണ്. കഴകത്തില്‍ അംഗ ബാഹുല്യം ഏറെ ഉള്ളവയും അംഗബലം കുറഞ്ഞ തറവാടുകളും ഉണ്ട്. അംഗങ്ങളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും ഓരോ തറവാട്ടിന്റെയും വരുമാന സ്രോതസ്സ്.
ഒരുക്കങ്ങള്‍, ചടങ്ങുകള്‍…
പൊതുയോഗം ചേര്‍ന്ന് വെളിച്ചപ്പാടന്മാരുടെ സൗകര്യം അറിഞ്ഞ ശേഷം പുതിയൊടുക്കലിന് തീയതി നിശ്ചയിക്കും. ഒരാഴ്ച മുന്‍പ് കുല കൊത്തും. ചില തറവാടുകളില്‍ തെയ്യാടിക്കലും ഉണ്ടാകും. സന്ധ്യാ ദീപത്തിന് ശേഷം ചടങ്ങുകള്‍ തുടങ്ങും.
വണ്ണാന്‍ സമുദായത്തില്‍ പെട്ടവര്‍ തോറ്റം ചൊല്ലും .വിഷ്ണു മൂര്‍ത്തിക്കുള്ള ‘വടക്കേംവാതിലി’നുള്ള തട്ട് ഒരുക്കുന്നതും ഇവരാണ്. തിരുവായുധങ്ങള്‍ തുടച്ച് വൃത്തിയാക്കുവാന്‍ അതിന് അവകാശികളായ കൊല്ലന്‍ സമുദായപ്പെട്ടവര്‍ തറവാട്ടില്‍ എത്തും. വെളിച്ചപ്പാടന്മാര്‍ അടക്കം എല്ലാവര്‍ക്കും കഴകം തീരുമാനിച്ച തുക തറവാട് കമ്മിറ്റി നല്‍കും.
കുറത്തിയമ്മയ്ക്ക് ചോറും
പിടക്കോഴി കറിയും അതേ ദിവസം നിവേദിക്കും.
വെളിച്ചപ്പാടന്മാര്‍
പുതിയൊടുക്കല്‍ ചടങ്ങില്‍ വെളിച്ചപ്പാടന്മാരാണ് പ്രധാന കര്‍മികള്‍.
തീയ സമുദായ പ്രതിഷ്ഠ-പുനഃ പ്രതിഷ്ഠ ചടങ്ങുകള്‍ അടക്കം നിര്‍വഹിക്കാന്‍ അവകാശം സമുദായത്തില്‍ പെടുന്ന വെളിച്ചപ്പാടന്മാര്‍ക്കാണ്. അവര്‍ക്കിപ്പോള്‍ ജില്ലയില്‍ പ്രബലമായ സംഘടനയും ഓഫീസും ഉണ്ട്.
തിരുവായുധങ്ങളുമായി വെളിച്ചപ്പാടന്മാരുടെ പുറപ്പാടാണ് പുത്ത രി കൊടുക്കലിലെ പ്രധാന ചടങ്ങ്.
തറവാട്ടിലെത്തുന്നവര്‍ക്ക് പ്രത്യേക രുചിക്കൂട്ടില്‍ ചുട്ടെടുക്കുന്ന അംശവും(അട)യും വിഭവ സമൃദ്ധമായ
സദ്യയും വിളമ്പും. ‘അരിപൈസയും’ ‘എണ്ണ പൈസയും’ നല്‍കിയവര്‍ക്ക് പ്രത്യേക സഞ്ചിയില്‍ അടയും പഴവും മലരും നല്‍കുന്നതാണ് രീതി.
പുത്തരി ചടങ്ങ് കഴിഞ്ഞ്
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൈതും (കൈവീത്) ‘കുറത്തിക്ക് കൊടുക്കലും’ നേര്‍ച്ചയായി സമര്‍പ്പിക്കാം. വിഷുവിന് മുന്‍പേ പുതിയൊടുക്കല്‍ അടിയന്തിരം
പൂര്‍ത്തിയാക്കും.