ഞങ്ങള്‍ ”ഒപ്പ”മുണ്ട് : ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ചിറ്റാരിക്കല്‍ ബി.ആര്‍.സിയുടെ ഒപ്പം പദ്ധതി

വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. എന്നാല്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ എത്താന്‍ സാധിക്കാത്ത ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അത്തരത്തില്‍ വീട്ടിലിരുന്ന് പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങായി മാറുകയാണ് സമഗ്ര ശിക്ഷ കേരളം, കാസര്‍കോട് ബി.ആര്‍.സി ചിറ്റാരിക്കല്‍ ആവിഷ്‌കരിച്ച ഒപ്പം പദ്ധതി. അഡ്മിഷന്‍ എടുത്തിട്ടും സ്‌കൂളിലെത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം അവരുടെ വീട്ടുമുറ്റത്ത് എത്തിക്കുകയാണ് ‘ഒപ്പമെത്താനൊരു കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്ന തിരിച്ചറിവാണ് ‘ഒപ്പം’ പദ്ധതിയുടെ കാതല്‍. മറ്റു കുട്ടികളെപ്പോലെ പഠനത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത ഭിന്നശേഷി കുട്ടികളെ അവരുടെ വീട്ടിലിരുന്ന് പഠിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ ചിറ്റാരിക്കല്‍ ബി.ആര്‍.സി പരിധിയിലെ നാല് പഞ്ചായത്തുകളിലായി 16 കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും അഭിരുചിയും കൃത്യമായി മനസ്സിലാക്കി ഒരു പ്രൊഫൈല്‍ തയ്യാറാക്കി അതിനനുസരിച്ചുള്ള വ്യക്തിഗത പഠനപദ്ധതി (IEP) യാണ് നടപ്പാക്കുന്നത്. ഭാഷാ ശേഷിയും ഗണിത ശേഷിയും കുട്ടികള്‍ക്ക് കൈവരിക്കാന്‍, ബി ആര്‍ സിയിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രവര്‍ത്തന പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിയുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്ക് അവരുടെ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി റേഡിയോ നല്‍കിയപ്പോള്‍ പ്രത്യേക പഠന ആവശ്യകതകളുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന പ്രത്യേക ഉപകരണങ്ങളാണ് നല്‍കിയത്. പസിലുകള്‍, കളിക്കോപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വിതരണം ചെയ്തതിലൂടെ ഓരോ കുട്ടിക്കും അവരുടെ വീട്ടില്‍ തന്നെ പഠനയിടം ഒരുങ്ങി. കൂടാതെ ബി.ആര്‍.സിയുടെ കീഴിലുള്ള എട്ട് സ്പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍ ഓരോ ബുധനാഴ്ചയും നേരിട്ട് വീട്ടില്‍ എത്തി ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നുണ്ട്.

പഠനമോഹങ്ങള്‍ക്ക് ചിറക് നല്‍കി ‘ഒപ്പം ‘

സെറിബ്രല്‍ പാഴ്സി അതുല്യയുടെ കാലുകളെ തളര്‍ത്തിയപ്പോള്‍ അതുല്യയുടെ പഠനമോഹങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ടാണ് ബി ആര്‍ സി ഒപ്പം ചേര്‍ന്നത്. വരക്കാട് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അതുല്യ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. ‘ഒപ്പം ‘ പദ്ധതിയിലൂടെ അതുല്യക്ക് പഠനത്തിന് എളുപ്പമാകുന്ന പ്രത്യേക ടേബിളും, വെര്‍ച്വല്‍ ക്ലാസ്സ് സംവിധാനവും ഇഷ്ടപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഹോം ലൈബ്രറിയും ഒരുക്കി നല്‍കി. എല്ലാ ബുധനാഴ്ചകളിലും സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ അതുല്യയുടെ വീട്ടിലെത്തി ആവശ്യമായ പഠന പിന്തുണ നല്‍കുമ്പോള്‍, അവളുടെ ലോകം കൂടുതല്‍ വിശാലമാവുകയാണ്.

” മകന്റെ ഇഷ്ടത്തിനനുസരിച്ചാണ് ടീച്ചര്‍ പഠിപ്പിക്കുന്നത്. അവന്റെ കൂടെ കളിക്കും പാട്ടു പാടും. അതൊക്കെ അവനും നന്നായിട്ട് ആസ്വദിക്കാറുണ്ട്”, പരപ്പ ജി.എച്ച്.എസ്.എസില്‍ ഒന്‍പതാം ക്ലാസ്സുകാരനായ മുഹമ്മദ് ഫസല്‍ അബൂബക്കറിന്റെ ഉമ്മയുടെ വാക്കുകളില്‍ നിറഞ്ഞ ആത്മ സംതൃപ്തിയാണ്. കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ പ്രത്യാശ പകര്‍ന്ന്, സ്നേഹത്തിനും കരുതലിനുമൊപ്പം വിശാലമായ അറിവിന്റെ ലോകത്തേക്ക് പറക്കാന്‍ കുട്ടികള്‍ക്ക് കരുത്ത് നല്‍കുകയാണ് ”ഒപ്പം’.

‘ഒപ്പം’ പദ്ധതി കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു

സമഗ്ര ശിക്ഷ കേരളം കാസര്‍കോട് ബി ആര്‍ സി ചിറ്റാരിക്കാലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതി കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. ഗൃഹാധിഷ്ഠിത പഠനം നല്‍കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള പിന്തുണാ പദ്ധതിയാണ് ഒപ്പം. മറ്റു കുട്ടികളെപ്പോലെ സ്‌കൂളില്‍ പോയി പഠിക്കാന്‍ പറ്റാത്ത ഭിന്നശേഷി കുട്ടികളെ അവരുടെ വീട്ടിലിരുന്ന് പഠിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ചിറ്റാരിക്കല്‍ ബിആര്‍സി പരിധിയിലെ നാല് പഞ്ചായത്തുകളിലായി 16 കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓരോ കുട്ടിയുടെയും കഴിവുകളും പരിമിതികളും അഭിരുചിയും കൃത്യമായി മനസ്സിലാക്കി ഒരു പ്രൊഫൈല്‍ തയ്യാറാക്കിയാണ് ആവശ്യമായ പഠന പിന്തുണ നല്‍കുന്നത്.

സമഗ്ര ശിക്ഷ കേരളം കാസര്‍കോട് പ്രോഗ്രാം ഓഫീസര്‍ ടി.പ്രകാശന്‍ ഒപ്പം പ്രവര്‍ത്തന പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാന ഇന്‍ക്ലൂസീവ് കായികമേളയില്‍ പങ്കെടുത്ത താരങ്ങളെ പരിപാടിയില്‍ അനുമോദിച്ചു. ഈസ്റ്റ് എളേരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അജിത്ത് കുമാര്‍, അബ്ദുള്‍ ഖാദര്‍, കെ.കെ തങ്കച്ചന്‍, ചിറ്റാരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍ ജസീന്ത ജോണ്‍, ഡയറ്റ് ഫാക്കല്‍റ്റി വിനോദ് കുമാര്‍ കുട്ടമത്ത്, ചെറുവത്തൂര്‍ ബി.പി.സി വി.വി സുബ്രഹ്‌മണ്യന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചിറ്റാരിക്കല്‍ ബിപിസി സി ഷൈജു സ്വാഗതവും ചിറ്റാരിക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ സി.എ ഷീലാമ്മ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *