സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ വിഭജനം സംബന്ധിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് റിപ്പോര്‍ട്ട് കൈമാറി.
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തില്‍ തന്നെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ക്വ്യൂഫീല്‍ഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടം സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തമാണെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
വാര്‍ഡ് വിഭജനപ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ എല്ലാ ജില്ലാകളക്ടര്‍മാര്‍, ക്വൂഫീല്‍ഡ് ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഐ.കെ.എം ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പി.നൗഫല്‍, വാര്‍ഡ് റിസര്‍വ്വേഷന്‍ നടത്തുന്നതിനായി പ്രത്യേക എക്സല്‍ ടൂള്‍ വികസിപ്പിച്ച ഡീലിമിറ്റേഷന്‍ കമ്മീഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ കെ.പ്രശാന്ത്കുമാര്‍, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളിലെയും ഐ.കെ.എമ്മിലെയും ഡീലിമിറ്റേഷന്‍ കമ്മീഷനിലെയും ജീവനക്കാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ചീഫ് സെക്രട്ടറി മെമന്റോയും അനുമോദനപത്രവും നല്‍കി.
ചടങ്ങില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അംഗങ്ങളായ കെ.ബിജു, ഡോ.രത്തന്‍.യു.ഖേല്‍ക്കര്‍, ഡോ.കെ.വാസുകി, തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ട്വിങ്കു ബിസ്വാള്‍, സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ, റൂറല്‍ ഡയറക്ടര്‍ അപൂര്‍വ ത്രിപാഠി, അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, ജില്ലാകളക്ടര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ബി.എസ്.പ്രകാശ്, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്.ജോസ്നമോള്‍,തുടങ്ങിയവര്‍ പങ്കെടുത്തു.