ചിരട്ടയുണ്ടോ ചിരട്ട; ചിരട്ടകള്‍ക്ക് ക്ഷാമം, ശ്മശാനം നടത്തിപ്പുകാര്‍ ആശങ്കയില്‍

പാലക്കുന്ന്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും ചരിത്രത്തിലെ കൂടിയ വിലയാണിപ്പോള്‍. തെങ്ങ്കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണിത്. പക്ഷേ ഇതോടൊപ്പം ചിരട്ടകള്‍ അമൂല്യവസ്തുമായി അപ്രത്യക്ഷമാകുന്നതില്‍ ശ്മശാന നടത്തിപ്പുകാര്‍ ആശങ്കയിലാണ്. യഥേഷ്ടം ലഭ്യമായിരുന്ന ചിരട്ടകള്‍ അപൂര്‍വ വസ്തുവായി പോകുമ്പോള്‍ അത് ഉപയോഗിച്ച് ശവസംസ്‌ക്കാരം നടത്തി വരുന്നവരാണ് ഇപ്പോള്‍ ആശങ്കയിലായത്. ഒരു കിലോ ചിരട്ടയ്ക്ക് 30 നും 35 രൂപയ്ക്കും മധ്യേയാണിപ്പോള്‍ വില. ചെറുകിട എണ്ണ മില്ലുകളില്‍ വില കുറച്ചു കിട്ടുന്നുണ്ട്.

പത്ര താളുകളില്‍ ചിരട്ടവില നിലവാരവും ഇടം പിടിക്കുമെന്ന് തോന്നുന്നു. കരകൗശല, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, ചിരട്ടക്കരി, ജലശുദ്ധീകരണം തുടങ്ങിയവയ്ക്കാണ് ചിരട്ട ഉപയോഗിക്കുന്നത്. മത്സ്യ മാംസാദികള്‍ ഗ്രില്ലില്‍ ചുട്ടെടുക്കാനും ചിരട്ട വേണം. നാളികേരത്തിന്റെ ലഭ്യത കുറവും നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു. 1200 മുതല്‍ 1500 വരെ ചിരട്ടകള്‍ ഒരു ശവദാഹ സംസ്‌കാരത്തിന് വേണ്ടിവരുമെന്ന് അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ചിരട്ടകള്‍ കയറ്റി അയക്കുന്നതാണ് ഈയിടെയായി ക്ഷാമമുണ്ടാകാന്‍ കാരണം.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ വലിയ വാഹനങ്ങളുമായി ചിരട്ട വാങ്ങാന്‍ ജില്ലയില്‍ എത്തുന്നുണ്ട്. സമീപ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചിരട്ടകള്‍ കയറ്റി അയക്കുന്നത് കൂടിയിട്ടുണ്ടത്രേ. ആവശ്യക്കാരില്ലാതെ വീട്ടു പറമ്പുകളില്‍ അലസമായി കൂട്ടിയിട്ടിരുന്ന ചിരട്ടകള്‍ക്ക് വിലകിട്ടുമ്പോള്‍ അത് വേണ്ടെന്ന് ആരെങ്കിലും പറയുമോ. പറമ്പില്‍ ആരും കാണാതെ ആക്രി പെറുക്കാന്‍ വരുന്നവര്‍ക്കും ചിരട്ടകളോടാണ് പ്രിയം. ചിരട്ട കള്ളന്മാരും നാട്ടില്‍ ഇപ്പോള്‍ ഏറെയുണ്ടത്രേ.

പാലക്കുന്ന് കഴകത്തില്‍ ഉദുമ, ചെമ്മനാട്, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളില്‍ തീയ സമുദായങ്ങള്‍ക്ക് മാത്രമായി 32 പ്രാദേശികളുണ്ട്. അതില്‍ പകുതിയോളം പ്രദേശങ്ങളില്‍ ഒറ്റയായും സംയുക്തമായും ഒട്ടേറെ ശ്മശാനങ്ങളുണ്ട്. പ്രാദേശിക സമിതികളുടെ കീഴിലുള്ള പ്രത്യേക കമ്മിറ്റികളുടെ നിയന്ത്രണത്തിലാണവയുടെ നടത്തിപ്പ്. അതത് പ്രദേശങ്ങളിലെ വീടുകളില്‍ ചെന്ന് ചിരട്ടകള്‍ സംഭരിച്ചാണ് ശ്മശാനങ്ങളില്‍ എത്തിക്കുന്നത്. മിക്ക പ്രാദേശിക സമിതികളിലും ശവസംസ്‌കാര ചടങ്ങുകള്‍ അതത് കമ്മിറ്റികള്‍ മുന്‍കൈയെടുത്താണ് നിര്‍വഹിക്കുന്നത്. ശവദാഹ ചടങ്ങിന് ചിരട്ട കൂടിയേ തീരൂ. വരും നാളുകളില്‍ ചിരട്ടകള്‍ കിട്ടാത്ത സ്ഥിതി വന്നാലുള്ള ആശങ്കയിലാണ് ശ്മശാന നടത്തിപ്പുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *