എറണാകുളം: പെരുമ്പാവൂരിലെ എസ്.എന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിവിദഗ്ധമായ മോഷണം. കുട ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ മറച്ചുവെച്ച് അകത്ത് കയറിയ മോഷ്ടാവ് സ്ഥാപനത്തില്‍ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ കവര്‍ന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ എത്തിയ മോഷ്ടാവ് സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂര തകര്‍ത്ത് സീലിങ് പൊളിച്ചാണ് അകത്തേക്ക് പ്രവേശിച്ചത്. അകത്ത് കടന്ന ശേഷം കള്ളന്‍ ആദ്യം ചെയ്തത് സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന ഒരു കുട നിവര്‍ത്തിയെടുത്ത് സിസിടിവി ക്യാമറകള്‍ക്ക് മുന്നില്‍ ചൂടി നില്‍ക്കുകയും, തുടര്‍ന്ന് ക്യാമറകളെല്ലാം തിരിച്ചുവെക്കുകയുമായിരുന്നു.
പിന്നീട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നെടുത്ത ടവ്വല്‍ ഉപയോഗിച്ച് മുഖം മറച്ച കള്ളന്‍, ഓഫീസ് മുറിയിലെത്തി താക്കോലുകള്‍ ഉപയോഗിച്ച് അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. ബാങ്ക് വായ്പ അടക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി സൂക്ഷിച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.
പണം നഷ്ടമായതല്ലാതെ മോഷ്ടാവ് മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. പിങ്ക് നിറമുള്ള ടീഷര്‍ട്ട് ധരിച്ചയാളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സൂപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.