ഗതാഗത നിയമം ലംഘിച്ചാല്‍ ഇനി രക്ഷയില്ല; കുവൈത്തില്‍ വാഹനം 60 ദിവസം കസ്റ്റഡിയില്‍, കര്‍ശന നടപടി

കുവൈത്ത്: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് (ജി.ടി.ഡി.) കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ടു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടാനാണ് പുതിയ നിര്‍ദ്ദേശം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഓവര്‍ടേക്കിംഗും മനഃപൂര്‍വ്വം ഗതാഗത തടസ്സമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് 4,500-ഓളം നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മാത്രം 823 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

പ്രധാന റോഡുകളിലും ആശുപത്രികള്‍ പോലുള്ള സുപ്രധാന സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലെ അത്യാധുനിക ക്യാമറകളും ട്രാഫിക്, റെസ്‌ക്യൂ, പബ്ലിക് സെക്യൂരിറ്റി വിഭാഗങ്ങളുടെ പട്രോളിംഗുമാണ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നത്.

60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുന്ന പ്രധാന നിയമലംഘനങ്ങള്‍

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, താഴെ പറയുന്ന നാല് ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കാണ് രണ്ട് മാസത്തേക്ക് (60 ദിവസം) ഇളവുകളില്ലാതെ കണ്ടുകെട്ടല്‍ ശിക്ഷ ലഭിക്കുക.

ഓവര്‍ടേക്കിംഗ് നിയമലംഘനങ്ങള്‍ (അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യല്‍).

മനഃപൂര്‍വ്വമുള്ള ഗതാഗത തടസ്സം സൃഷ്ടിക്കല്‍.

പൊതുനിരത്തുകളിലെ ഗതാഗതം മനഃപൂര്‍വ്വം തടസ്സപ്പെടുത്തല്‍.

നോ-പാര്‍ക്കിംഗ് സോണുകളില്‍ (നിരോധിച്ച സ്ഥലങ്ങളില്‍) വാഹനം നിര്‍ത്തല്‍.

ഈ രണ്ട് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു വാഹനത്തിനും വിട്ടുവീഴ്ച നല്‍കില്ലെന്ന് അധികൃതര്‍ കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *