കഴിഞ്ഞ ഒന്‍പതര വര്‍ഷങ്ങളില്‍ കേരളം വികസനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ 20 മുതല്‍ 25 വര്‍ഷം വരെ വേണ്ടിവരുന്ന കാര്യങ്ങളാണെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞു. ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃതല പഞ്ചായത്തുകള്‍ സംയുക്തമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വലിയപറമ്പ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രദേശമായതിനാല്‍, അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികള്‍ ശ്രദ്ധേയമാണെന്നും മാധവന്‍ മണിയറ പറഞ്ഞു. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. 2018, 2019 വര്‍ഷങ്ങളിലെ പ്രളയകാലത്തും തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്തും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മാധവന്‍ മണിയറ പറഞ്ഞു.
ചടങ്ങില്‍ വികസനരേഖ പ്രകാശനം ചെയ്തു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടുന്ന ‘മിന്നല്‍ സേന’യുടെ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ അഭിനന്ദിച്ചു. സംസ്ഥാന മികച്ച റേഷന്‍ കട ലൈസന്‍സിക്കുള്ള പുരസ്‌കാരം ( എസ്.സി വിഭാഗം) ലഭിച്ച ഭരണസമിതി അംഗം വി.മധു, ജീവകാരുണ്യമേഖലയിലെ സേവനത്തിന് ഖലീഫ ഉദിനൂര്‍ തുടങ്ങി വികസന പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായ വിവിധ മേഖലയിലുള്ളവരെ ആദരിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ കെ. മല്ലിക, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കെ കരുണാകരന്‍, പഞ്ചായത്ത് അംഗങ്ങളായ വി.മധു, കെ.അജിത, പി.കെ സുമതി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ.കെ ബിന്ദു, പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പി.ശ്യാമള സ്വാഗതവും അസിസ്റ്റന്റെ സെക്രട്ടറി സുരേഷ് അരിയില്‍ നന്ദിയും പറഞ്ഞു.