‘ക്വാണ്ടം പൂച്ച വരുന്നു’ : സ്വീകരിക്കാന്‍ കേരളത്തിലുടനീളം വന്‍ ഒരുക്കം. പര്യടനം നവമ്പര്‍ 7 മുതല്‍

കാഞ്ഞങ്ങാട് :ക്വാണ്ടം സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അതിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയും രംഗത്ത്. ക്വാണ്ടം സയന്‍സും അതിന്റെ പ്രയോഗമായ ക്വാണ്ടം സാങ്കേതിക വിദ്യയും മനുഷ്യ ജീവിതത്തെ അടിമുടി മാറ്റിയിട്ടുണ്ട്. നിത്യ ജീവിതത്തില്‍ എല്ലാ തുറകളിലും അതിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നു. ക്വാണ്ടം സയന്‍സിനെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചുമുള്ള പരിജ്ഞാനം പൊതു സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം.കേരളത്തിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ കലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഇതിന്റെ ഭാഗമായി നവമ്പര്‍ ഏഴ് മുതല്‍ നാല് മാസം ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ ‘ക്വാണ്ടം പൂച്ച’യുടെ കേരള പര്യടനം പതിനൊന്ന് ജില്ലകളില്‍ സംഘടിപ്പിക്കുന്നു. ക്വാണ്ടം സയന്‍സിന്റെ പ്രാധാന്യം നാള്‍ വഴികള്‍ എന്നിവയെല്ലാം മനോഹരമായ രൂപ കല്പനയില്‍ വിദ്യാര്‍ഥികളിലേക്കും സാധാരക്കാരിലേക്കും എത്തിക്കാനാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവിടുത്തെ വിവിധ ഡിപ്പാട്ടമെന്റുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും അക്കാദമിക സഹായത്തോടെയാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ക്വാണ്ടം സയന്‍സ് വര്‍ഷവുമാഹ ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടക്കുന്ന പരിപാടികളില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2026 ജനുവരി 3 മുതല്‍ 8 വരെ ജില്ലയില്‍ നടക്കുന്ന
ക്വാണ്ടം സയന്‍സ് എക്‌സിബിഷന് കാഞ്ഞങ്ങാട് നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജാണ് ആതിഥ്യമരുളുന്നത്. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 29 ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജനും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി. ദിനേഷും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *