അജാനൂര്‍ പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴവില്ല് എന്ന പേരില്‍ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. വയോ ജനങ്ങളുടെ കലാപരിപാടികളാലും നാടന്‍ പാട്ട് കലാകാരന്‍ സനല്‍ പാടിക്കാനത്തിന്റെ പാട്ടും കഥയും പറച്ചിലും കൊണ്ട് പരിപാടി ഏറെ വ്യത്യസ്തത പുലര്‍ത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഭദ്ര ദീപം തെളിയിച്ച് വയോജന സംഗമം മഴവില്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ. ദാമോദരന്‍,ലക്ഷ്മി തമ്പാന്‍, എം.ജി പുഷ്പ, പഞ്ചായത്ത് മെമ്പര്‍മാരായ കെ. രവീന്ദ്രന്‍, എം. വി. മധു, പഞ്ചായത്ത് തല വയോജന സമിതി പ്രസിഡന്റ് ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. വാസു എന്നിവര്‍ സംസാരിച്ചു. ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ഐ.സി ഡി.എസ് സൂപ്പര്‍വൈസര്‍ കെ. വി.ഗൗരിശ്രീ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. തുടര്‍ന്ന് നടന്ന വയോജനങ്ങളുടെ തിരുവാതിര, ഗാനാലാപനം, നാടന്‍ പാട്ട്, സിനിമാഗാനം, നാടകഗാനം, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി. നാടന്‍ പാട്ട് കലാകാരന്‍ സനല്‍ പാടിക്കാനത്തിന്റെ കാസര്‍ഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം ജില്ല വരെയുള്ള വിവിധ ജില്ലകളിലെ ഭാഷ വകഭേദങ്ങളുടെ അവതരണവും നാടന്‍ പാട്ടും, കഥ പറച്ചിലും വയോജനങ്ങളില്‍ ആഹ്ലാദമുളവാക്കി.

Leave a Reply

Your email address will not be published. Required fields are marked *