നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഈ ഭരണകാലയളവില്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണെന്ന് വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കരുവാച്ചേരി വനിതാ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തോളം നേട്ടങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമാക്കാന്‍ സാധിച്ചു. വനിത കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ ബ്ലോക്കിന്റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വിപണന കേന്ദ്രങ്ങള്‍ പഞ്ചായത്തിന്റെ തനതു ഫണ്ട് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചു കരുവാച്ചേരിയില്‍ നിര്‍മ്മിച്ച വനിതാവിപണനകേന്ദ്രം കെട്ടിടത്തില്‍ വിശാലമായ കാന്റീന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തിലെ താഴത്തെ നിലയില്‍ രണ്ട് ടോയ്‌ലറ്റുകള്‍, ഒരു യൂറിനല്‍ ബ്ലോക്ക്, മുകളിലെ നിലയിലേക്ക് എത്താന്‍ സ്റ്റെയര്‍കേസ് എന്നിവയ്ക്ക് പുറമെ വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കി യിട്ടുണ്ട് ഒന്നാം നിലയില്‍ ഡൈനിംഗ് റൂം, അടുക്കള, വാഷിംഗ് റൂം എന്നിവ ഉള്‍പ്പെടുന്ന കാന്റീന്‍ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. മടിക്കൈ പഞ്ചായത്ത് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. അസി.എക്സി. എഞ്ചിനീയര്‍ സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത മുഖ്യാതിഥിയായി. നീലേശ്വരം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വി സുനിത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ് നജീബ്., നീലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍കെ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.രാകേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ലക്ഷ്മി സ്വാഗതവും എക്സറ്റന്‍ഷന്‍ ഓഫീസര്‍ മിനിജ നന്ദിയും പറഞ്ഞു.