തൊടുപുഴ: തൊടുപുഴയില്‍ രാസലഹരി വില്‍പന നടത്തിയ കേസില്‍ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദ് എന്നയാള്‍ പിടിയിലായി. ഇയാളില്‍ നിന്ന് ഏകദേശം 5 ഗ്രാം എംഡിഎംഎയും, 23 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറാണ് റഷീദ്. കൂടാതെ ഉന്നതര്‍ക്കിടയില്‍ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണ് ഇയാള്‍ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ലഹരി കച്ചവടത്തിനായി റഷീദ് തൊടുപുഴയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. തൊടുപുഴ പോലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളുടെ മുറിയില്‍ പരിശോധന നടത്തി ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. റഷീദിനൊപ്പം മുറിയിലുണ്ടായിരുന്ന ഒരു സ്ത്രീയെ ലഹരി ഇടപാടില്‍ പങ്കില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് പോലീസ് പിന്നീട് വിട്ടയച്ചു. അറസ്റ്റിലായ പ്രതിയെ തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി.