കൊല്ലം: വില്‍പനയ്ക്കായി കൊണ്ടുവന്ന 1.300 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇഞ്ചവിള സ്വദേശി മിഥുന്‍ കെ. പോള്‍, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാര്‍ എന്നിവരെയാണ് നാല് പാക്കറ്റുകളിലായി സൂക്ഷിച്ച എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശപ്രകാരം ചാത്തന്നൂര്‍ എ.സി.പി അലക്‌സാണ്ടര്‍ തങ്കച്ചന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 8:30-ഓടെ ഡാന്‍സാഫ് സംഘവും കൊട്ടിയം പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു ലഹരി വില്‍പ്പനക്കാരനില്‍ നിന്ന് 6000 രൂപ നല്‍കി മിഥുന്‍ എംഡിഎംഎ വാങ്ങിയെന്നും, തുടര്‍ന്ന് 3000 രൂപയ്ക്ക് ഒരു ഗ്രാം എംഡിഎംഎ ശ്യാമിന് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ലഹരിമരുന്ന് വില്‍പന നടത്തിയവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. എസ്.ഐ സായി സേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും എസ്.ഐ നിതിന്‍ നളന്റെ നേതൃത്വത്തിലുള്ള കൊട്ടിയം പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.