ജനകീയ ആസൂത്രണ ഫലമായി രൂപം കൊണ്ട, സ്ത്രീ മുന്നേറ്റ പ്രസ്ഥാനമായി വളര്‍ന്ന കുടുംബശ്രീ യുക്തി സഹവും ശാസ്ത്രീയവും പാരിസ്ഥിതിക ബോധത്തില്‍ ഊന്നിയതുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിക്കപ്പെട്ട സ്വാതി ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസിന്റെ പുതിയ കെട്ടിടത്തിന്റെയും അനുബന്ധമായി നിര്‍മ്മിച്ച ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ പ്രഥമ ഇന്‍കുബേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തന പാരമ്പര്യം കൊണ്ട് വിശ്വസനീയ പ്രസ്ഥാനം എന്ന പേര് നേടിയെടുത്ത സ്വാതി പ്രസ്സിന്റെ പ്രവര്‍ത്തനനേട്ടങ്ങള്‍ പോയ വര്‍ഷങ്ങളില്‍ കുടുംബശ്രീ സംസ്ഥാനതലത്ത് കൈവരിച്ച നേട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് മന്ത്രി പറഞ്ഞു.
കെട്ടിടത്തിന് അനുബന്ധമായി നിര്‍മ്മിച്ച ഇന്‍കുബേഷന്‍ റൂമിന്റെ ഉദ്ഘാടനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും കമ്പ്യൂട്ടര്‍ റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും കട്ടിങ് മെഷീന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പ്രസ്സിനുവേണ്ടി പുതുതായി വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ ദാനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കറും നിര്‍വഹിച്ചു.
നിലവില്‍ കുടുംബശ്രീ ജില്ലാ മിഷന് കീഴിലെ ഏറ്റവും വലിയ സംരംഭമാതൃകയായ സ്വാതി പ്രിന്റിങ് പ്രസിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് കോലാംകുന്നിലെ കുടുംബശ്രീ അംഗങ്ങളാണ് തുടക്കമിട്ടത്. 2003 ല്‍ 1500 രൂപ അയല്‍ക്കൂട്ട വിഹിതമായി ഒരു കമ്പ്യൂട്ടറും പ്രിന്ററുമായി ആരംഭിച്ച സംരംഭം ഇന്ന് 13 സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്ന 65 ലക്ഷത്തോളം ആസ്തിയുള്ള വലിയൊരു സംരംഭമാണ്. ക്ലോത്ത് ബാനര്‍ പ്രിന്റിംഗ് വിഭാഗവും നോട്ടുബുക്ക് നിര്‍മ്മാണ യൂണിറ്റും ഇതിന്റെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഞ്ചായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉള്ള പുതിയ കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രിന്റിംഗ് ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളും ഉണ്ട്. ഇതിനുപുറമേ 60 ആളുകളെ ഉള്‍ക്കൊള്ളുന്ന പരിശീലന റൂം ജില്ലയിലെ സൂക്ഷ്മസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലനം നല്‍കാന്‍ ഉതകുന്നതാണ്.
ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍ അനീഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സമീമാ അന്‍സാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷംസുദ്ദീന്‍ തെക്കില്‍,ആയിഷ അബൂബക്കര്‍, രമാ ഗംഗാധരന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി നിസാര്‍,രാജന്‍ കെ.പൊയിനാച്ചി, കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എംസിമാരായ ഡി.ഹരിദാസ്, കിഷോര്‍ കുമാര്‍, സി.എം സൗദ, കുടുംബശ്രീ മോഡല്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബൂബക്കര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ കെ.ടി ജിതിന്‍ എന്നിവര്‍ സംസാരിച്ചു. ചെമ്മനാട് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കര്‍ സ്വാഗതവും സ്വാതി പ്രിന്റിംഗ് പ്രെസ്സ് സെക്രട്ടറി കെ.പത്മിനി നന്ദിയും പറഞ്ഞു.