വനിതകളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വനിതാവിപണന കേന്ദ്രം കരുവാച്ചേരിയില്‍ ഉദ്ഘാടനത്തിന് സജ്ജമായി. വനിതകള്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗം തുറന്നു നല്‍കുന്ന ഈ സംരംഭം ഇന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം. രാജഗോപാലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
വനിതകളുടെ കൂട്ടായ്മയിലുള്ള സംരംഭങ്ങള്‍ക്കായി വിഭാവനം ചെയ്ത ഈ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ വിശാലമായ കാന്റീന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടു നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തിലെ താഴത്തെ നിലയില്‍ രണ്ട് ടോയ്‌ലറ്റുകള്‍, ഒരു യൂറിനല്‍ ബ്ലോക്ക്, മുകളിലെ നിലയിലേക്ക് എത്താന്‍ സ്റ്റെയര്‍കേസ് എന്നിവയ്ക്ക് പുറമെ വിപുലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.
ഒന്നാം നിലയില്‍ ഡൈനിംഗ് റൂം, അടുക്കള, വാഷിംഗ് റൂം എന്നിവ ഉള്‍പ്പെടുന്ന കാന്റീന്‍ സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. മടിക്കൈ പഞ്ചായത്ത് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിപണന കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ വനിതകള്‍ക്ക് അവരുടെ സ്വയം പര്യാപ്തതയ്ക്കുള്ള വഴി കണ്ടെത്തുന്നതിനും സാമ്പത്തികമായി മെച്ചപ്പെടുന്നതിനും, ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഒരു മുതല്‍ക്കൂട്ടാകും.