നോര്‍ക്ക കെയര്‍ മീറ്റ് ‘കരുതലിന്റെ സന്ദേശം’ ന്യൂഡല്‍ഹിയില്‍ പ്രൊഫ കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: നാടുവിട്ട് അതിജീവനത്തിനായി വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള കരുതലിന്റെ കുടയാണ് നോര്‍ക്കയെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ്. പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നോര്‍ക്ക കെയറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ മീറ്റ് ‘കരുതലിന്റെ സന്ദേശം’ 2025ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടും പതിനെണ്ണായിരത്തിന് അടുത്ത് ആശുപത്രികളില്‍ നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും സല്‍ഹിയില്‍ മാത്രം 500 ലധികം ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. പഠനത്തിനും ജോലിക്കുമായി അന്യനാട്ടിലെത്തുന്നവര്‍ക്ക് നോര്‍ക്കയുടെ ചികിത്സസഹായം അങ്ങേയറ്റം ഗുണകരമാണ് . പ്രവാസികളെ ഏറ്റവും അലട്ടുന്ന കാര്യം ചികിത്സ ചെലവാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നോര്‍ക്ക കെയറിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. എന്‍ ആര്‍.കെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഷാജിമോന്‍. ജെ ചടങ്ങിന് സ്വാഗതം പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ്, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, അനില്‍ ഭാസ്‌കര്‍ സദസ്സിന് നന്ദി പറഞ്ഞു. , ഉബൈസ് സൈനുലാബ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആദ്യ പ്രവാസി ഇന്‍ഷൂറന്‍സ് ഉപഭോക്താവായ അനില്‍ കുമാര്‍ സി.പിയുടെ പോളിസിയും ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീം കേരളയുടെ ചെയര്‍മാന്‍ ടി.കെ. അനിലിന് നോര്‍ക്ക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ നല്‍കി.