പടന്ന ഗ്രാമപഞ്ചായത്തിലെ തെക്കേ പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമയി ബന്ധപ്പെട്ട് പരിസര മലിനീകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്‌ക്കെതിരെ 10000 രൂപ പിഴ ചുമത്തി. മാസങ്ങള്‍ക്കു മുമ്പ് ജില്ലാ സ്‌ക്വാഡ് തന്നെ 5000 രൂപ പിഴയിട്ടിരുന്നുവെങ്കിലും നിയമലംഘനം ആവര്‍ത്തിക്കുകയായിരുന്നു.ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് വേണ്ടി നല്‍കിയ ക്വാര്‍ട്ടേഴ്‌സിന് മുന്നിലും പിന്നിലുമായി മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് ഉടമയില്‍ നിന്നും 5000 രൂപ തത്സമയ പിഴ ഈടാക്കി. ഇവിടുത്തെ ഒരു സ്ഥാപനത്തിലെ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും പിഴ ഈടാക്കിയിട്ടുണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും വിവിധ സ്ഥാപന ഉടമകള്‍ക്കെതിരെ വ്യത്യസ്ത വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തി. നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗം വി എം ജോസ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ രശ്മി, ഡോണ്‍ കുരിയാക്കോസ് , കെ രെജിഷ എന്നിവര്‍ പങ്കെടുത്തു.