കുണ്ടംകുഴി: ഇത്തവണ നിയമസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി മത്സരിക്കുന്നത് ഇടത് വലത്ത് മുന്നണികള്‍ക്കെതിരെ ബദല്‍ സര്‍ക്കാരുണ്ടാക്കാനാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ വി.കെ.സജീവന്‍ അഭിപ്രായപ്പെട്ടു.ഉദുമയിലെ വികസന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഡിഎ ഉദുമ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് കുണ്ടംകുഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതരാഷ്ട്രമുണ്ടാക്കുന്നവര്‍ക്കൊപ്പമാണ് വോട്ടിന് വേണ്ടി ഇടത് വലത് മുന്നണികള്‍. രാജ്യത്തിന് എതിരായി നില്‍ക്കുന്നവരുടെ വോട്ട് എന്‍ഡിഎ മുന്നണിക്ക് ആവശ്യമില്ല. ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ തുച്ഛമായ പണം നല്‍കിയെന്നതിന്റെ പേരില്‍ പാത നിര്‍മ്മാണത്തിന് പൂര്‍ണമായും പണം മുടിക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റാന്‍ വേണ്ടി ദേശീയ പാതയുടെ പ്രതീകാത്മക ഉദ്ഘാടനം നിര്‍വ്വഹിച്ച സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, മണ്ഡത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് കാണിക്കാന്‍ തയ്യാറാകണം. യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില പല രാജ്യങ്ങളിലും വര്‍ദ്ധിച്ചപ്പോള്‍ ഭാരതത്തില്‍ മാത്രമാണ് വര്‍ദ്ധിക്കാത്തത്. ഇപ്പോള്‍ 100 ദിവസം ഉപയോഗിക്കാനുള്ള ഇന്ധനം കരുതലുള്ള രാഷ്ട്രം ഭാരതം മാത്രമാണ്. കേരളം മാറി മാറി ഭരിച്ച രണ്ട് മുന്നണികള്‍ പാഴായി പോകുന്ന വാഗ്ദാനങ്ങള്‍ നല്‍കിയതെല്ലാതെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായിട്ടില്ല. ഉദുമ മണ്ഡലത്തില്‍ മലയോരമേഖലയില്‍ വന്യജീവി ആക്രമണമെങ്കില്‍ തീരദേശ മേഖലയില്‍ കടലാക്രമണ ഭീഷണിയും കുടിവെള്ള പ്രശ്നവും രൂക്ഷമാണ്. കേന്ദ്രം നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തിലും നടപ്പിലാക്കണമെങ്കില്‍ എന്‍ഡിഎ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജന.സെകട്ടറി മനുലാല്‍ മേലത്ത് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, സെക്രട്ടറിമാരായ മഹേഷ് ഗോപാല്‍, കെ.ടി.പുരുഷോത്തമന്‍, മണ്ഡലം ജന.സെകട്ടറിമാരായ പ്രദീപ്.എം.കൂട്ടക്കനി, എ.എം.മുരളീധരന്‍, ശശി അമ്മംഗോഡ്, ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മുളിയാര്‍ മണ്ഡലം പ്രസിഡന്റ് ദീലീപ് പള്ളഞ്ചി സ്വാഗതവും ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനി മോള്‍ നന്ദിയും പറഞ്ഞു.