പാലക്കുന്ന് : തുളുനാട്ടിലെ സവിശേഷ അനുഷ്ഠാനമായ ‘പൊലിയന്ദ്ര വിളി’ക്ക് തുടക്കമായി. തുലാമാസത്തിലെ അമാവാസി നാള്‍ (കറുത്ത വാവ്) മുതല്‍ മൂന്ന് ദിവസങ്ങളിലായി ചില സ്ഥലങ്ങളില്‍ ഉത്സവമായി ഇതാഘോഷിക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ ഒരു അനുഷ്ഠാന ചടങ്ങില്‍ ഒതുക്കി ലളിതമായി ആചരിച്ചു വരികയാണ്.
പാലമരത്തില്‍ നിന്ന് 3 ശിഖരങ്ങളുള്ള കൊമ്പ് വെട്ടിയെടുത്ത് പടിഞ്ഞാറ്റയ്ക്ക് മുന്നിലും കിണറിനോട് ചേര്‍ന്നും തൊഴുത്തിലും സ്ഥാപിച്ച് പൂക്കള്‍ കൊണ്ട് അലങ്കരിക്കും. ചിരട്ട തുണ്ടുകളിലോ മണ്‍ ചിരാതുകളിലൊ ദീപം തെളിയിച്ച ശേഷം സന്ധ്യാ നേരത്ത് അതിന് വട്ടം ചേര്‍ന്ന് കുട്ടികളോടൊപ്പം അരിയിട്ട് ‘പൊലിയന്ദ്രാ, പൊലിയന്ദ്രാ ഹരിയോ ഹരി’ എന്ന് മൂന്ന് വട്ടം പ്രത്യേക ഈണത്തില്‍ ഉറക്കെ സ്തുതി പാടുന്ന ലളിതമായ ചടങ്ങാണിത്. മൂന്നാം ദിവസം ‘മേപ്പട്ട് കാലത്ത് നേരത്തേ വാ’ എന്ന് കൂടി ചേര്‍ത്ത് പാടുന്നതോടെ ചടങ്ങ് അവസാനിക്കും. ജില്ലയില്‍ മുഖ്യമായി പൊടവടുക്കം, കീഴൂര്‍, പാലക്കുന്ന്, തൃക്കരിപ്പൂരും കര്‍ണാടകയില്‍ കുന്താപുരം വരെയും ചില ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും വീടുകളിലുമാണ് ഐശ്വര്യത്തിന്റെ പ്രതീകമായി ദീപം തെളിയിച്ച് പൊലിയന്ദ്രം വിളിക്കുന്നത്. മഹാബലിയെ അരിയിട്ട് വണങ്ങി എതിരേല്‍ക്കാനാണിതെന്ന് വിശ്വാസം.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും പൊലിയന്ദ്രം വിളി ചൊവ്വാഴ്ച തുടങ്ങി.
മഹാബലി പ്രജകളെ കാണാന്‍ എത്തുന്നുവെന്നാണ് ഇതിന് പിന്നിലെ വടക്കരുടെ ഐതീഹ്യം .ജില്ലയില്‍ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണാടകയില്‍ കുന്താപുരം വരെ മാത്രമുള്ള അനുഷ്ഠാനമാണ് പൊലിയന്ദ്രം വിളി.കര്‍ണാടകയില്‍ ബലിയന്ദ്രമെന്നാണ് ഇത് അറിയപ്പെടുന്നത്.