വിദ്യാഭ്യാസം, തൊഴില്‍, സ്ത്രീ സുരക്ഷ; വികസനം ചര്‍ച്ച ചെയ്ത് പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

പിലിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍, പ്രാദേശിക വികസന കാഴ്ചപ്പാടുകളും ആവശ്യങ്ങളും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ക്രിയാത്മകമായ നിരവധി നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നു വന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. പൊതു വിദ്യാലയങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ശക്തമായ പിന്തുണ ഉറപ്പുവരുത്തുക, വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്.

കുട്ടികളുടെ മാനസികാരോഗ്യ പരിചരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ പരിചരണത്തിന് പിന്തുണ നല്‍കുക, കൗണ്‍സിലിംഗ്, മാനസികാരോഗ്യം എന്നിവ വിലയിരുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ജനങ്ങള്‍ ഉന്നയിച്ചു.

സ്ത്രീപക്ഷ നവകേരളം എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി, അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ ഉടന്‍ ആരംഭിക്കുകയും അവര്‍ക്ക് ആവശ്യമായ തൊഴില്‍ ഉറപ്പാക്കുകയും ചെയ്യണം എന്നതായിരുന്നു മറ്റൊരു അഭിപ്രായം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രത്യേക പരിപാടികളും, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സെല്‍ഫ് ഡിഫന്‍സ് അടക്കമുള്ള ക്ലാസുകളും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു.

മാലിന്യനിര്‍മ്മാര്‍ജ്ജനം സുസ്ഥിര വികസനം എന്നിവ സംബന്ധിച്ചും നിര്‍ണ്ണായകമായ അഭിപ്രായങ്ങള്‍ വന്നു. പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുക, വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചുള്ള മാലിന്യനീക്കങ്ങള്‍ കാര്യക്ഷമമാക്കുക എന്നിവയാണ് നിര്‍ദ്ദേശം. കൂടാതെ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജനങ്ങളുടെ ജീവിതഗുണം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ചു.വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ ഓപ്പണ്‍ ഫോറം നിര്‍ണ്ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *