സംസ്ഥാനത്തെ കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ഉടനീളം 376 -ഓളം കളിക്കളങ്ങള്‍ കുറഞ്ഞകാലയളവില്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പടുത്തി നിര്‍മ്മിച്ച ചീമേനിയിലെ കളിക്കളം പന്ത് തട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗ്രൗണ്ടിന്റെ നിര്‍മ്മാണത്തില്‍ 50 ലക്ഷം രൂപ എം.എല്‍.എ ഫണ്ടിലൂടെയും ബാക്കിയുള്ള 50 ലക്ഷം രൂപ കായിക വകുപ്പിലൂടെയുമാണ് ലഭ്യമാക്കിയത്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ 150 കളിക്കളങ്ങള്‍ കൂടി നിര്‍മ്മിച്ചാല്‍ ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യം കേരളം നേടിയെടുക്കാനുകുമെന്നും മന്ത്രി പറഞ്ഞു. ഒരു സിന്തറ്റിക്ക് ട്രാക്ക് മാത്രം ഉണ്ടായിടത്ത് 22 ഓളം സിന്തറ്റിക് ട്രാക്കുകളാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം 800 കോടിയോളം രൂപയുടെ പദ്ധതികള്‍ വിവിധ ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് തന്നെ എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലാ സ്റ്റേഡിയം തൃക്കരിപ്പൂരില്‍ 30 കോടി രൂപ ചെലവില്‍ നിര്‍മ്മാണത്തിലാണെന്നും കബഡി, ഫുട്ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍ തുടങ്ങിയ വിവിധ കായിക ഇനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ കായികക്ഷമതയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്നും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കായിക രംഗത്ത് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ഒറ്റപ്പാലത്ത് 15 കോടി രൂപ ചെലവില്‍ പ്രത്യേക സ്റ്റേഡിയം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കേരള എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം. മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാര്‍, ജില്ലാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ശകുന്തള, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുകുമാരന്‍, വാര്‍ഡ് അംഗങ്ങളായ എം. ശ്രീജ, കെ. ടി. ലത, പി. ടി. എ. പ്രസിഡന്റ് എം. ഗംഗാധരന്‍, എസ്.എം.സി. ചെയര്‍മാന്‍ എം. വി. ജയചന്ദ്രന്‍, എം.പി.ടി.എ. പ്രസിഡന്റ് ടി. എന്‍. ജയമോള്‍, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ (കോഴിക്കോട് മേഖല) ടി. അനീഷ്, എസ്.ഡി.സി. ചെയര്‍മാന്‍ എം. വി. മുരളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കെ. നളിനാക്ഷന്‍, കരിമ്പില്‍ കൃഷ്ണന്‍ , വി. വിജയരാജ്, മുഹമ്മദ് കൂളിയാട്, കുരിയാക്കോസ് പ്ലാപ്പറമ്പില്‍, കരീം ചന്ദേര, എം. ഹമീദ് ഹാജി, സുരേഷ് പുതിയടത്ത്, മോഹനന്‍ കാനായി, പി. രാജീവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി. കെ. അബ്ദുള്‍ ഖാദര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ നസീഹത്തുല്‍ ഫിര്‍ദൗസിയ എന്നിവര്‍ സംസാരിച്ചു. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. സുനില്‍ കുമാര്‍ സ്വാഗതവും കെ വിനോദ് നന്ദിയും പറഞ്ഞു.