അറുപത് വര്‍ഷത്തിനിപ്പുറം മഞ്ചേശ്വരത്തിന്റെ ആരോഗ്യ മേഖല കണ്ട ഏറ്റവും വലിയ നിര്‍മിതികള്‍ക്കാണ് മഞ്ചേശ്വരത്തിലെ ജനത സാക്ഷ്യം വഹിക്കുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണജോര്‍ജ് പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി നിര്‍മ്മിക്കുന്ന രണ്ട് കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
36 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ഉണ്ടായിരുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പദ്ധതിക്ക് ചെലവ് വന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതവും ദേശീയ ആരോഗ്യ ദൗത്യം ആര്‍ദ്രം പദ്ധതിയും സംയുക്തമായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ആയിരുന്നു നിര്‍മ്മാണ ചുമതല. ആര്‍ദ്രം നിലവാരത്തില്‍ നിലവിലുള്ള കെട്ടിടത്തില്‍ കാത്തിരിപ്പ് മുറികള്‍, രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, രോഗീസൗഹൃദ ശുചിമുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശുചിമുറികള്‍, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി റാംപ് നിര്‍മ്മാണം, പ്രീ-ചെക്കപ്പ്, കൗണ്‍സിലിംഗ് സംവിധാനം, രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശോധന മുറികള്‍, ഇന്‍ജക്ഷന്റൂം, ഡ്രസ്സിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, ഇമ്മ്യൂണൈസേഷന്‍ മുറി, കാത്തിരിപ്പു മുറികള്‍ തുടങ്ങിയവ നിര്‍മ്മിച്ചിട്ടുണ്ട്.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി നിര്‍മ്മിക്കുന്ന രണ്ട് പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിനു പുതിയകെട്ടിട നിര്‍മ്മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം, കാസര്‍കോട് വികസന പാക്കേജ് പ്ലാന്‍ ഫണ്ട് എന്നിവയിലൂടെ 8.58 രണ്ടു കോടിരൂപയുടെ അനുമതി ലഭിച്ചു. ദേശീയ ആരോഗ്യ ദൗത്യം നാല് കോടി 74 ലക്ഷം രൂപയുടെയും കാസര്‍കോട് വികസന പാക്കേജിലൂടെ മൂന്നു കോടി 84 ലക്ഷം രൂപയുടെയും പ്രവര്‍ത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. ഈ രണ്ടുപ്രവൃത്തികളും ഒരേസമയം പൂര്‍ത്തിയാവുന്ന രീതിയിലും ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന 26300 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഒറ്റ കെട്ടിടമായിട്ടാണ് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
ആറ് ഓപി റൂമുകള്‍, രജിസ്ട്രേഷന്‍ കൗണ്ടര്‍,വെയ്റ്റിംഗ് ഏരിയ, പ്രീചെക് റും, നഴ്സിംഗ് സ്റ്റേഷന്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ ഫീഡിങ് റൂം,ഓഫീസ്, ഡെന്റല്‍ ഒപി,കോണ്‍ഫറന്‍സ് ഹാള്‍,ഫര്‍മസി, ലബോറട്ടറി,ഫര്‍മസി ലബോറട്ടറി എന്നിവക്കുള്ള വെയ്റ്റിംഗ് ഏരിയ, ഫിസിയോതെറാപ്പി, ഇമ്മ്യൂണൈസേഷന്‍, പബ്ലിക് ഹെല്‍ത്ത് ടീം റൂം 30 ഓളം ബെഡുള്ള വാര്‍ഡുകള്‍, മൂന്ന് ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭാവിയില്‍ ഡയാലിസിസ് സൗകര്യമുള്‍ക്കൊളിക്കാവുന്ന വിധത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആതുര സേവനരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ മഞ്ചേശ്വരത്തെ ജനകിയ ഡോക്ടറും കലാകാരനും എഴുത്തുക്കാരനുമായ കെ. രാമാനന്ദ ബാനാരിയെ ചടങ്ങില്‍ ആദരിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലാവിനാ മാന്താരോ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ്, ജില്ല പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ അബ്ദുല്‍ ഹമീദ്, സരോജ ആര്‍ ബല്ലാല്‍, സുപ്രിയ ഷേണായി, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ജഗദീഷ്, ദേശീയ ആരോഗ്യ ദൗത്യം എന്‍ജിനീയര്‍ നിതിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷഫാ ഫറോക്ക്, മൊയ്തീന്‍ കുഞ്ഞ്, എം.എല്‍ അശ്വിനി, അനില്‍കുമാര്‍, എം.ചന്ദ്രാവതി, ഫാത്തിമത്ത് സുഹറ, കെ.അശോക, കെ.വി രാധാകൃഷ്ണ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ സ്വാഗതവും മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പ്രഭാകര റായ് നന്ദിയും പറഞ്ഞു.