സ്‌കൂളിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സിലബസ് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്പോര്‍ട്സ് സ്‌കൂളുകള്‍ക്കായി പ്രത്യേക സിലബസ് നടപ്പിലാക്കാനുള്ള പദ്ധതിയും സംസ്ഥാനത്തിന് ഉണ്ട്. ഇത് നടപ്പാക്കിയാല്‍ അത്തരമൊരു പ്രത്യേക സിലബസ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളമെന്നും കായികമന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കൂളിയാട് ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി കില പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.28 കോടി ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. യു.പി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂളായി ഉയര്‍ത്തിയതിന് ശേഷം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവപ്പെട്ട സ്‌കൂളിന് പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും ഇടപെടലിലൂടെ പരിഹാരം കാണാനായെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാക്കിയതായും ആദ്യ ഘട്ടത്തില്‍ 50,000 ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടികളിലും വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ മുന്നേറുകയാണെന്നും, കൂളിയാട് ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കായി എ.ഐ പരിശീലനം നല്‍കിയത് സംസ്ഥാനത്തെ ആദ്യഘട്ടമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നീതിആയോഗ് സര്‍വേയനുസരിച്ച് കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിറുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 5,35,000 വീടുകള്‍ക്ക് അനുമതി നല്‍കിയതില്‍ 4,80,000 വീടുകള്‍ പൂര്‍ത്തിയായെന്നും ബാക്കി വീടുകള്‍ നിര്‍മ്മാണത്തിലാണെന്നും, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 1,35,000 വീടുകള്‍ കൂടി നല്‍കാനാവുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളുടെയും അടിസ്ഥാന വികസനം ലക്ഷ്യമിട്ടിട്ടുണ്ടെന്നും, സ്വകാര്യ സ്‌കൂളുകള്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മാറിപ്പോയെങ്കിലും സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളിലൂടെ 6 ലക്ഷം വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായും മന്ത്രി പറഞ്ഞു.
രാജ്യത്തെ മുന്‍നിരയിലെ 100 കോളേജുകളില്‍ 17 എണ്ണവും 10 സര്‍വകലാശാലകളില്‍ മൂന്നെണ്ണവും കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.സ്‌കൂള്‍തല കായിക പരിപാടികളില്‍ 2036-ലെ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള ലക്ഷ്യത്തോടെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും, പട്ടിയാലയില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഇതിനായി ഉപയോഗിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സ്‌കൂളിന്റെ കളിസ്ഥലം നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിക്കുന്നതായി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാര്‍, ജില്ലാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ബി. ഷീബ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ പി. സുജയ, ശശികല, ജില്ലാ കോര്‍ഡിനേറ്റര്‍ വിദ്യാകിരണം കെ. പ്രകാശന്‍, പി.ടി.എ. പ്രസിഡന്റ് എം. ബാലകൃഷ്ണന്‍, എസ്.എം.സി. ചെയര്‍മാന്‍ കെ. കരുണാകരന്‍, എം.പി.ടി.എ. പ്രസിഡന്റ് ബി. സന്ധ്യ, സീനിയര്‍ അസിസ്റ്റന്റ് ടി. മനോജ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജനാര്‍ദനന്‍, രാഷ്ട്രീയ നേതാക്കളായ കെ. ബാലകൃഷ്ണന്‍, കരിമ്പില്‍ കൃഷ്ണന്‍, മുഹമ്മദ് കൂളിയാട്, വി. വി. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ മുഖ്യ പങ്കുവഹിച്ച പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍ എ.എസ്. ജോസിനും സ്‌കൂള്‍ കളിസ്ഥലത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി ഭൂമി സൗജന്യമായി നല്‍കിയ എന്‍. എം. അബ്ദുള്‍ റൗഫ് ഹാജിക്കും ഉപഹാരം നല്‍കി ആദരിച്ചു. കൂളിയാട് ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. കെ. ഷൗക്കത്തലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സുധീര്‍ നന്ദിയും പറഞ്ഞു.