മൃഗസംരക്ഷണ രംഗത്ത് മാറ്റത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് കാസര്‍കോട്

ബേഡകം ആട് ഫാം 30ന് മന്ത്രി ജെ.ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കല്ലളിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാം ഒക്ടോബര്‍ 30ന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നാടിന് സമര്‍പ്പിക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന് കീഴിലെ കല്ലളിയിലാണ് 22.75 ഏക്കറില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആട് ഫാം പ്രവര്‍ത്തനസജ്ജമാകുന്നത്. കേരളത്തിന്റെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന, രോഗപ്രതിരോധത്തിനും കുറഞ്ഞ പരിപാലനത്തിനും പേരുകേട്ട തദ്ദേശീയ മലബാറി ആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള മൃഗസംരക്ഷണ വകുപ്പിന്റെയും കാസര്‍കോട്ടെ ജനതയുടെയും പത്തുവര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണു ഹൈടെക് ആട് ഫാമിന്റെ ഉദ്ഘാടനത്തോടെ വിരാമം ആകുന്നത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഫാമിന് വേണ്ടിയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. 2016-17 കാലയളവില്‍ റവന്യൂ വകുപ്പിന് കീഴിലുള്ള 22.75 ഏക്കര്‍ സ്ഥലം ലഭിച്ച് അതില്‍ ചുറ്റുമതില്‍, ഓഫീസ് കെട്ടിട നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയെങ്കിലും വിവിധ പദ്ധതികള്‍ മുഖേന ലഭിക്കേണ്ടിയിരുന്ന കേന്ദ്രവിഹിതം ലഭിക്കാതിരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. നിലവില്‍ മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് വികസന പാക്കേജും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് ബ്ലോക്കുകളിലായി ആയിരം ആടുകളെ സംരക്ഷിക്കാന്‍ പറ്റുന്ന ഹൈടെക് ആട് ഫാമിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 200 ആടുകള്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് ആണ് കാസര്‍കോട് വികസന പാക്കേജിന്റെ സഹായത്തോടുകൂടി പൂര്‍ത്തീകരിച്ചിരിക്കുന്നത്.10 അടി ഉയരമുള്ള ഷെഡില്‍ 190 പെണ്ണാടുകളെയും 10 മുട്ടനാടുകളെയും പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു.

2025-26 വര്‍ഷത്തില്‍ അടുത്ത ഷെഡ്ഡിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളിലായി ഹൈടെക് ആട് ഫാം പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫാമിനോടനുബന്ധിച്ച് ഏഴേക്കറില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രകാരം ആടുകളുടെ തീറ്റിക്കു വേണ്ടിയുള്ള ആയിരത്തോളം പ്ലാവിന്‍ തൈകളും വിവിധയിനം തീറ്റപ്പുല്ലുകളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. കൃഷികള്‍ക്ക് ആവശ്യമായ ജലസേചനത്തിനായി മൃഗസംരക്ഷണ വകുപ്പ് 90000 രൂപയുടെ ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *