സമഗ്ര കന്നുകാലി ആരോഗ്യ സര്‍വ്വേ മുതല്‍ പണ്‍കിടാക്കള്‍ മാത്രം പിറക്കുന്ന ബീജ മാത്രകള്‍ വരെ
പ്രദേശത്തെ പശുക്കളുടെ ആരോഗ്യ സൂചകങ്ങളുടെ സമഗ്ര വിലയിരുത്തല്‍, ഉയര്‍ന്ന ജനിതകമൂല്യമുള്ള ബീജമാത്രകള്‍ പശുക്കളുടെ കൃത്രിമ ബീജാധാനത്തിനായി ലഭ്യമാക്കല്‍, തീറ്റപ്പുല്ലിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലാഴി പദ്ധതി.
സെമന്‍ സ്ട്രോയില്‍ സൂക്ഷിക്കുന്ന ബീജത്തിന്റെ ഒരു ഡോസ് ആണ് ബീജമാത്ര. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കന്നുകാലികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖ തയ്യാറാക്കുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി കന്നുകാലികളുടെ പാല്‍, രക്തം, ചാണകം തുടങ്ങിയവ ശേഖരിച്ച് നടത്തുന്ന സമഗ്ര ആരോഗ്യസര്‍വേക്ക് തിങ്കളാഴ്ച തുടക്കമാവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വ്വേയില്‍ മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബ്ലോക്കിലെ 41 ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് സാംപിളുകള്‍ ശേഖരിക്കും. ഈ സാംപിളുകളുടെ പരിശോധനയ്ക്കായി പരപ്പയില്‍ താല്‍ക്കാലിക ലബോറട്ടറി സംവിധാനവും ഒരുക്കുന്നുണ്ട്. സാംപിളുകള്‍ക്കൊപ്പം കര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക വിവരങ്ങളും സമാഹരിക്കും. പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തഘട്ടത്തില്‍ വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ കന്നുകാലികളുടെ ധാതുലവണമിശ്രിതം വികസിപ്പിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം വര്‍ദ്ധിപ്പിക്കാനും ഉരുക്കളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായകരമാകും.
കൃത്രിമ ബീജാധാനം നടത്തി ഗര്‍ഭിണിയായ പശുക്കള്‍ക്ക് പിറക്കുന്നത് പെണ്‍കിടാക്കള്‍ തന്നെയാണെന്ന് ഉറപ്പാക്കുന്ന ലിംഗനിര്‍ണയം നടത്തിയ ബീജമാത്ര (സെക്‌സ് സോര്‍ട്ടഡ് സെമന്‍) പാലാഴി പദ്ധതിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കും. ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും കേരള ലൈവ് സ്റ്റോക്ക് ഡെവല്‌മെന്റ് ബോര്‍ഡില്‍ നിന്നും 1700 ഡോസ് ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകള്‍ വീതം ലഭ്യമാക്കും. ഇതിനുമാത്രമായി 10.5 ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ മാറ്റിവെച്ചിട്ടുള്ളത്. ലിംഗനിര്‍ണയ നടത്തിയ ബീജമാത്രകളുടെ കാര്യക്ഷമമായ വിതരണവും ഉപയോഗവും ഉറപ്പുവരുത്തുന്നതിനായുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ മൃഗാശുപത്രികളും വെറ്ററിനറി ഉപകേന്ദ്രങ്ങളും കേന്ദീകരിച്ച് സജ്ജമാക്കും. ക്ഷീരകര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പരിശീലനങ്ങളും പദ്ധതി കാലയളവില്‍ ബ്ലോക്കില്‍ നടപ്പിലാക്കും.
ക്ഷീരകര്‍ഷകരുടെ പുരയിടത്തില്‍ തന്നെ തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോ ലെവല്‍ ഫോഡര്‍പ്ലാനും, ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ച് ഫോഡര്‍ ബാങ്കുകള്‍ രൂപീകരിക്കുന്നതിനായി മാക്രോ ലൈവല്‍ ഫോഡര്‍ പ്ലാനും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. ഒരു വര്‍ഷം നീളുന്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പരപ്പ ബ്ലോക്കിലെ ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവും ആദായകരവുമായ രീതിയില്‍ മെച്ചപ്പെടുത്താനും ക്ഷീരോത്പാദന മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും കഴിയും.