മികച്ച രോഗ പ്രതിരോധശേഷിയും, കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതും, ചെറിയ ചിലവില്‍ വളര്‍ത്താവുന്നതുമായ കാസര്‍കോടിന്റെ തനത് സമ്പത്തായ നാടന്‍ പശുക്കളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരികയാണ്. അവയെ സര്‍ക്കാര്‍ പദ്ധതിയിലൂടെ സംരക്ഷിച്ചില്ലെങ്കില്‍ അന്യം നിന്നു പോകാനുള്ള സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ ഭാഗമായി, 2015 സെപ്റ്റംബര്‍ ബദിയഡുക്കയിലെ ബേളയില്‍ 29-ന് ഫാമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ഫാമില്‍ വളര്‍ത്താവുന്ന ആകെ കന്നുകാലികളുടെ എണ്ണം 108 ആണ്. കേരള കന്നുകാലി വികസന ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന കാസര്‍കോട് നാടന്‍ കാളകളുടെ ബീജമാത്ര ഉപയോഗിച്ചാണ് ഫാമിലെ പശുക്കളില്‍ കൃത്രിമ ബീജധാനം നടത്തുന്നത്. കൃത്രിമ ബീജധാനം വഴി ഫാമില്‍ ധാരാളം കന്നുകുട്ടികള്‍ പിറവിയെടുക്കുകയും 2020 ല്‍ ഫാമിലെ ആകെ കന്നുകാലി സമ്പത്ത് 200 ല്‍ എത്തുകയും ചെയ്തു. ഫാമില്‍ നിന്നും മൂരിക്കിടാവുകളെയും, പശുക്കളെയും ഉള്‍പ്പെടെ ആകെ 150 കന്നുകാലികളെ ആവശ്യക്കാര്‍ക്ക് വളര്‍ത്തുന്നതിനായി നല്‍കിയിട്ടുണ്ട്. നിലവില്‍ ഫാമില്‍ ആകെ 148 കന്നുകാലികളാ ആണുള്ളത്. ഇതില്‍ 72 പശുക്കളും, 14 കിടാരികളും, 4 മൂരികളും, 58 കന്നുകുട്ടികളും ഉള്‍പ്പെടുന്നു.
ബദിയടുക്ക പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫാമിലെ 3.5 ഏക്കര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്തിട്ടുണ്ട്. ഫാമില്‍ നിലവിലുള്ള 66 അക്കേഷ്യ മരങ്ങള്‍ മുറിച്ചു മാറ്റി ആ സ്ഥലത്തും തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫാമിലെ കന്നുകാലികള്‍ക്ക് ആവശ്യമായ മുഴുവന്‍ പുല്ലും ഫാമില്‍ തന്നെ ഉത്പാദിപ്പിക്കുവാന്‍ കഴിയും.
കാസര്‍കോട് കുള്ളന്‍ പശുക്കളുടെ സര്‍ക്കാര്‍ തലത്തിലുള്ള ഏക സംരക്ഷണ കേന്ദ്രം എന്ന നിലയില്‍ കേരള വെറ്ററിനറി സയന്‍സ് യൂണിവേഴ്സിറ്റിയിലെയും, ഡയറി സയന്‍സ് കോളേജിലേയും, കേന്ദ്ര സര്‍വ്വകലാശാലയിലെയും ധാരാളം വിദ്യാര്‍ത്ഥികള്‍ ഗവേഷണ സംബന്ധമായ പഠനങ്ങള്‍ക്ക് ഫാമില്‍ എത്താറുണ്ട്.
കാസര്‍കോട് നാടന്‍ പശുക്കളെ ഒരു ജനുസ്സ് ആയി അംഗീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കേരള കന്നുകാലി വികസന ബോര്‍ഡുമായി ചേര്‍ന്ന് നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ നാടന്‍ പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുടെ ഭവനങ്ങളില്‍, തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയ 30 പശു സഖികളെ ഉപയോഗിച്ചായിരുന്നു വിവര ശേഖരണം നടത്തിയത്. പാല്‍, ചാണകം, കന്നുകുട്ടികള്‍, പശു, കാള എന്നിവയുടെ വിപണം കൂടാതെ ഫാമിലെ മരങ്ങളും കൂടി വിറ്റ വകയില്‍ കഴിഞ്ഞ സാമ്പത്തക വര്‍ഷം ലഭിച്ചത് 16,83,572 രൂപ യാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ മനോജ് കുമാര്‍ പറഞ്ഞു.