വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി, വികസനത്തിന്റെ സമഗ്രമായ മാതൃക സൃഷ്ടിക്കുകയാണ് പനത്തടി ഗ്രാമപഞ്ചായത്ത്. 2020 മുതല്‍ 2025 വരെയുള്ള അഞ്ചുവര്‍ഷക്കാലം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, സാമൂഹിക സുരക്ഷ, കാര്‍ഷിക മേഖല എന്നിവയില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ചത് ചരിത്ര നേട്ടങ്ങളാണ്. ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കാനും, സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ ‘അതിദാരിദ്ര്യമുക്ത’ പദവിയിലേക്ക് ഉയരാനും പഞ്ചയത്തിനു കഴിഞ്ഞു.
കാര്‍ഷിക മേഖലയില്‍ ‘കേരഗ്രാമം’ മാതൃക; അഞ്ചുവര്‍ഷം ചെലവഴിച്ചത് 1.53 കോടി രൂപ
ഒരു സമ്പൂര്‍ണ്ണ കാര്‍ഷിക മേഖലയായ പനത്തടി ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. ആകെ പദ്ധതി തുകയുടെ 40 ശതമാനത്തില്‍ കുറയാത്ത തുകയാണ് ഓരോ സാമ്പത്തിക വര്‍ഷവും കാര്‍ഷിക മേഖലയ്ക്കായി പഞ്ചായത്ത് നീക്കിവെച്ചത്.വിഷരഹിതമായ പച്ചക്കറികള്‍ സ്വന്തം വീട്ടുപറമ്പില്‍ കൃഷി ചെയ്യുന്നതിനുവേണ്ടി എല്ലാ കുടുംബങ്ങള്‍ക്കും വിത്ത്, വിവിധയിനം പച്ചക്കറി തൈകള്‍ തുടങ്ങിയവ എത്തിച്ചു നല്‍കിക്കൊണ്ട് ഈ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. നേന്ത്രവാഴ കൃഷിയില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും ഗുണമേന്മയുള്ള വാഴക്കന്നുകള്‍ ആവശ്യാനുസരണം എത്തിച്ച് നല്‍കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു.
കൃഷിവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ കേരഗ്രാമം’ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. കേരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതി സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയത് പനത്തടി പഞ്ചായത്താണ്. കേരഗ്രാമം പദ്ധതിയിലൂടെ മാത്രം 26 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. കാര്‍ഷിക മേഖലയില്‍ മാത്രം 1.53 കോടി രൂപ ചെലവഴിച്ക്കാന്‍ കഴിഞ്ഞു.
ക്ഷീരമേഖലക്ക് പുത്തനുണര്‍വ്
പനത്തടി ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഉല്‍പ്പാദന മേഖലയില്‍ കൃഷി കഴിഞ്ഞാല്‍ ഏറ്റവും സുപ്രധാനമായത് മൃഗസംരക്ഷണവും ക്ഷീരവികസനവുമാണ്. പാല്‍ ഉല്‍പ്പാദനത്തിന്റെ ചെലവ് കൂടുന്നതും, കന്നുകാലികള്‍ക്ക് അടിക്കടിയുണ്ടാകുന്ന രോഗങ്ങളും ഈ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി നിരവധി പദ്ധതികളാണ് പഞ്ചായത്ത് ഈ കാലയളവില്‍ ഫലപ്രദമായി നടപ്പിലാക്കിയത്.
ക്ഷീരവികസന മേഖലയില്‍ സബ്‌സിഡി ഇനത്തില്‍ മാത്രം അഞ്ച് വര്‍ഷത്തിനിടെ ആകെ 2.47 കോടിയാണ് പഞ്ചായത്ത് വിതരണം ചെയ്തത്. കന്നുകാലികള്‍ക്ക് പകര്‍ച്ചവ്യാധി തടയുന്നതിന് കൃത്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നതില്‍ പഞ്ചായത്ത് ജാഗ്രത പുലര്‍ത്തി. കൂടാതെ, വര്‍ഷം മുഴുവന്‍ മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകാത്ത രീതിയില്‍ വിതരണം ചെയ്യുന്നതിനായി ആവശ്യമായ ഫണ്ട് വകയിരുത്തി.പാലിന് സബ്‌സിഡി നല്‍കുന്നതിനും, കാലിത്തീറ്റ, മിനറല്‍ മിക്ചര്‍ എന്നിവ വിതരണം ചെയ്യുന്നതിനുമുള്ള പ്രോജക്റ്റുകളില്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും സബ്‌സിഡി കൊടുക്കാനാവശ്യമായ തുക ഈ മേഖലയില്‍ മാറ്റിവെച്ചു. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കര്‍ഷകന് 30,000 രൂപ വരെ സബ്‌സിഡി നല്‍കുന്ന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
കൂടാതെ, ആടുവളര്‍ത്തല്‍ പദ്ധതി, മുട്ട ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കോഴിവളര്‍ത്തല്‍ എന്നീ പദ്ധതികളും നടപ്പിലാക്കി. ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പുമായി ചേര്‍ന്ന് ക്ഷീര ഗ്രാമം പദ്ധതിയും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ഈ പദ്ധതികളിലൂടെ പഞ്ചായത്തിലെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് വലിയൊരളവില്‍ ആശ്വാസം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
ലൈഫ് നല്‍കി ലൈഫ് ഭവന പദ്ധതി
കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ വഴി ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കിയ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായി പനത്തടി. ഭവനരഹിതരായ എല്ലാ അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള വലിയ പരിശ്രമം നടത്തിയതിന്റെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ആകെ 681 വീടുകളാണ് പഞ്ചായത്ത് നല്‍കിയത്. ഇതില്‍ ഒന്നാംഘട്ടത്തില്‍ 46 വീടുകളും, രണ്ടാം ഘട്ടത്തില്‍ 101 വീടുകളും, മൂന്നാം ഘട്ടത്തില്‍ എസ്.ടി. വിഭാഗത്തിന് മാത്രമായി 79 വീടുകള്‍ ഉള്‍പ്പെടെ 472 വീടുകളുമാണ് നല്‍കിയത്.
പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കി പനത്തടി എം.സി.ആര്‍.സി
‘ഭിന്നശേഷി ഒരു തടസ്സമല്ല, അത് പുതിയ സാധ്യതകളുടെ കവാടമാണ്’ എന്നു തെളിയിക്കുകയാണ് പനത്തടിയിലെ പ്രവര്‍ത്തിക്കുന്നത്.പനത്തടി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട് മാതൃകാ ശിശു പുനരധിവാസ കേന്ദ്രമായ (MCRC) പനത്തടി പ്രതീക്ഷയുടെ പുതുവെളിച്ചമായി മാറുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.സി.ആര്‍.സി.യുടെ പ്രവര്‍ത്തനം ഈ ഭരണസമിതി കാലയളവില്‍ പൂര്‍ണ്ണതോതിലാരംഭിക്കാന്‍ സാധിച്ചു എന്നത് പഞ്ചായത്തിന് അഭിമാനകരമാണ്. എം.സി.ആര്‍.സി.യുടെ അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് അടക്കമുള്ള അനുബന്ധ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി 72 ലക്ഷം രൂപയാണ് ഭരണസമിതി ചെലവഴിച്ചത്.
സ്പെഷ്യല്‍ എഡ്യൂക്കേഷന്‍, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി മുതലായ മികച്ച സേവനങ്ങള്‍ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ഇവിടെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ, ഭിന്നശേഷി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തൊഴിലും വരുമാനവും കണ്ടെത്തുന്നതിനായി ഒരു കുടനിര്‍മ്മാണ യൂണിറ്റും എം.സി.ആര്‍.സിയില്‍ പ്രവര്‍ത്തിക്കുന്നു
പത്തുകുടിയിലെ കുടുംബങ്ങള്‍ പുതുജീവിതത്തിലേക്ക്
പനത്തടി ഗ്രാമപഞ്ചായത്തിലെ കമ്മാടി പ്രദേ ശത്തെ പത്തുകൂടി നിവാസികളുടെ ഉള്ളിലെ കനല്‍ ഇല്ലാതാക്കി വസന്തം വിരിയിച്ചിരിക്കുകയാണ് പഞ്ചായത്ത്.ഓരോ മഴക്കാലവും പത്തുകുടിക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ ങ്കയോടെയാണ് കടന്നുപോയിരുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കമ്മാടി പ്രദേശത്ത് നിന്നും 10 കുടുംബങ്ങളെ കാലവര്‍ഷം കനത്തുതുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് എല്ലാ വര്‍ഷവും മാറ്റിതാമസിപ്പിക്കുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഈ കുടുംബങ്ങ ളുടെ പുനരധിവാസത്തിനായി ബട്ടോളി പ്രദേശത്ത് റവന്യൂ ഭൂമി കണ്ടെത്തുകയും അന്നത്തെ ജില്ലാ കളക്ടറായിരുന്ന രണ്‍വീര്‍ചന്ദ് സ്വാഗത് ഭണ്ഡാരിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കും വീട്വെക്കുന്നതിനായുമുള്ള ഫണ്ട് കണ്ടെത്തുന്നതിനും കാര്യക്ഷമമായി ഇടപെടുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തീകരിച്ചുകൊണ്ട് ഈ പത്തു കുടുംബങ്ങള്‍ക്കും പട്ടയം കൈമാറി. തുടര്‍ന്ന് ഇവര്‍ക്ക് വീട് ലഭ്യമാക്കുന്നതിനുള്ള തുകയ്ക്കു വേണ്ടി ജില്ലാ ട്രൈബല്‍ ഓഫീസര്‍ മുഖാന്തിരം സംസ്ഥാന പട്ടിക വര്‍ഗ്ഗവകുപ്പിന് അപേക്ഷ നല്‍കുകയും ഓരോ കൂടും ബത്തിനും ആറ് ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തു. സമയബന്ധിതമായി 10 വീടുകളുടെയും പണി പൂര്‍ത്തികരിച്ചു ജൂണ്‍ 21ന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമന്ത്രി ഒ.ആര്‍കേളു വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പ്രസ്തുത കേന്ദ്രത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം മുടക്കി കുടിവെള്ള പദ്ധതിയും നടപ്പിലാക്കി.
പനത്തടിയിലെ സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക്
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ച് പനത്തടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ന്നു. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് പുതുതലമുറയുടെ പഠന രീതിയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ ഇടപെടലിലൂടെ സാധിച്ചു.
ചാമുണ്ഡിക്കുന്ന് സ്‌കൂളിന് കെ.ഡി.പി. ഫണ്ടില്‍ നിര്‍മ്മിച്ച രണ്ട് കോടി 10 ലക്ഷം രൂപയുടെ മനോഹരമായ ബില്‍ഡിംഗ് തലയെടുപ്പോടെ നിലകൊള്ളുന്നു. ചിറംകണ്ടവ് സ്‌കൂളിന് ഒരു കോടി രൂപയുടെ ബില്‍ഡിംഗ്, പെരുതടി സ്‌കൂളിന് 73 ലക്ഷം രൂപയുടെ ബില്‍ഡിംഗ് എന്നിവയും ഈ ഭരണസമിതി കാലയളവില്‍ നിര്‍മ്മിച്ചതാണ്. ബളാംതോട് സ്‌കൂളിന് 2020-21 വര്‍ഷം മൂന്ന് കോടി രൂപയുടെ മനോഹരമായ കെട്ടിടമാണ് നിര്‍മ്മിച്ചു നല്‍കിയത്.
വിദ്യാഭ്യാസ മേഖലയില്‍ ഈ അഞ്ച് വര്‍ഷംകൊണ്ട് എസ്.എസ്.കെ. ഫണ്ട് ഉള്‍പ്പെടെ ഒരു കോടി 40 ലക്ഷം രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. സ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് ചെയ്യല്‍, റോഡ് സൗകര്യം ഒരുക്കല്‍, നഴ്സറി സ്‌കൂള്‍ മുറ്റം റൂഫിങ്, കല്ലപ്പള്ളി സ്‌കൂള്‍ നവീകരണം, ടോയ്‌ലറ്റ് നിര്‍മ്മാണം തുടങ്ങിയ നിരവധി ഭൗതിക സൗകര്യ വികസനങ്ങളാണ് പൂര്‍ത്തിയാക്കിയത്. കൂടാതെ, എല്‍.പി. സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍, ലാപ്ടോപ്പ് എന്നിവ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.
ഉന്നതങ്ങളില്‍ ആരോഗ്യമേഖല
ആര്‍ദ്രം മിഷന്റെ ഭാഗമായി പാണത്തൂര്‍ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി (FHC) ഉയര്‍ത്തിയതോടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഈ കാലയളവില്‍ അത്യാധുനിക ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങി.
പ്രധാന നേട്ടമായ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനായി പഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ച് അനുമതി വാങ്ങി. ഇതിന് ആവശ്യമായ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കുള്ള ഹോണറേറിയം ഗ്രാമപഞ്ചായത്ത് സ്വന്തം നിലയ്ക്ക് നല്‍കുന്നുണ്ട്. ഇതിനായി ഓരോ സാമ്പത്തിക വര്‍ഷവും 28 ലക്ഷത്തോളം രൂപയാണ് അധികമായി വകയിരുത്തുന്നത്.
എഫ്.എച്ച്.സി.ക്ക് മരുന്നിനായി 12 ലക്ഷം രൂപയും പാലിയേറ്റീവ് സംവിധാനത്തിന് ഓരോ വര്‍ഷവും 11 ലക്ഷം വീതവും മാറ്റിവെച്ചു. കൂടാതെ, ഡയാലിസിസ് രോഗികള്‍ക്കും ടി.ബി. ബാധിതര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. ഹോമിയോ , ആയുര്‍വേദം ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മരുന്നിനായി പണം ചെലവഴിച്ചു.108 ആംബുലന്‍സിന്റെ സേവനവും ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.
യുവജനതയുടെ സ്വപ്ന സാക്ഷാത്കാരം;ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം ഒരുങ്ങുന്നു
പനത്തടി ഗ്രാമപഞ്ചായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന കളിസ്ഥലം യാഥാര്‍ത്ഥ്യമാകുന്നു. യുവജനതയുടെ ആവശ്യം നിറവേറ്റിക്കൊണ്ട്, 2025 മാര്‍ച്ചില്‍ ബളാംതോടിന്റെ ഹൃദയഭാഗത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഏക്കര്‍ 10 സെന്റ് സ്ഥലം വാങ്ങുവാന്‍ പഞ്ചായത്തിന് സാധിച്ചു.ഈ സ്ഥലത്ത് കളിസ്ഥലം ഒരുക്കുന്നതിനായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ യുടെ ശുപാര്‍ശ പ്രകാരം സംസ്ഥാന കായിക വകുപ്പും കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് ഫണ്ടും ചേര്‍ന്ന് സംയുക്ത പദ്ധതിയില്‍ ഒരു കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കായിക വകുപ്പ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ ഇരട്ട നേട്ടം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ പനത്തടി ഗ്രാമപഞ്ചായത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. എല്ലാ വര്‍ഷവും ജില്ലയില്‍ ശരാശരി തൊഴില്‍ ദിനം നല്‍കുന്നതിലും, എസ്.ടി. കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനം ഉറപ്പാക്കുന്നതിലും പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി.കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആശ്വാസം പകരാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ പഞ്ചായത്തിന് സാധിച്ചു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 138 റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ തൊഴിലുറപ്പ് പദ്ധതി വഴി സാധിച്ചു. പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 2023-ലും 2024-ലും ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്‌കാരവും, ബ്ലോക്കിന്റെയും ജില്ലയുടെയും നിരവധി പുരസ്‌കാരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 2020 മുതല്‍ വ്യക്തിഗത ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നുണ്ട്.
അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പനത്തടി
സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തില്‍ സര്‍വ്വേ കണ്ടെത്തിയത് 33 കുടും ബങ്ങളെയായിരുന്നു. അടിസ്ഥാനരേഖകളൊന്നും തന്നെയില്ലാതെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളടക്കം ലഭിക്കാതിരുന്ന വ്യക്തികള്‍ക്ക് അടിസ്ഥാനരേഖക മെല്ലാം ലഭ്യമാക്കി. വീടും സ്ഥലവുമില്ലാതിരുന്ന കടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന ഇവര്‍ക്ക് താങ്ങും തണലുമായിനിന്നുകൊണ്ട് ഇവരെ മുഖ്യധാരയിലേക്കെത്തിക്കുനുള്ള പഞ്ചായത്ത്ഭരണസമിതിയുടെ പരിശ്രമം വിജയം കണ്ടിരിക്കുന്നു. ആഗസ്ത് 21ന് പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
പാലിയേറ്റീവ് പരിചരണത്തില്‍ പനത്തടി മാതൃക
പനത്തടി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങളിലൊന്നായി പ്രവര്‍ത്തിക്കുന്നു. സേവനം ആവശ്യമുള്ള രോഗികളുടെ അടുത്ത് എല്ലാ മാസവും ആരോഗ്യ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് നേഴ്സ്, സേവന സന്നദ്ധരായ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന ടീം കൃത്യമായെത്തി പരിചരണം ഉറപ്പുവരുത്തുന്നു. രോഗികള്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളും യഥാസമയം എത്തിച്ചു നല്‍കാന്‍ പഞ്ചായത്തിന് സാധിക്കുന്നുണ്ട്. ഈ ഭരണസമിതിക്കാലയളവില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനത്തിനുവേണ്ടി മാത്രം ഗ്രാമപഞ്ചായത്ത് 66 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. എല്ലാ വര്‍ഷവും വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം, പാലിയേറ്റീവ് ദിനത്തില്‍ രോഗീബന്ധു സംഗമം നടത്തി രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കാനും പഞ്ചായത്ത് ശ്രദ്ധിക്കുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ ദുരിതമനുഭവിക്കുന്ന പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ എത്തിക്കാനും പഞ്ചായത്തിന് സാധിക്കുന്നുണ്ട്.
സ്ത്രീ ശാക്തീകരണം ഉറപ്പാക്കി കുടുംബശ്രീ
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനം പനത്തടി ഗ്രാമപഞ്ചായത്തില്‍ സര്‍വ്വ പ്രൗഢിയോടെ മുന്നേറുന്നു. പഞ്ചായത്തിലെ സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ഉന്നമനത്തില്‍ കുടുംബശ്രീ വലിയ മാറ്റമാണ് കൊണ്ടുവന്നത്. ഗ്രാമപഞ്ചായത്തില്‍ ആകെ 254 അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനായി എല്ലാ സാമ്പത്തിക വര്‍ഷവും 35 ലക്ഷം രൂപ വനിതകള്‍ക്കായി മാറ്റിവെച്ച് സംരംഭങ്ങള്‍ക്ക് സബ്‌സിഡിയായി നല്‍കുന്നു. പനത്തടി സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ 53 ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി പാണത്തൂര്‍ ടൗണില്‍ ഗ്രാമപഞ്ചായത്ത് ഒരു വിപണന കേന്ദ്രവും തയ്യാറാക്കിയിട്ടുണ്ട്.
പനത്തടി ‘മാലിന്യമുക്ത’ പദവിയിലേക്ക്; ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം
സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് ശുചിത്വരംഗത്ത് മികച്ച മുന്നേറ്റം കൈവരിച്ചു. ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി 30 പേരടങ്ങുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എല്ലാ മാസവും വീടുകള്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ശേഖരിക്കുന്നു. ശഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിനായി ഓരോ വാര്‍ഡിലും മൂന്ന് വീതം മിനി എം.സി.എഫുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ, ടൗണുകളിലായി 14 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. പൊതുശുചിത്വം ഉറപ്പാക്കുന്നതിനായി ഈ കാലയളവില്‍ പാണത്തൂര്‍ ടൗണ്‍, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ പണി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കോളിച്ചാല്‍, പനത്തടി എന്നിവിടങ്ങളിലും ശൗചാലയ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. 2025-26 വാര്‍ഷിക പദ്ധതി കാലയളവില്‍ 16 ബോട്ടില്‍ ബൂത്തുകളും 67 ബിന്നുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.