രാഷ്ട്രീയ-മത വിഭാഗഭേദമന്യേ സമഗ്ര വികസന പ്രവര്‍ത്തനങ്ങളിലൂടെ കാറഡുക്ക ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മികച്ച പുരോഗതി കൈവരിച്ചു. പൊതുഭരണം, അതിദാരിദ്രനിര്‍മാര്‍ജനം, ശുചിത്വം, വനിതാ-ശിശു ക്ഷേമം, ആരോഗ്യ പരിപാലനം, കുടിവെള്ളം, പാര്‍പ്പിടം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി വിവിധ മേഖലകളില്‍ പഞ്ചായത്തിന്റെ ഇടപെടലുകള്‍ പ്രദേശവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലായിരുന്നു.
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ ശുചിത്വം ഉറപ്പാക്കുകയും മാലിന്യ നിയന്ത്രണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായതിനാല്‍ ബാധിതരായ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതിദാരിദ്ര വിഭാഗത്തില്‍പ്പെടുന്ന 32 പേരെ തിരിച്ചറിഞ്ഞ് അവര്‍ക്കായി ആവശ്യമായ നടപടികളും സഹായങ്ങളും കൈക്കൊണ്ടിട്ടുണ്ട്.
വാസസ്ഥലം, ശുചിത്വം, തൊഴില്‍ ഉറപ്പ്, സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി 80 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ശുചിത്വ മിഷന്‍ മുഖേന 243 മാലിന്യ ബിന്‍, 35 ബോട്ടില്‍ ബൂത്ത്, 200 അടുക്കള മാലിന്യ ഡൈജസ്റ്റര്‍ എന്നിവ സ്ഥാപിച്ചു. കൂടാതെ 45 മെറ്റീരിയല്‍ കളക്ഷന്‍ ഫസിലിറ്റി (MCF) യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മാലിന്യ നിയന്ത്രണത്തിനായി കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് തുടങ്ങിയ സൗകര്യങ്ങളും നിര്‍മ്മിച്ചു.
കൃഷി മേഖലയിലെ പുരോഗതിക്കായി രൂപ 1,15,84,581 ചെലവഴിച്ചു. വിത്തുകളും തൈകളും വിതരണം, നെല്‍വിത്ത് വിതരണം, കീടനാശിനി വിതരണങ്ങള്‍, കീടനിയന്ത്രണ പദ്ധതികള്‍ എന്നിവ ഇതിനടക്കമാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ (ജഒഇ) വികസനത്തിനായി രൂപ 1,41,38,918 ചെലവഴിച്ചു. പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി, മരുന്ന് ചെലവ്, പാലിയേറ്റീവ് കെയര്‍, ആശാ പ്രവര്‍ത്തകരുടെ യൂണിഫോം, ‘ആര്‍ദ്രം’ പദ്ധതി, ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിച്ചു. ഹോമിയോ ആശുപത്രിയ്ക്ക് 7,56,442 രൂപയും ആയുര്‍വേദ ആശുപത്രിയ്ക്ക് 38,33,406 രൂപയും വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു.
വിവിധ പെന്‍ഷന്‍ പദ്ധതികള്‍ക്ക് രൂപ 23,61,75,100 ചെലവഴിച്ചു. കാര്‍ഷിക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വൈകല്യ പെന്‍ഷന്‍, 50 വയസ്സിനു മുകളിലുള്ള വിവാഹിതയാകാത്ത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ നൂറുകണക്കിന് ആളുകള്‍ക്ക് സഹായം ലഭ്യമാക്കി. കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നല്ല രീതിയിലുള്ള വികസനങ്ങള്‍ക്ക് വഴിയൊരുക്കും. ശുചിത്വം മുതല്‍ ആരോഗ്യ സംരക്ഷണംവരെ എല്ലാ മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് പഞ്ചായത്ത് മുന്നോട്ട് പോയത്.