കാലാനുസൃത മാറ്റത്തിന്റെ പാതയില്‍ പുരാരേഖ – പുരാവസ്തു – മ്യൂസിയം വകുപ്പുകള്‍ വിഷന്‍ 2031 രേഖ അവതരിപ്പിച്ചു

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം പുരാവസ്തു പുരാരേഖ മ്യൂസിയം മേഖലകളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് 2016 മുതല്‍ ഈ മേഖലയില്‍ സര്‍കാര്‍ പ്രത്യേക നയം കൊണ്ടുവന്നത്.

കാലാനുസൃതമായ പരിവര്‍ത്തനത്തിനായി പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള നയങ്ങളും സമീപനങ്ങളുമാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. പഠന ഗവേഷണങ്ങളുടെ യാന്ത്രികമായ തുടര്‍ച്ചയ്ക്കപ്പുറം ഉല്പാദനപരവും ശാസ്ത്രീയവുമായ പ്രവര്‍ത്തന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യപരമായ സമീപനം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാജ ചരിത്രങ്ങളുടെ ആഖ്യാനങ്ങള്‍പ്പുറം താഴെക്കിടയിലുള്ള സാധാരണക്കാരായ മനുഷ്യരുടെ ലഘു ചരിത്രങ്ങള്‍ അന്വേഷിക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളും ഉണ്ടായി. ചരിത്രത്തില്‍ രേഖപ്പെടാതെ പോയ ജനസമൂഹങ്ങളുടെ ചരിത്രം അടയാളപ്പെടുത്താന്‍ ഈ സമീപനത്തിലൂടെ സാധിച്ചു.

ചരിത്രത്തെ വക്രീകരിക്കാനും മായ്ചുകളയാനുമുള്ള പ്രതിലോമ ശ്രമങ്ങള്‍ ക്കെതിരായ പ്രതിരോധമായി
സ്വയം സംസാരിക്കുന്ന തെളിവുകളായ പുരാരേഖകള്‍ കണ്ടെത്തുന്നതിനും സംരക്ഷണത്തിലും പ്രസിദ്ധീകരിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. ജനസമൂഹങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലുള്ള
രേഖകളെ പൊതു പ്രദര്‍ശനത്തില്‍ കൊണ്ടുവരാനായി എന്നത് പുരാരേഖ വകുപ്പിന്റെ വലിയ നേട്ടമാണ്.

പ്രാദേശിക സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ രേഖകള്‍ കണ്ടെത്തി സംരക്ഷിക്കാന്‍ പുരാരേ ഖാവകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് എന്ന പദ്ധതി വിഭാഗീയ രാഷ്ട്രീയ വ്യഖ്യാനങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ്.

സാമൂഹ്യ മുന്നേറ്റത്തിന്റെ ചാലകശക്തികളിലൊന്നാണ് മ്യൂസിയങ്ങള്‍. പഴയ മ്യൂസിയങ്ങള്‍ സര്‍ക്കാര്‍ ചലനാത്മകവും ബഹുസ്വരവുമായ വിധത്തില്‍ പുനസ്സംഘാടനം ചെയ്തു. തിരസ്‌കൃതമായ വസ്തുക്കള്‍ക്ക് ഗ്യാലറികളില്‍ ഇടം കിട്ടിത്തുടങ്ങി. പ്രാദേശിക മ്യൂസിയങ്ങളുടെ സ്ഥാ പനത്തിലൂടെ പ്രാദേശികതയുടെ ഉയിര്‍പ്പിന് കളമൊരുക്കി. വിസ്മൃതമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് വൈക്കത്തും പയ്യന്നൂരിലും ഗാന്ധി മ്യൂസിയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.

പുരാവസ്തു പുരാരേഖ മ്യൂസിയം വിഷന്‍ 2031 ഇങ്ങനെ

കേരളത്തിന് 75 വയസ്സ് പൂര്‍ത്തിയാകുന്ന 2031-ല്‍ ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ ഫീല്‍ഡ് ആര്‍ക്കിയോളജി വിഭാഗത്തിന്റെ ശാക്തീകരണവും ആധുനികീകരണവും നടത്തേണ്ടത് അനിവാര്യമാണ്.

സാമൂഹ്യ നീതിയും ലിംഗനീതിയും കാലാവസ്ഥാനീതിയും അഭിസംബോധന ചെയ്യുന്ന രീതിയില്‍ ജനാധിപത്യവല്ക്കരണവും സാധ്യമാക്കേണ്ടതുണ്ട്. ചെറുസംസ്‌ക്കാരങ്ങളെന്ന് മുദ്രകുത്തി അരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സാംസ്‌കാരിക വിശേഷങ്ങള്‍ കണ്ടെത്തി ആഴത്തിലുള്ള പഠനവും സംരക്ഷണവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക.

പൈതൃകസംരക്ഷണം വികസനത്തിന്റെ എതിര്‍പക്ഷത്താകുന്ന സമകാലിക സന്ദര്‍ഭത്തില്‍ വികസനവും പൈതൃകസംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകാനുള്ള നയസമീപ നങ്ങള്‍ രൂപീകരിക്കുക. സംരക്ഷിക്കപ്പെടേണ്ട ധാരാളം സ്മാരകങ്ങള്‍ പല ഇടങ്ങളിലായി ഏറെയുണ്ട്. അവയ്ക്ക് ചരിത്രപരവും പ്രാദേശികവുമായ പ്രത്യേകതകളോ പൈതൃക സംബന്ധിയായ സവിശേഷതകളോ ഉണ്ടായിരിക്കുകയും ചെയ്യും. നിലവില്‍ ആര്‍ട്ട് ആന്റ് ഹെറിറ്റേജ് കമ്മീഷന്‍ ഈ മേഖലയില്‍ നിര്‍വ്വഹിക്കുന്ന ചുമതലകള്‍ വിപുകപ്പെടുത്തും.

ആവശ്യമായ മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളേണ്ടത് അനിവാര്യമാണ്.
മൂന്നു വകുപ്പുകളും ഭരണവിഭാഗത്തെ വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഭരണനിര്‍വ്വഹണത്തിന് പൂര്‍ണ്ണ മായും പ്രാപ്തരാക്കേണ്ടതുണ്ട്, തുടങ്ങി വിവിധ ആശയനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയാണ് മന്ത്രിക്ക് വേണ്ടി അവതരിപ്പിച്ച വികസന രേഖയുടെ പ്രധാന പരാമര്‍ശങ്ങള്‍.

പൊതു രേഖ ബില്‍, ഒന്‍പതു വര്‍ഷത്തിനിടെ 16 പുതിയ മ്യൂസിയങ്ങള്‍, ഒന്നേ മുക്കാല്‍ കോടിയിലേറെ രേഖകളുടെ ഡിജിറ്റലൈസേഷന്‍; ചരിത്രം അടയാളപ്പെടുത്തിയ ഒന്‍പത് വര്‍ഷങ്ങള്‍

ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലയില്‍ മാത്രമല്ല സമസ്ത മേഖലയിലും വികസനം വരണമെന്ന കാഴ്ചപ്പാടാണ് 2016 മുതല്‍ സര്‍ക്കാര്‍ അനുവര്‍ത്തിച്ചു വരുന്നത്

ഒന്‍പത് വര്‍ഷത്തിനിടെ 16 പുതിയ മ്യൂസിയങ്ങള്‍ തുടിങ്ങുകയും ആറു പഴയ മ്യൂസിയങ്ങള്‍ പുനസജീകരിക്കുകയും ചെയ്‌തെന്നും പുരാരേഖകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒന്നേ മുക്കാല്‍ കോടിയിലേറെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്തെന്നും പുരാവസ്തു പുരാരേഖ മ്യൂസിയം അഡിഷണല്‍ സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗടെ പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പ് നേട്ടങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അഡിഷണല്‍ സെക്രട്ടറി. കേവലം ഒരു സര്‍ക്കാര്‍ ഉത്തരവില്‍ മാത്രം ഒതുങ്ങിയിരുന്ന ചരിത്ര സംരക്ഷണത്തെ സംസ്ഥാന നിയമസഭയില്‍ പുരാരേഖ ബില്‍ പാസാക്കിയതോടെ കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും സാധിച്ചു.

2015 16 വര്‍ഷങ്ങളില്‍ പുരാവസ്തു വകുപ്പിന് ഉണ്ടായിരുന്ന പദ്ധതി വിഹിതം 1700 ലക്ഷത്തില്‍ നിന്ന് 2025 -26 ആയപ്പോഴേക്കും 2114 ലക്ഷമാക്കി. പുരാരേഖ വകുപ്പിന്റെ പദ്ധതിവിഹിതം 300 ലക്ഷത്തില്‍ നിന്ന് 1275 ലക്ഷത്തിലേക്ക് ഉയര്‍ത്തി. മ്യൂസിയം വകുപ്പിലുള്ള പദ്ധതിവിഹിതത്തെ 1625 ലക്ഷത്തില്‍ നിന്ന് 1930 ലക്ഷം ആക്കി ഉയര്‍ത്തി. ചരിത്രശേഷിപ്പുകളിലൂടെ ചരിത്രത്തിലേക്ക് വെളിച്ചം വിശാന്‍ നിരവധി ഉത്ഖനനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്നത്. കണ്ണൂരിലെ മാവിലായി വില്ലേജിലെ ചെങ്കല്‍ ഗുഹകള്‍, കോഴിക്കോട്ടെ വിയ്യൂര്‍ ചെങ്കല്‍ ഗുഹ, പൊന്നാനിയിലെ പെരുമ്പടപ്പ് വലിയ കിണര്‍, കോഴിക്കോട് ഫറൂക്കിലും നല്ലൂരില്‍ നിന്നും കിട്ടിയ നന്നങ്ങാടികള്‍, പ്രളയ ശേഷം ആറന്മുളയില്‍ പമ്പാതീര ത്ത് നിന്ന് ലഭിച്ച കളിമണ്‍ ശില്പങ്ങള്‍, മലപ്പുറത്തെ തൃപ്പങ്ങോട്ടുള്ള ചെങ്കല്‍ ഗുഹകള്‍, ഉടുമ്പന്‍ചോലയിലെ ചെല്ലാര്‍, കോവിലിലെ നന്നങ്ങാടികള്‍, കാസര്‍കോട് ചീമേനിയിലെ പോത്താം കണ്ടത്തുനിന്ന് ലഭിച്ച ലിപ്ഡ് ബൗളുകളുകളും കളിമണ്‍ മുത്തുകളും കേരളത്തിലെ മികച്ച ഉത്ഖനന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ്. പാലക്കാട്ട് അട്ടപ്പാടിയിലും വയനാട് കുഞ്ഞോമിലും പുരാതത്വ സര്‍വേ നടത്തി. പുരാവസ്തുക്കള്‍ ദ്രവിച്ചു പോകാതെ സംരക്ഷിക്കാന്‍ സഹായിക്കുന്ന രാസ സംരക്ഷണം വഴി 53 രവിവര്‍മ്മ ചിത്രങ്ങളും 415 ഭൂപടങ്ങളും സംരക്ഷിക്കപ്പെട്ടു.

മൂന്നു ലക്ഷത്തി ഇരുപതിനായിരത്തി നാനൂറ്റിതൊണ്ണൂറ്റി എട്ട് പുരാരേഖകള്‍ക്ക് വിഷയ സൂചികകള്‍ നല്‍കാന്‍ പുരാരേഖ വകുപ്പിന് സാധിച്ചു. ചില പഴയ ചരിത്രരേഖകള്‍ ക്രോഡീകരിച്ച് പുതിയ പുസ്തകങ്ങള്‍ ഇറക്കി. സെലക്ടഡ് സ്പീചസ് ഓഫ് ഫ്രീഡം ഫൈറ്റേഴ്‌സ്, മതിലകം രേഖകളുടെ ശബ്ദകോശം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

കേരള നിയമസഭ സുവര്‍ണ ജൂബിലി മ്യൂസിയം കെട്ടിടത്തിന്റെ സംരക്ഷണ ഉള്‍പ്പെടെ വിവിധ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെട്ടുവരുന്നു. പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം, ഗാന്ധി സ്മൃതി മ്യൂസിയമാക്കി മാറ്റി. വിവിധ ഇടങ്ങളില്‍ പൈതൃകോത്സവങ്ങളും സെമിനാറുകളും പ്രദര്‍ശനവും ശില്പശാലകളും സര്‍ക്കാര്‍ സംഘടിപ്പിച്ചു.

കണ്ണൂര്‍ പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം, കണ്ണൂര്‍ കടന്നപ്പള്ളി പാണപ്പുഴയിലെ തെയ്യം മ്യൂസിയം, മണ്ണടിയിലെ ഗവേഷണ കേന്ദ്രം, തിരുവനന്തപുരം കാര്യവട്ടത്തെ ഇന്റര്‍നാഷണല്‍ ആര്‍ക്കേഴ്‌സ് ആന്‍ഡ് ഹെറിറ്റേജ് സെന്റര്‍ എന്നിവ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഇരിക്കുന്ന പദ്ധതികളാണ്.

വകുപ്പുകള്‍ കൂടുതല്‍ ജനകീയമാകണം

നിര്‍ദ്ദേശങ്ങളുമായി പൊതു ചര്‍ച്ച

സെമിനാറില്‍ പങ്കെടുത്ത അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഭാവി വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ ഗ്രൂപ്പുകളില്‍ ഉരിത്തിരിഞ്ഞ ആശയങ്ങള്‍ ഡോ.മഞ്ജുള പൊയില്‍, ഡോ.വി സെല്‍വകുമാര്‍, ഡോ. എം.ജി നാരായണന്‍, ഡോ. വി.ശിവദാസന്‍, ഡോ,ജെന്നി പീറ്റര്‍ എന്നിവര്‍ അവതരിപ്പിച്ചു. കാസര്‍കോട് ജില്ലയുടെ ചരിത്രകാരന്‍ പ്രൊഫസര്‍ സി. ബാലന്‍ ചര്‍ച്ച നിയന്ത്രിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഇ.ദിനേശന്‍ ചര്‍ച്ച ക്രോഡീകരിച്ചു. അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിഷയത്തില്‍ പ്രാഗല്‍ഭ്യമുള്ള വിവിധ വിഭാഗം ആളുകള്‍ ചര്‍ച്ചയുടെ ഭാഗമായി.

മൂന്ന് വകുപ്പുകളെയും കൂടുതല്‍ ജനകീയവത്ക്കരിക്കണമെന്നും വകുപ്പുകളും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറച്ച് കൊണ്ടുവരാന്‍ സാധിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് മ്യൂസിയങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ചരിത്ര വിജ്ഞാനത്തെ പൊതുജനങ്ങള്‍ക്ക് ലോകത്തെവിടെയിരുന്നും അറിയാന്‍ സാധിക്കുന്ന തരത്തില്‍ വികസിപ്പിക്കണം. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നവീകരിക്കണമെന്നും കാസര്‍കോടിന് മാത്രമായി ഒരു ലോക്കല്‍ കള്‍ച്ചറല്‍ മ്യൂസിയം വേണമെന്നും ചര്‍ച്ചയില്‍ അവശ്യം ഉയര്‍ന്നു. സൗത്ത് കാനറ എന്ന ആശയത്തോടെ കാസര്‍ഗോഡിന്റെ ചരിത്ര സംരക്ഷണപദ്ധതിക്ക് തുടക്കമിടണമെന്നും സ്വകാര്യ രേഖകള്‍ സര്‍ക്കാര്‍ ധനസഹായത്തോടെ സംരക്ഷിച്ചു പൊതുരേഖകള്‍ ആക്കി മാറ്റുന്ന സമ്പ്രദായം സ്വീകരിക്കണം, പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി ആര്‍ക്കിയോളജി പദ്ധതികള്‍ കൊണ്ട് വരണമെന്നും നിര്‍ദ്ദേശങ്ങളുണ്ടായി.

ഇന്റേണ്‍ഷിപ്പ്, ഫെലോഷിപ്പ് തുടങ്ങിയവ നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സാധിക്കണം. ഓപ്പണ്‍ മ്യൂസിയം, വെര്‍ച്വല്‍ മ്യൂസിയം, കലാലയങ്ങളില്‍ ഹെറിറ്റേജ് ക്ലബ്ബ്, വിദ്യാലയങ്ങളില്‍ മ്യൂസിയം കോര്‍ണറുകള്‍, കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് ഹെറിറ്റേജ് യാത്രകള്‍ തുടങ്ങിയ ആശയങ്ങളും ചര്‍ച്ചയായി. കൂടുതല്‍ അധ്യാപകര്‍ക്ക് വകുപ്പ് പരിശീലനം നല്‍കി, അവരുടെ അറിവുകളെ വകുപ്പുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണം, പ്രാദേശിക മ്യൂസിയങ്ങളുടെ നെറ്റ് വര്‍ക്ക് രൂപീകരിക്കണം. ഫോട്ടോഗ്രാഫുകളും ശബ്ദങ്ങളും ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കണം, തുടങ്ങിയ ആശയങ്ങളും ചര്‍ച്ചയില്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *