തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം ചേര്‍ന്നു. കിഫ്ബി സി.ഇ.ഒ. കെ എം എബ്രഹാമിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കിഫ്ബി ഓഫീസില്‍ നടന്ന യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷനായി. കിഫ്ബി അഡീഷണല്‍ സി.ഇ.ഒ. മിനി ആന്റണി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. പുരുഷോത്തമന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ പി. എ. ഷൈല എന്നിവര്‍ പങ്കെടുത്തു. കൂടാതെ പ്രോജക്റ്റ് മാനേജര്‍ ടി രാജീവന്‍,ഡെപ്യൂട്ടി പ്രോജക്റ്റ് മാനേജര്‍ ചന്ദ്രന്‍ ചന്ദ്രേഷ്, പ്രോജക്റ്റ് എക്‌സാമിനര്‍ ആര്‍ മുഹമ്മദ് ഇര്‍ഷാദ്, അസിസ്റ്റന്റ് പ്രോജക്റ്റ് മാനേജര്‍ പി ശ്രീരാജ് ,കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. ജെ. കൃഷ്ണന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയദീപ് എസ്. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കിഫ്ബി ധനസഹായത്തോടെ നടന്നു വരുന്ന പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
നീലേശ്വരം – ഇടത്തോട് റോഡ് ടെന്‍ഡര്‍ ഉടന്‍
നീലേശ്വരം – ഇടത്തോട് റോഡ് നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കും. റോഡിന്റെ ശേഷിക്കുന്ന പണികളുടെ അധികമായി വേണ്ട ജോലികളും സാങ്കേതിക സമിതി അംഗീകരിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചാലുടന്‍ സാങ്കേതിക അനുമതി വാങ്ങി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ.ആര്‍.എഫ്.ബി.യുടെ കാസര്‍കോട് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
രാജ റോഡ് സ്ഥലമെടുപ്പ് വേഗത്തിലാക്കും
രാജ റോഡ് നിര്‍മ്മാണത്തിന്റെ പ്രധാന തടസ്സമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തുക സംബന്ധിച്ച് കിഫ്ബി ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ക്കായി, തഹസില്‍ദാര്‍ ഈ മാസം തന്നെ വിശദമായ മൂല്യനിര്‍ണ്ണയ പട്ടിക സമര്‍പ്പിക്കാനും കെ.ആര്‍.എഫ്.ബി. സമര്‍പ്പിച്ച റോഡ് നിര്‍മ്മാണത്തിന്റെ വിശദമായ എസ്റ്റിമേറ്റിന് സാമ്പത്തികാനുമതി എത്രയും പെട്ടെന്ന് നല്‍കാനും തീരുമാനമായി.
ചെറുവത്തൂര്‍ – ഐ.ടി. പാര്‍ക്ക് റോഡ് ഡിസംബറില്‍ പൂര്‍ത്തിയാക്കും
ഏകദേശം 95% പണി പൂര്‍ത്തിയായ ചെറുവത്തൂര്‍ – ഐ.ടി. പാര്‍ക്ക് റോഡിന്റെ കാര്യത്തില്‍ കരാറുകാരന്റെ മന്ദഗതി അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. റോഡ് നിര്‍മ്മാണം ഈ വരുന്ന ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി ഒക്ടോബര്‍ 29-ന് വീണ്ടും യോഗം ചേരാനും, ആഴ്ചയില്‍ ഒരിക്കല്‍ പുരോഗതി വിലയിരുത്താനും നിര്‍ദ്ദേശം നല്‍കി.
വലിയപറമ്പ, പാണ്ഡിയാല കടവ് പാലത്തിനായി തീരദേശ പരിപാലന നിയമത്തിന്റെ അനുമതിക്ക് അടയ്ക്കേണ്ട പത്ത് ലക്ഷം രൂപ കെ.ആര്‍.എഫ്.ബി.യില്‍ നിന്ന് ലഭിച്ചാലുടന്‍ ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു. എം.എല്‍.എ.യും കിഫ്ബിയും കെ.ആര്‍.എഫ്.ബി.യും ചേര്‍ന്ന് ഈ അനുമതി ഉടന്‍ നേടിയെടുക്കാനും, തുടര്‍ന്ന് ടെന്‍ഡര്‍ ചെയ്യാനും തീരുമാനമായി.
തെക്കേക്കാട് – മാടക്കല്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് സ്ഥലം ഒരുക്കുന്നതില്‍ എം.എല്‍.എ.യുടെ സഹായം കിഫ്ബി അഭ്യര്‍ഥിച്ചു. പ്രവര്‍ത്തിക്കാവശ്യമായ സ്ഥലം എം.എല്‍.എ. മുന്‍കൂര്‍ കൈവശാവകാശം വഴി ലഭ്യമാക്കുകയാണെങ്കില്‍, പാലം നിര്‍മ്മാണത്തിനുള്ള തുകയ്ക്ക് സാമ്പത്തികാനുമതി നല്‍കാന്‍ നടപടി എടുക്കാം എന്ന് കിഫ്ബി അറിയിച്ചു. ഡിസൈന്‍ വിഭാഗത്തില്‍ നിന്ന് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കി ഉടന്‍ തന്നെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കെ.ആര്‍.എഫ്.ബി. ഉറപ്പുനല്‍കി.
കാലിക്കടവ് പാലത്തിന്റെ പൂര്‍ത്തീകരണത്തിനായി അധികമായി കൂട്ടിച്ചേര്‍ത്ത അപ്രോച്ഛ് റോഡിലെ കെ.എസ്.ഇ.ബി.യുടെ സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട തുക വേഗത്തില്‍ അനുവദിക്കും. രാമന്‍ചിറ പാലത്തില്‍ സ്ഥാപിക്കേണ്ട തെരുവ് വിളക്കുകളുടെ എസ്റ്റിമേറ്റിലെ പോരായ്മകള്‍ പരിഹരിച്ച് ഉടന്‍ തന്നെ പരിഷ്‌കരിച്ച എസ്റ്റിമേറ്റ് സമര്‍പ്പിക്കാനും, പ്രവര്‍ത്തി സമയപരിധിക്കുള്ളില്‍ തീര്‍ക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തു.