പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്ത് നാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും പത്താമുദയത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
തുലാംപത്ത് മുതല്‍ കോലധാരികളും വെളിച്ചപ്പാടുകളും ചെണ്ടമേളക്കാരും കളിയാട്ടങ്ങളുടെയും തെയ്യാട്ടങ്ങളുടെയും തിരക്കിലായിരിക്കും. വടക്കന്‍ കേരളം ഭക്തിയോടെ ആചരിച്ചു വരുന്ന അനുഷ്ഠാനോദയത്തിന് ഇനി പത്ത് നാളുകള്‍ കാത്തിരിക്കണം. അതിന് മുന്നോടിയായുള്ള കുലകൊത്തല്‍ ചടങ്ങ് വിവിധ ക്ഷേത്രങ്ങളില്‍ തുലാസംക്രമ നാളായ വെള്ളിയാഴ്ച്ച നടന്നു.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവമാണ് പത്താമുദയം. അതിന് മുന്നോടിയായി തുലാസംക്രമ ദിനമായ വെള്ളിയാഴ്ച്ച ഭണ്ഡാരവീട്ടില്‍
കുലകൊത്തല്‍ ചടങ്ങ് നടന്നു. ഒന്‍പതാം നാളായ 26 ന് രാത്രി ഭണ്ഡാരവീട്ടില്‍ നിന്ന്
കെട്ടിച്ചുറ്റിയ നര്‍ത്തകന്മാരും തിടമ്പുകളും തിരുവായുധങ്ങളുമായി എഴുന്നള്ളത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതോടെയാണ് ഉത്സവത്തിന് തുടക്കം. 27 നാണ് പുത്തരിസദ്യ. അന്ന് രാവിലെ നിവേദ്യ സമര്‍പ്പണത്തിന് ശേഷം
പത്താമുദയ എഴുന്നള്ളത്തും അനുബന്ധ ചടങ്ങുകളും നടക്കും. പുത്തരിസദ്യ ഉണ്ണാന്‍ ആയിരങ്ങള്‍ അന്ന് പാലക്കുന്നിലെത്തും. അന്നദാനത്തിന് പേരുകേട്ട ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ക്ക് പുത്തരി സദ്യ വിളമ്പുന്ന ഉത്സവമെന്ന പ്രത്യേകത തുലാ പത്തിനുണ്ട്. 27 ന് വൈകീട്ടോടെ ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ
ഉത്സവം സമാപിക്കും.