നീലേശ്വരം: സംസ്ഥാന സര്‍ക്കാരും നീലേശ്വരം നഗരസഭയും ഇതുവരെ ആര്‍ജിച്ച മുന്നേറ്റങ്ങളും നേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഭാവി വികസനം സംബന്ധിച്ച് ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ ഓഫീസ് പരിസരത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.
വികസന സദസ്സ് ഔപചാരികമായി ഉദ്ഘാടനം ബഹുമാനപ്പെട്ട തൃക്കരിപ്പൂര്‍ എംഎല്‍എ ശ്രീ രാജഗോപാലന്‍ നിര്‍വ്വഹിച്ചു. ബഹു: നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടിവി ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ കാര്യങ്ങള്‍ക്കും സൗജന്യമായി സ്ഥലംവിട്ടു നല്‍കിയ സുമനസ്സുകളായ 6 വ്യക്തിത്വങ്ങള്‍ക്ക് ആദരവ് ജില്ലയുടെ മുന്‍ എംപി ശ്രീ പി കരുണാകരന്‍ നിര്‍വ്വഹിച്ചു. നഗരസഭയുടെയും നഗരസഭാ പരിധിയിലുള്ള സര്‍ക്കാരിന്റെയും വികസന നേട്ടങ്ങളുടെ നേര്‍ചിത്രങ്ങള്‍ അടങ്ങിയ ‘വികസന പാതയില്‍ നമ്മുടെ നീലേശ്വരം .’ പുസ്തകത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുന്‍ എം എല്‍ എ ശ്രീ കെ പി സതീഷ് ചന്ദ്രന്‍ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ അവതരണമായ വീഡിയോ അവതരണം റിസോര്‍സ് പേര്‍സണ്‍ പി കെ വിനോദിന്റെ നേതൃത്വത്തില്‍ നടന്നു. പിന്നീട് ബഹു:തദ്ദേശ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷിന്റെ സന്ദേശം പ്രദര്‍ശിപ്പിച്ചു. നീലേശ്വരം നഗരസഭയുടെ വികസന നേട്ടങ്ങളുടെ അവതരണം നഗരസഭാ സെക്രട്ടറി ശ്രീ. പി കെ വിനോദ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സദസ്സില്‍ നിന്നുളള ചോദ്യങ്ങളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി. നഗരസഭാ സൂപ്രണ്ട് ശ്രീ സുധീര്‍ തെക്കടവന്‍ വികസന സദസ്സിന് നന്ദി പറഞ്ഞു