കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് വികസന സദസ് എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
2016 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തില്‍ നടന്നിട്ടുണ്ടെന്നും എല്ലാ വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ നീതിയിലധിഷ്ഠിതമായാണെന്നും എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. യ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
സര്‍ക്കാരിന്റെ ഇച്ഛാശക്തി മൂലമാണ് കിഫ്ബിയിലൂടെ പദ്ധതികള്‍ നടപ്പിലാക്കിയത്. കരളത്തില്‍ നാളിതുവരെ 9000 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി യിലൂടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. തൃതല പഞ്ചായത്ത് സംവിധാനം വന്നതോടെ ഓരോ പഞ്ചായത്തും ഓരോ സര്‍ക്കാരാണെന്നും ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അനുഭവസാക്ഷ്യമാകുന്നു.
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭാവി വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ചീമേനി ശ്രീപുരം ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സില്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത് കുമാര്‍ ആധ്യക്ഷത വഹിച്ചു. ആര്‍ദ്രം അവാര്‍ഡിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടുംബരോഗ്യ കേന്ദ്രത്തിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും പഞ്ചായത്തിലെയും ജീവനക്കാരെയും ഹരിത കര്‍മ സേനങ്ങങ്ങളെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ വേദിയില്‍ ആദരിച്ചു. പഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് കൈപുസ്തകം ‘വിജയസാക്ഷ്യത്തിന്റെ’ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.ശകുന്തള നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ശശിധരന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.യശോദ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.കുഞ്ഞിരാമന്‍, പി.ബി ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.ശ്രീജ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ശാന്ത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി.വി വിനോദ് നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സദസ്സില്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോപ്രദര്‍ശനവും വിവിധ ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശന സ്റ്റാളുകളും കെ സ്മാര്‍ട്ട് സേവന കേന്ദ്രവും ഉണ്ടായിരുന്നു.
കയ്യൂരിന്റെ ടൂറിസം മേഖല ശക്തിപ്പെടുത്തണം; ഭാവി പദ്ധതികള്‍ ചര്‍ച്ചചെയ്ത് ഓപ്പണ്‍ ഫോറം
കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സുമായി ബന്ധപ്പെട്ട് നടന്ന ഓപ്പണ്‍ ഫോറത്തില്‍ പഞ്ചായത്തിനും ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. പഞ്ചായത്തിലെ ടൂറിസം മേഖല ശക്തമാക്കി അതില്‍ നിന്നും നല്ലൊരു വരുമാന മാര്‍ഗം പഞ്ചായത്ത് കണ്ടെത്തണം എന്നതായിരുന്നു ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
വ്യവസായ പാര്‍ക്കിന് വേണ്ടി മാറ്റി വെച്ച 100 ഏക്കര്‍ സ്ഥലം ഉപയോഗിച്ച് ടൂറിസം മേഖലയെ ശക്തിപ്പെടുത്താമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. വ്യവസായ പാര്‍ക്കിന് വേണ്ടി മാറ്റി വെച്ച സ്ഥലം പഞ്ചായത്തിന്റെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ സാധ്യത ഉള്ള സ്ഥലമാണെന്നും, വ്യവസായ പാര്‍ക്ക് എന്ന പദ്ധതി ഉപേക്ഷിച്ച് കൊണ്ട് ടൂറിസം പദ്ധതിക്ക് വേണ്ടി ഉപയോഗിക്കണമെന്നുമാണ് അഭിപ്രായം.
അരിയിട്ടപ്പാറയില്‍ ടൂറിസം മേഖലയില്‍ വലിയ സാധ്യതയുണ്ടെന്നും അരിയിട്ടപ്പാറ ടൂറിസത്തില്‍ പഞ്ചായത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പഞ്ചായത്തിന് നല്ലൊരു വരുമാനം ടൂറിസത്തില്‍ നിന്ന് നേടാനാകുമെന്നും അഭിപ്രായം ഉയര്‍ന്നു.
ഹെഡ് ക്വാട്ടേഴ്സായ ചീമേനിയില്‍ ഒരു ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ഉടനെ വേണമെന്ന അഭിപ്രായവും ഓപ്പണ്‍ ഫോറത്തില്‍ ഉണ്ടായി. ഇപ്പോഴും ബസ്റ്റോപ്പില്‍ നിന്ന് ബസ് കയറേണ്ട അവസ്ഥയാണെന്നും ഇതിന് ഉടനടി പരിഹാരം വേണമെന്നായിരുന്നു ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്ന മറ്റൊരു നിര്‍ദ്ദേശം.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കയ്യൂരില്‍ ഒരു ലൈബ്രറി ഉണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും നിരവധി പുസ്തകങ്ങള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനം ഫലപ്രദമല്ല
ഒരു ലൈബ്രേറിയനെ നിയമിച്ച് ലൈബ്രറി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന അഭിപ്രായം ഉയര്‍ന്നു.
ഓപ്പണ്‍ ഫോറത്തില്‍ പൊതുവായി ഉയര്‍ന്ന മറ്റൊരു നിര്‍ദ്ദേശമാണ് റോഡുകളുടെ വികസനം. കയ്യൂര്‍ ചീമേനിയിലെ ജില്ലാപഞ്ചായത്ത് റോഡിന്റെ അരികിലൂടെ കയ്യൂര്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ കയ്യൂര്‍ ഐടിഐ വരെ ഫുട്പാത്ത് നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നു. കയ്യൂരിലെ മുണ്ട്യ മുതല്‍ രക്തനഗര്‍ റോഡിലേക്ക് ലിങ്ക് ചെയ്ത് റോഡ് ഉണ്ടെങ്കിലും ഇതുവരെ ഗതാഗത യോഗ്യ മാക്കിയിട്ടില്ലെന്നും ഒന്നര കിലോ മീറ്ററോളം റോഡ് കോണ്‍ക്രീറ്റ് ചെയ്ത ശേഷം ഒന്നും ഉപയോഗിക്കാത്ത രീതിയിലാണെന്നും അറ്റകുറ്റപ്പണി തീര്‍ത്ത് ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വേണം എന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട നിര്‍ദ്ദേശം. ബഡ്സ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നതിന് പുറമെ കിടപ്പിലായ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സ്വയം തൊഴില്‍ പദ്ധതി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആലോചിക്കണം. ബഡ്സ് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത കുട്ടികള്‍ വീട്ടില്‍ കിടപ്പുണ്ട്. അത്തരം കുട്ടികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ പദ്ധതി നടപ്പാക്കണം തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങളുയര്‍ന്നു