കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഹരിത കേരള മിഷന്‍, മാലിന്യ മുക്ത കേരളം, അതിദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് സാധിച്ചു. പദ്ധതികള്‍ സമയ ബന്ധിതവും നിയമ ബന്ധിതവുമായി ലക്ഷ്യ പ്രാപ്തിയില്‍ എത്തേണ്ടതുണ്ട്. അതിനായി സര്‍ക്കാരിന്റെ സഹായത്തോടുകൂടി ത്രിതല പഞ്ചായത്ത് കാണിച്ച മാതൃകകള്‍ അഭിനന്ദനര്‍ഹമാണെന്ന് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള പറഞ്ഞു.
നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോടോം ബേളൂര്‍ പഞ്ചായത്ത് അഞ്ചുവര്‍ഷത്തിനകം ഏറ്റെടുത്തു നടത്തി. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.പഞ്ചായത്തില്‍ 28 ഗുണഭോക്താക്കളെ അതി ദരിദ്രരായി കണ്ടെത്തുകയും അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും സാധിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ജനകീയ സഹകരണത്തോടുകൂടി പ്രവര്‍ത്തനങ്ങള്‍ നടത്തി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റാന്‍ സാധിച്ചു. ജല ജീവന്‍ മിഷന്‍ വഴി 2600 പേര്‍ക്ക് പുതുതായി കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ സാധിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കി ജില്ലയില ഏറ്റവും കൂടുതല്‍ വീട് അനുവദിച്ച പഞ്ചായത്തായി കോടോം ബേളൂര്‍ പഞ്ചായത്ത് മാറിയെന്ന് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പേകിയ മുന്‍ പ്രസിഡന്റ്റുമാരായ യു തമ്പാന്‍ നായര്‍, സൗമ്യ വേണു ഗോപാല്‍, കുഞ്ഞിക്കണ്ണന്‍, വി. കെ തങ്കമ്മ എന്നിവര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തളയിലനിന്നും ഏറ്റു വാങ്ങി. പഞ്ചായത്തിന്റെ ഒടയംചാല്‍ ഷോപ്പിങ് കോംപ്ലക്സ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ എം. കെ.സതീഷിനെ ആദരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിന്റെ വികസന രേഖ തയ്യാറാക്കിയ ആര്‍. പി രാമചന്ദ്രന്‍ മാസ്റ്ററിനെ ആദരിച്ചു.വികസന രേഖ കെ. ശകുന്തള പ്രകാശനം ചെയ്തു. വികസന സദസിന്റെ ആമുഖം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ശ്രീകാന്ത് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ യു. ഉണ്ണികൃഷ്ണന്‍,
കോടോം ബേളൂര്‍ പഞ്ചായത്ത് സെക്രട്ടറി എസ് വിപിന്‍ . പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ഷൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എസ്, ജയശ്രീ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു, വാര്‍ഡ് മെമ്പര്‍മാര്‍,മുന്‍ ജനപ്രതിനിധികള്‍, ആസൂത്രണ സമിതി ഗ്രാമപഞ്ചായത്ത് വൈസ്അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ പി സ്വാഗതം പറഞ്ഞു.
വികസനക്കുതിപ്പില്‍ കോടോം ബേളൂര്‍
വിസ്തൃതിയില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ (2020 മുതല്‍) സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. മുന്‍ ഭരണസമിതികള്‍ തുടക്കമിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കിയും, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളോട് ചേര്‍ന്ന് പുതിയ വികസന കാഴ്ച്ചപ്പാടുകള്‍ നടപ്പിലാക്കിയും നിലവിലെ ഭരണസമിതി നാടിന്റെ മുഖച്ഛായ മാറ്റി. കാര്‍ഷികാധിഷ്ഠിതമായ ഒരു മലയോര പഞ്ചായത്തായ കോടോം ബേളൂരിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ എല്ലാ മേഖലകളിലും സുതാര്യവും നീതിയുക്തവുമായ സമീപനമാണ് ഭരണസമിതി കൈക്കൊണ്ടത്.
അടിസ്ഥാന സൗകര്യവും സാമ്പത്തിക സുസ്ഥിരതയും പഞ്ചായത്തിന് സ്ഥിര വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ ഭരണസമിതി ആവിഷ്‌കരിച്ച ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് വലിയ നേട്ടമായി. എം.എല്‍.എ. ഫണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപ ഉപയോഗിച്ച് തട്ടുമ്മല്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പഞ്ചായത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കാനും പ്രധാന പാതയോരങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാനും കഴിഞ്ഞത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി.
വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ കുതിച്ചുചാട്ടം
വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് കോടോം ബേളൂര്‍ കൈവരിച്ചത്. എല്ലാ വിദ്യാലയങ്ങളിലും പുതിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടു. ആതുര ശുശ്രൂഷ സേവനരംഗത്തും പഞ്ചായത്ത് മാതൃകയായി. പഞ്ചായത്തിലെ ഏക എ.ഒ.ഇ. ആയ എണ്ണപ്പാറയിലെ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ പുതിയ കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. കൂടാതെ, പി.എച്ച്.സി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളെ നവീകരിക്കുകയും സാധാരണക്കാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട്.
സ്ത്രീ ശാക്തീകരണവും സാമൂഹ്യക്ഷേമവും
സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളില്‍ യോഗ ക്ലാസ്സുകള്‍ നടത്തിവരുന്നു. കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണയും കൗണ്‍സിലിംഗും ലഭ്യമാക്കുന്നതിനായി പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ആരംഭിച്ചു. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനങ്ങളും നല്‍കി.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സുതാര്യ ഭരണവും
അതിദരിദ്രരില്ലാത്ത പഞ്ചായത്തായി കോടോം ബേളൂരിനെ മാറ്റാന്‍ കഴിഞ്ഞതില്‍ ഭരണസമിതിക്ക് അഭിമാനമുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയില്‍ വലിയ സ്വാധീനം ചെലുത്തുകയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിനെ സമീപിക്കുന്ന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കാന്‍ കഴിഞ്ഞത് ഭരണത്തില്‍ സുതാര്യത ഉറപ്പാക്കി. കാര്‍ഷികോത്പാദനക്ഷമത, ക്ഷീര വികസനം, മൃഗ സംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമം, ശുചിത്വം, പാര്‍പ്പിടം, കുടിവെള്ളം, ഭിന്നശേഷി-വയോജന ക്ഷേമം തുടങ്ങി 15 പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിലവിലെ ഭരണസമിതി പ്രവര്‍ത്തിച്ചത്. ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് കണ്ടെത്തിയ വികസന ആവശ്യങ്ങള്‍ ലഭ്യമായ ഫണ്ടിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കോടോം ബേളൂര്‍ പഞ്ചായത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ വികസനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു.