പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്തു പോകുന്ന റോഡിലെ യാത്ര രണ്ടും കല്‍പ്പിച്ച്

ഗേറ്റ് അടഞ്ഞാലുള്ള കാത്തിരിപ്പും ഗേറ്റ് തുറന്നാലുള്ള തുടര്‍യാത്രയും അസഹനീയം: ഇത് പാലക്കുന്നിലെ അവസ്ഥ

പാലക്കുന്ന് : കുതിരയില്ലാതെ കുതിരസവാരി പഠിക്കണോ. പ്ലാറ്റ് ഫോമിലൂടെ റോഡ് കടന്നു പോകുന്ന സംസ്ഥാനത്തെ ഏക റെയില്‍വെ സ്റ്റേഷനായ കോട്ടിക്കുളത്തേക്ക് വാഹനവുമായി വരിക. ഒരു ഭാഗത്ത് നിന്ന് മറുഭാഗം കടക്കാന്‍ ഈ റെയില്‍പ്പാള പാതയിലൂടെ ഒന്ന് ശ്രമിക്കുക. പൊട്ടി പൊളിഞ്ഞ റോഡിലൂടെ ശ്രദ്ധയോടെ വണ്ടി ഓടിച്ചില്ലെങ്കില്‍ പണി പാളും, തീര്‍ച്ച. ഇതിലൂടെ അപ്പുറം കടക്കുന്ന സ്ഥിരം വാഹനയാത്രക്കാര്‍ കുതിര സവാരിയില്‍ വിദഗ്ധരായിക്കാണും.അത്രയേറെ ആട്ടവും കുലുക്കവും സഹിച്ചുള്ള ‘റെയില്‍ റോഡി’ ലെ വാഹന യാത്ര അസഹനീയം തന്നെ. വേഗത കുറച്ചാണ് യാത്രയെങ്കിലും അപകടം ഇവിടെ പതിവാണെന്നാണ് പരാതി. നേരിയ മഴ പെയ്താല്‍ പോലും ചളി വെള്ളം തെറിപ്പിക്കാതെ ഒരു വാഹനത്തിനും മുന്നോട്ട് നീങ്ങാനാവില്ല. ചളിവെള്ള അഭിഷേകം കാല്‍നട യാത്രക്കാര്‍ക്ക് സൗജന്യമാണ്. ട്രെയിനുകള്‍ കടന്നു പോകാന്‍ അടച്ച ഗേറ്റ് തുറക്കുന്ന വേളയില്‍ കൂട്ടത്തോടെ വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അപ്പുറം കടക്കാന്‍ പെടുന്ന പാട് കണ്ടു മടുത്തവരാണ് നാട്ടുകാര്‍. തുടര്‍ യാത്രയ്ക്ക് ഇരു ഭാഗത്തേക്കുള്ള പൊതുമരാമത്ത് വക റോഡുകള്‍ യാത്രാ യോഗ്യമാണെങ്കിലും
റയില്‍വേ വക റോഡില്‍ മാത്രമാണ് ചെറു ജില്ലി കല്ലുകളും ചെറു കുണ്ടുകളും കുഴികളുമായി തുടര്‍ യാത്ര ദുസ്സഹമാക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടുമുള്ള വലിയ വാഹനങ്ങളുടെ ഇടയിലൂടെ ഏറെ ബുദ്ധിമുട്ടുന്നത് ഇരുചക്ര വാഹനങ്ങളാണ്. വേഗം നിയന്ത്രിച്ചുള്ള യാത്രയില്‍ അടിതെറ്റി വീണവരുമുണ്ടിവിടെ.

രണ്ടു ഗേറ്റുകള്‍ക്കിടയിലുള്ള റെയില്‍പ്പാളം കടന്നു പോകുന്ന ഇടവും ഗേറ്റുകളുടെ പുറത്തുള്ള ഏതാനും മീറ്ററുകള്‍ മാത്രം നീളമുള്ള റയില്‍വേയുടെ അധീനതയിലുള്ള റോഡിന്റെ ഭാഗവും യാത്രായോഗ്യമാക്കാനായി കോണ്‍ക്രീറ്റ് കട്ടകള്‍ അങ്ങിങ്ങായി ഇറക്കി വെച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഈ പണി ചെയ്യാന്‍ നിയുക്തനായ കരാറുകാരനെ ഇവിടെ എത്തിക്കാന്‍ റെയില്‍വെ എന്തുകൊണ്ട്
ശ്രമിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം. മേല്‍പ്പാലം എന്ന് യാഥാര്‍ഥ്യമാകുമെന്ന കാല്‍ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ഇനിയും എത്ര നാള്‍ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും അനന്തമായി നീണ്ടു പോകുമോ എന്ന ആശങ്കയിലുമാണ് നാട്ടുകാര്‍.

റെയില്‍വേയുടെ അധീനതയിലുള്ള ഏതാനും മീറ്റര്‍ ഇടമാണ് നിലവില്‍ ഗതാഗത യോഗ്യമല്ലാത്തത്. ചാഞ്ഞും കുലുങ്ങിയുമുള്ള വാഹനയാത്ര ദുസ്സഹമാണിവിടെ. മഴ പെയ്താലുള്ള അവസ്ഥ അതിലേറെ ദയനീയമാണ്. ഇതിലൂടെ പതിവായി യാത്രചെയ്യുന്നവനാണ് ഞാന്‍. റയില്‍വേയില്‍ ബന്ധപ്പെട്ടവരെ ഈ വിവരം അറിയിച്ചിരുന്നുവെങ്കിലും നാളിതുവരെ വരെ ഒന്നും നടന്നില്ല.
-കെ. വി. ബാലകൃഷ്ണന്‍,
ഉദുമ പഞ്ചായത്ത് വൈ. പ്രസിഡന്റ്

ഈ റെയില്‍പാള റോഡിലൂടെ നടന്ന് അപ്പുറം കടക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം കാല്‍നട യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. റയില്‍വേ വക സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാനും ആവില്ല. ട്രെയിന്‍ കടന്നു പോകാന്‍ അടച്ചിടുന്ന ഗേറ്റ് തുറക്കുന്നതോടെ വാഹന തിരക്കിനിടെ കാല്‍നട യാത്ര ഒഴിവാക്കുന്നവരില്‍ ഒരാളാണ് ഞാന്‍.

  • സൈനബ അബൂബക്കര്‍,
    വാര്‍ഡ് അംഗം.

Leave a Reply

Your email address will not be published. Required fields are marked *