നാലര വര്‍ഷത്തിനിടെ കുറ്റിക്കോലില്‍ നടന്നത് 110.57 കോടിയുടെ വികസനം; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സി എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 110.57 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന ഉദുമ നിയോജക മണ്ഡലത്തില്‍ 1504 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നീതി, വ്യവസായം, പാശ്ചാത്യ സൗകര്യം തുടങ്ങി എല്ലാ മേഖലകളിലും വലിയ വികസന മുന്നേറ്റമാണ് പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നിട്ടുള്ളത്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സമാനതകളില്ലാത്ത വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുത്തത്. വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 5000 കോടി രൂപയാണ് ചെലവഴിച്ചത്. ആരോഗ്യ മേഖലയില്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് കൊണ്ടുവന്നു. കാത് ലാബ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അടക്കം ഡയലിസിസ് സെന്ററുകള്‍ എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ചിലത് മാത്രമാണ്. അതിദാരിദ്ര്യ നിര്‍മാജനത്തിന്റെ ഭാഗമായി കണ്ടെത്തിയ 64008 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കി നവംബര്‍ മാസത്തോട് കൂടി അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതില്‍ പകുതിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം 900 കോടി രൂപയാണ് സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എം .എല്‍.എ പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍പേഴ്സണ്‍ എസ്.എന്‍ സരിത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സവിത, സര്‍ക്കാര്‍ നോമിനീ സി.രാമചന്ദ്രന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എന്‍ രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീന, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.വിശ്വരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സദസ്സിനോട് അനുബന്ധിച്ച് പഞ്ചായത്ത് പുറത്തിറക്കിയ വികസനരേഖ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു. മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ അധ്യാപിക വനജ ടീച്ചര്‍, ബന്തെടുക്ക അംഗന്‍വാടി ഹെല്‍പ്പര്‍ സുഷമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശോഭന കുമാരി സ്വാഗതം പറഞ്ഞു.

വികസന വഴിയില്‍ കുറ്റിക്കോല്‍

അതിദരിദ്രമുക്തമായ ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്ര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ അതിദരിദ്ര കുടുംബങ്ങളെ അതിവേഗം മുക്തമാക്കി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി സര്‍വ്വേയിലൂടെ കണ്ടെത്തിയ എട്ടു പേരെ കണ്ടെത്തുകയും ഇവര്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ഗ്രാമ പഞ്ചായത്തിന്റ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കാവശ്യമായ മരുന്ന്, വീട് പുനരുദ്ധാരണം, പെന്‍ഷന്‍, ആധാര്‍ കാര്‍ഡ് എന്നിവ അധിവേഗത്തില്‍ നല്‍കാന്‍ കഴിഞ്ഞു. 2025 ഫെബ്രുവരി 18ന് പഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി ജില്ലയില്‍ ആദ്യ പ്രഖ്യാപനം നടത്തിയ പഞ്ചായത്തായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്.

കാര്‍ഷിക സമൃദ്ധിയുടെ നല്ല പാഠം

ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കൃഷി ഉപജീവനമാര്‍ഗമായി ജീവിച്ചുപോകുന്നവരാണ്. റബ്ബര്‍,തെങ്ങ്, കുരുമുളക്, കശുവണ്ടി,വാഴ തുടങ്ങിയവ പ്രധാന കാര്‍ഷിക വിളകളാണ്. പഞ്ചായത്ത് ഓരോ വര്‍ഷവും കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. മൂന്ന് വില്ലേജുകളിലായി എട്ട് പാടശേഖരസമിതിയേയും പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. ഇടവിള കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, പോഷകവാടി നൂതന പദ്ധതി, പാടശേഖരസമിതിക്ക് ടില്ലര്‍, റൈസ്, പച്ച കറി വികസനപദ്ധതി തുടങ്ങി 1.60 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നിലവിലുള്ള ഭരണാസമിതി കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ഗ്രാമീണ മേഖലയില്‍ ആസ്തി വികസനത്തോടൊപ്പം മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍ വളരെ മാതൃകാപരമായി നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും അതുവഴി കൂടുതല്‍ ഫണ്ട് വിനിയോഗിക്കുന്നതിലും ഏറെ മുന്നോട്ടു പോകാന്‍ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയിലും വളരെ നന്നായി ഇടപെടാനും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാനും സാധിച്ചു. 7097 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍. ബേത്തലം കയര്‍ ഭൂവസ്ത്ര നിര്‍മ്മാണ പ്രവൃത്തി ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കൂടാതെ തൊഴുത്ത്, ആട്ടിന്‍കൂട്, സോക്പിറ്റ്, കിണര്‍റീചാര്‍ജ്, അസോള എന്നിവയും ശ്രദ്ധേയമാണ്. ഫണ്ട് ചെലവഴിക്കുന്നത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനും മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനും ട്രൈബല്‍ പ്ലസില്‍ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 ഗ്രാമീണ റോഡുകള്‍ക്കായി 35 കോടി 42 ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ചു.

പശ്ചാത്തലം അഭിവൃദ്ധിയിലേക്ക്

പഞ്ചായത്ത് പരിധിയിലെ 145 റോഡുകള്‍ നിര്‍മ്മിക്കുവാനും നവീകരിക്കുവാനും സാധിച്ചു. കൂടാതെ പാര്‍ശ്വഭിത്തി കള്‍വെര്‍ട്ടുകള്‍ എന്നിവയും നിര്‍മ്മിച്ചു. ഗ്രാമീണ മേഖലയില്‍ ആസ്തി വികസ ത്തോടൊപ്പം മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍ വളരെ മാതൃകാപരമായി നടപ്പിലാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും അതുവഴി കൂടുതല്‍ ഫണ്ട് വിനിയോഗിക്കുന്നതില ഏറെ മുന്നോട്ടു പോകാന്‍ ഗ്രാമപഞ്ചായത്തിടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സാധിച്ചിട്ടുണ്ട് കൂടാതെ പശ്ചാത്തല മേഖലയിലും വളരെ നന്നായ ഇടപെടാനും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാനും കഴിഞ്ഞുവെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ സാധിക്കും 7097 തൊഴിലാളികളിലൂടെ എല്ലാ വാര്‍ഡുകളിലും ഈ ജനപ്രതിനിധികളുടെയും എം.ജി.എന്‍.ആര്‍.ഇ.ജി ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടേയും മേല്‍നോട്ട പ്രകാരം മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ബേത്തലം കയര്‍ ഭൂ വസ്ത്ര നിര്‍മ്മാണ പ്രവൃത്തി ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കൂടാതെ തൊഴുത്ത്, ആട്ടിന്‍കൂട്, സോക്പിറ്റ്, കിണര്‍റീചാര്‍ജ്, അസോള എന്നിവയും ശ്രദ്ധേയമാണ്.

ശ്രീയായി കുടുംബശ്രീ

16 വാര്‍ഡുകളിലായി 279 യൂണിറ്റുകളിലായി 4457 പേര്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. ഏഴ് സ്പെഷ്യല്‍ അയല്‍ ക്കൂട്ടവും ഒമ്പത് വയോജന അയല്‍ക്കൂട്ടവും പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ എസ്.ടി 77 യൂണിറ്റും, എസ്സി ഒരു യൂണിറ്റുമാണ്. ജില്ലാ സംസ്ഥാന അംഗീകാരങ്ങള്‍ വിവിധ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കായി സിഡിഎസിന് ലഭിച്ചിട്ടുണ്ട്. 77 ബാലസഭാ യൂണിറ്റുകള്‍ സജീവ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീക്ക് മുതല്‍ക്കൂട്ടാവുന്നു. അക്ഷര പ്രീന്റിങ് പ്രെസ്സ്, സി.ഐ.ബി ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ്, ഹരിതം പ്രോഡക്ട്സ്, അപ്പാരല്‍ പാര്‍ക്ക്, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ്, ഷിജിന്‍ ബേക്കറി, കിയോസ്‌ക്, പാര്‍വതി ഹോട്ടല്‍ ആന്‍ഡ് ഫുഡ് പ്രോസസിംഗ് യൂണിറ്റ് എന്നിവ പഞ്ചായത്തിന് കീഴിലെ മികച്ച കുടുംബശ്രീ സംരംഭങ്ങളാണ്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ ബ്ലോക്കില്‍ ഒന്നാം സ്ഥാനം, ജില്ലയിലെ മികച്ച ജി.ആര്‍.സി, ജില്ലയിലെ മികച്ച ബാല ലൈബ്രറി, ഐ.എസ്.ഒ അംഗീകാരം, എന്നിവയെല്ലാം കുടുംബശ്രീയുടെ പ്രവര്‍ത്തനം മികവിന് ലഭിച്ച അംഗീകാരങ്ങളാണ്.

ഉന്നതികള്‍ ഉയരങ്ങളിലേക്ക്

ജില്ലയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്ത് കുടിയത്താണ് കുറ്റിക്കോല്‍. 41 ഊരുകൂട്ടങ്ങളിലായി 1650 കുടുംബങ്ങള്‍ അധിവസിക്കുന്നു ഗോത്ര ജനതയ്ക്ക് അധിക ആധികാരിക രേഖകള്‍ 90% ഉറപ്പിലാക്കി. വീട്, റോഡ് കുടിവെള്ളം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.നബാര്‍ഡ് പദ്ധതിയിലൂടെ പഞ്ചായത്തിലെ പയ്യങ്ങാനം, കുളക്കര പുളിവിഞ്ചി,ഒറ്റമാവുങ്കാല്‍,കൂട്ടത്തില്‍, ബണ്ടംകൈ നരമ്പില കണ്ടം എന്നീ ഉന്നതികളില്‍ കുടിവെള്ള പദ്ധതിസംരംഭങ്ങള്‍, കൃഷി വികസന പദ്ധതികള്‍ എന്നിവ നടപ്പിലാക്കാനായി. കൂടാതെ വിദ്യാവാഹിനി പദ്ധതി നടപ്പിലാക്കി. എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കി.കമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മ്മിച്ചു നല്‍കി. കുട്ടികള്‍ക്ക് പഠനമുറി ഒരുക്കി. കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി.വനിതാ ശിങ്കാരിമേളം ടീം,പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം 42 പേര്‍ക്ക് നല്‍കി,വയോജനങ്ങളായ 356 പേര്‍ക്ക് കട്ടില്‍,216 വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര,115 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ് 16 പേര്‍ക്ക്, എബിസിഡി പ്രോഗ്രാം നടപ്പിലാക്കി, ഉന്നതികളില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിച്ചു. മൊത്തം നാല് കോടി 33 64,771 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടന്നു.

ആരോഗ്യമേഖല ഉണര്‍വിലേക്ക്

പ്രധാന ആരോഗ്യ കേന്ദ്രമായ ബന്തടുക്ക പി എച്ച് സി പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. ഒരു ഡോക്ടറുടെ അധിക സേവനം ഉണ്ടാക്കി. ജില്ലയില്‍ ആദ്യമായി ആരോഗ്യമേള സംഘടിപ്പിച്ചു വിവിധ സബ് സെന്ററുകളുടെ അടിസ്ഥാന സൗകര്യ വികസനം നടത്തി. ഇതുവഴി കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് ലഭിച്ചു. പാലിയേറ്റീവ് രംഗവും കൂടുതല്‍ മെച്ചപ്പെടുത്തി.

മനസ്സോടെ ഇത്തിരി മണ്ണ്

സംസ്ഥാന സര്‍ക്കാരിന്റെ മനസ്സോടെ ഇത്തിരി മണ്ണ് ക്യാമ്പയിന്‍ ഭാഗമായി ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ബേത്ത്തൂര്‍പാറയില്‍ ഒരേക്കര്‍ ഭൂമി പാവപ്പെട്ട ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതിനായി നല്‍കിയിട്ടുണ്ട്. മാലിന്യമുക്ത നവ കേരളത്തിനായി കുട്ടികളില്‍ ശുചിത്വ ബോധവല്‍ക്കരണം, 11 സ്‌കൂളുകളില്‍ കളക്ടെഴ്‌സ് ബിന്നുകള്‍, വീടുകളില്‍ പ്രത്യേകം പദ്ധതി, സര്‍ക്കാര്‍ അര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകം ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍, സ്‌കൂളുകളെ ബയോ കമ്പോസ്റ്റ് ബിന്നുകള്‍ എന്നിവ സ്ഥാപിച്ചു. വനിതാ വികസനത്തിന്റെ ഭാഗമായി വനിതാ ജാഗ്രത സമിതി, പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം, യോഗ പരിശീലനം, ബാലസഭാ സംഗമങ്ങള്‍, സ്ത്രീപദവി പഠന യാഥാര്‍ത്ഥ്യത്തിലേക്ക്. വിദ്യാഭ്യാസമേഖലയില്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം പദ്ധതി നടപ്പിലാക്കാനും ജില്ലയില്‍ ആദ്യമായി കുട്ടികള്‍ക്ക് പ്രത്യേക കായികമേള സംഘടിപ്പിക്കുവാനും സ്‌കൂളുകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും പത്രം ബാല മാസികകള്‍ നല്‍കാനും പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും അടക്കം 79 ലക്ഷത്തി 48529 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഇത്തക്കാട് കുടിവെള്ള പദ്ധതി, വെള്ളാല ഉന്നതിയിലേക്കുള്ള ഫുട്പാത്ത്, ബേത്തൂര്‍ പാറ തൊലിയാട് റോഡ് ടാറിങ്, കാവിന്റടി മൊട്ട കുടിവെള്ള പദ്ധതി, പടുപ്പ് തവനത്ത് സ്‌കൂള്‍ ടോയ്ലറ്റ് നിര്‍മ്മാണം അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *