വിഷന്‍ 2031 സെമിനാര്‍
വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. വിഷന്‍ 2031ന്റെ ഭാഗമായി തിരുവല്ല ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറില്‍ അവതരണം നടത്തുകയായിരുന്നു മന്ത്രി.
പൊതുഗതാഗത രംഗം വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ടാബ് നല്‍കും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. ഓഫീസില്‍ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങള്‍ ഉള്‍കൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിര്‍മിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിര്‍മിത ബുദ്ധി സഹായത്താല്‍ കെ എസ് ആര്‍ ടി സി ഷെഡ്യൂള്‍ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടര്‍ച്ചയായി ബസുകള്‍ ഒരേ റൂട്ടില്‍ പോകുന്ന സാഹചര്യമുണ്ട്. നിര്‍മിത ബുദ്ധിയാല്‍ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടില്‍ കൃത്യമായ ഇടവേളയിലാണ് ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജി.പി.എസ് സഹായത്താല്‍ ഗതാഗത കുരുക്ക് മുന്‍കൂട്ടി അറിഞ്ഞ് ഷെഡ്യൂള്‍ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കൂട്ടായ പ്രവര്‍ത്തനഫലമായാണ് കെഎസ്ആര്‍ടിസി ലാഭത്തിലായത്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകളും ലാഭകരമായി മുന്നേറുന്നു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ്ങ് സ്‌കൂളിലൂടെ ലാഭം നേടിയത്. കൂടുതല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും. ആറുവരി ദേശീയ പാത പ്രവര്‍ത്തന സജ്ജമാക്കുന്നതോടെ ലൈന്‍ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശിലനം.
റോഡപകടങ്ങളുടെ എണ്ണം വര്‍ധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റങ്ങളെ എതിര്‍ക്കുന്നതല്ല സര്‍ക്കാര്‍ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശത്താലാണ് എയര്‍ ഹോണ്‍ അഴിച്ചു മാറ്റാന്‍ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിയമനത്തിന് പോലീസിലേത് പോലെ ഫിറ്റ്നെസ് ടെസ്റ്റ് പ്രാവര്‍ത്തികമാക്കുന്നതിന് പി എസ് സിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങള്‍ സ്പെഷ്യല്‍ സെക്രട്ടറി പി.ബി നൂഹ് അവതരിപ്പിച്ചു. കെ.എസ്.ആര്‍.ടി.സിയടക്കം ലാഭത്തിലായത് സ്പെഷ്യല്‍ സെക്രട്ടറി ചൂണ്ടികാട്ടി. 2025 ഓഗസ്റ്റ് എട്ടിലെ കെ.എസ്.ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സര്‍വകാല റെക്കോഡാണിത്. നിലവില്‍ ഒരു ബസില്‍ നിന്ന് പ്രതി ദിനം ലഭിക്കുന്നത് 17,000 രൂപയാണ്. സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവല്‍ കാര്‍ഡ്, വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സെഷന്‍ അവതരിപ്പിച്ചു. 2024 ഓഗസ്റ്റ് മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനകാര്‍ക്ക് കൃത്യമായ ശമ്പളവും പെന്‍ഷനും നല്‍കുന്നു. മോട്ടോര്‍ വാഹന വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ജി.പി.എസ് അധിഷ്ഠിത വാഹന ട്രാക്കിംഗ്, വിദ്യാവാഹന്‍ ആപ്പ് തുടങ്ങിയവയിലൂടെ വകുപ്പ് ജനമനസില്‍ ഇടം നേടിയതായും സ്പെഷ്യല്‍ സെക്രട്ടറി ചൂണ്ടികാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.