രാജപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ നടക്കും. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. പനത്തടി ഫൊറോന ആതിഥേയരാകുന്ന പരിപാടിയില്‍ കാസര്‍കോട് സോണിലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, മാലോം, കാസര്‍കോട്, തോമാപുരം ഫൊറോനകളില്‍ നിന്നായി പതിനായിരത്തോളം ആളുകള്‍ പരിപാടിയുടെ ഭാഗമാകും.
‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക, റബ്ബറും നെല്ലും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ മേഖയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് അവകാശ സംരക്ഷണയാത്ര നടത്തുന്നതെന്നും പാണത്തൂര്‍ സെന്റ് മേരീസ് പള്ളി മൈതാനത്ത് നിന്ന് യാത്ര പ്ലാഗ് ഓഫ് ചെയ്ത ശേഷം സമുദായ ശാക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന സന്ദേശമുയര്‍ത്തിയുള്ള റാലി പാണത്തൂര്‍ ടൗണിലേക്ക് നടക്കും. റാലിയില്‍ മികച്ച പങ്കാളിത്തമുള്ള ഇടവകകള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഭക്ത സംഘടനകള്‍ക്കും ബെസ്റ്റ് പെര്‍ഫോമര്‍ നിശ്ചയിച്ചു പുരസ്‌കാരം നല്‍കും. പരിപാടിയുടെ ഭാഗമായി തലശ്ശേരി അതിരൂപതാതലത്തില്‍ ഓണ്‍ലൈന്‍ പ്രസംഗമത്സരവും വാട്സപ്പ് സ്റ്റാറ്റസ് മത്സരവും നടത്തുമെന്നും പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ച് സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഒക്ടോബര്‍ 13 മുതല്‍ 24 വരെ നടക്കുന്ന യാത്രയുടെ ഉദ്ഘാടനം പാണത്തൂരില്‍ നടന്ന ശേഷം 14-ന് ചിറ്റാരിക്കാലില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് വിവിവധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങി 24 ന് തിരുവനന്തപുരം സെക്രട്ടറേറ്റിന് മുമ്പില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഡോ.ഫിലിപ്പ് കവിയില്‍, ഫൊറോന ഡയറക്ടര്‍ ഫാ. നോബിള്‍ പന്തലാടിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി പീയൂസ് പറേടം, രൂപതാ സെക്രട്ടറി രാജീവ് തോമസ് കണിയാന്തറ, ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.