കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണ് ‘ക്രിയേറ്റീവ് കോര്‍ണറുകള്‍. കുട്ടികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ചിറകുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഈ സംരംഭം, നമ്മുടെ പഠനരീതികളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നു.പരമ്പരാഗത ലബോറട്ടറി പഠനത്തിന്റെ പരിമിതികള്‍ക്കപ്പുറത്തേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്.കേരള പൊതുവിദ്യാഭ്യാസ വകുപ്പ്,കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ‘എന്നിവയുടെ സഹകരണത്തോടെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൊതുവിദ്യാലയങ്ങളിലെ അറുന്നൂറ് ക്ലാസ് മുറികളാണ് ഈ പദ്ധതി വഴി ക്രിയേറ്റീവ് കോര്‍ണറുകള്‍ ആയി മാറുന്നത്.
വയറിംഗ്, പ്ലംബിംഗ്, കൃഷി, ഫാഷന്‍ ടെക്‌നോളജി, പാചക കല തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുന്ന പുതിയ അധ്യാപനരീതിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
2023-24 അധ്യയന വര്‍ഷത്തിലെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി സംസ്ഥാനത്തെ മുന്നൂറ് അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കും. വിദ്യാലയങ്ങളിലെ പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കോര്‍ണറുകളിലൂടെ വിവിധ തൊഴില്‍ബന്ധിത പ്രവര്‍ത്തനങ്ങളിലൂടെ പാഠപുസ്തകത്തിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികളിലേക്ക് എത്തിക്കാനും ,തൊഴിലും വിജ്ഞാനവും രണ്ടായി നില്‍ക്കേണ്ടതല്ലെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കി അതിലൂടെ വിവിധ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള ശരിയായ മനോഭാവവും ധാരണയും വളര്‍ത്താനും സഹായിക്കും. കുട്ടികള്‍ക്ക് തങ്ങളുടെ ക്രിയാത്മകത കൂടി പ്രകടിപ്പിക്കാന്‍ അവസരമുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാകും നല്‍കുക.
നിലവില്‍ ബേക്കല്‍,ചിറ്റാരിക്കാല്‍ കാസര്‍കോട്,ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ് ഉപജില്ലകളില്‍ രണ്ടു വീതവും മഞ്ചേശ്വര്‍ കുമ്പള ഉപജില്ലകളില്‍ ഒന്നും ഉള്‍പ്പെടെ ജില്ലയില്‍ 12 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണറുകള്‍ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം 21 വിദ്യാലയങ്ങള്‍ കൂടി കോര്‍ണറുകള്‍ സജ്ജീകരിക്കും. ജില്ല പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വിഎസ് ബിജുരാജ് , ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി പ്രകാശ്, റിസോഴ്സ് പേഴ്സണ്‍മാരായ യു.സതീശന്‍, എം.സുമയ്യ, ഷീന മാത്യു, വി.മോഹനന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ജില്ലയിലെ ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ തൊഴില്‍ മേഖലകളിലെ ഉപകരണങ്ങളെ പരിചയപ്പെടുത്തുക, അവയുടെ പ്രവര്‍ത്തനരീതികളെയും സാധ്യതകളെയും പറ്റി അവബോധമുണ്ടാക്കുക. കുട്ടികളില്‍ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള ശരിയായ മനോഭാവവും, തൊഴില്‍ നൈപുണികളും ജീവിത നൈപുണികളും വളര്‍ത്തുക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. കൂടുതല്‍ സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.