കൊച്ചി: സോളാര്‍ മൊഡ്യൂളുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളുടെ നിര്‍മാണം വിപുലപ്പെടുത്തി ബിസിനസ് വളര്‍ച്ച കൈവരിക്കാനൊരുങ്ങി പുനരുപയോഗ ഊര്‍ജ മേഖലയിലെ പ്രമുഖ സ്ഥാപനമായ എസിഎംഇ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്പൂര്‍ കേന്ദ്രീകരിച്ച് 230 കോടി രൂപ മുതല്‍മുടക്കില്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ കേന്ദ്രം സ്ഥാപിച്ചു. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘കുസും’ (KUSUM) പ്രോജെക്റ്റിനു പുറമെ യൂട്ടിലിറ്റി-സ്‌കെയില്‍ പവര്‍ പ്ലാന്റുകള്‍, പുരപ്പുര സോളാര്‍ പദ്ധതികള്‍, കയറ്റുമതി ആവശ്യങ്ങള്‍ എന്നിവക്കായി വലിയതോതില്‍ നിര്‍മാണം നടത്തുകയാണ് പുതിയ യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ മൊഡ്യൂളുകള്‍ ഉത്പാദിപ്പിക്കനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ജയ്പൂര്‍ കേന്ദ്രത്തിന് പ്രതിവര്‍ഷം 1.2 ജിഗാവാട്‌സ് കപ്പാസിറ്റിയാണുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ (ഇന്ത്യയില്‍ നിര്‍മിക്കുക) പദ്ധതിയുടെ ഭാഗമായാണ് ജയ്പൂരില്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ കേന്ദ്രം ആരംഭിച്ചത്. സോളാര്‍ മേഖലയിലെ അത്യാധുനിക ഉപകരണങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ കഴിയും. ആഭ്യന്തരമായി നിര്‍മിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള സോളാര്‍ മൊഡ്യൂളുകളുടെ വിതരണം ഉറപ്പാക്കിക്കൊണ്ട് രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ പരമാവധി വേഗത്തില്‍ കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി എസിഎംഇ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജിതേന്ദ്ര അഗര്‍വാളിനെ നിയമിച്ചു. ഇന്ത്യയ്ക്ക് പുറമെ പ്രധാന അന്താരാഷ്ട്ര വിപണികളിലേക്കും എസിഎംഇ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. കമ്പനിയുടെ ബിസിനസ് വളര്‍ച്ച നേടിയെടുക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും ജിതേന്ദ്ര അഗര്‍വാളിന്റെ നേതൃത്വപാടവം ഏറെ സഹായകരമായിരിക്കുമെന്ന് എസിഎംഇ ഗ്രൂപ്പ് അറിയിച്ചു