ആദ്യ സദസ്സ് ചെറുവത്തൂര്‍ പഞ്ചായത്ത് ഇ.എം.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു
സര്‍ക്കാരിന്റെ വികസന സ്വപ്നങ്ങള്‍ ജനങ്ങളുടെ ഇച്ഛാശക്തിക്കനുസരിച്ചാണെന്ന് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള പറഞ്ഞു. ചെറുവത്തൂര്‍ ഇ.എം.എസ് ഓപ്പണ്‍ ഓഡി റ്റോറിയത്തില്‍ കാസര്‍കോട് ജില്ലയിലെ ആദ്യ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ലൈഫ് ഭവന പദ്ധതിയും വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലയില്‍ ഉണ്ടായ മാറ്റങ്ങളും എടുത്തു പറയേണ്ടതാണ്. മലിനീകരണം പോലുള്ള പ്രശ്നങ്ങളെ ഹരിത കര്‍മസേന വഴി കൃത്യമായി അഭിസംബോധന ചെയ്യാന്‍ ചെറുവത്തൂരിനു സാധിച്ചു. 210 കുടുംബങ്ങള്‍ക്ക് ലൈഫ് വഴി വീട് നിര്‍മിച്ചു നല്‍കി. അത്യാധുനിക ലാബ് സൗകര്യങ്ങളും കളിസ്ഥലങ്ങളും ശുചിമുറികളും ഉള്ള വിദ്യാലയങ്ങള്‍ നിര്‍മ്മിക്കാനും കുടുംബരോഗ്യ കേന്ദ്രങ്ങള്‍ രോഗി സൗഹൃദം ആക്കാനും സാധിച്ചു. ആയുര്‍വേദ ആശുപത്രി മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചതുകൊണ്ടാണ് ഗ്രാമ പഞ്ചായത്തിന് കായകല്പ അവാര്‍ഡ് ലഭിച്ചത്. കുടുംബശ്രീ യുടെ വായ്പ സംവിധാനങ്ങളും ബഡ്‌സ് സ്‌കൂളുകളും മികച്ച പ്രവര്‍ത്തനംകാഴ്ചവെച്ചു. മികച്ച സി.ഡി.എസിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചുവെന്ന് പ്രസിഡന്റ് പറഞ്ഞു.
ചെറുവത്തൂര്‍ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത വികസന സദസ്സില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ സജിത്ത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.സര്‍കാരിന്റെ വികസന നേട്ടങ്ങള്‍ എല്‍.എസ്.ജി.ഡി ഡെപ്യുട്ടി ഡയറക്ടര്‍ കെ വി ഹരിദാസും പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങള്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി കെ.വി വിനയരാജും അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ എം.ബി രാജേഷ്, ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സന്ദേശം പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സാക്ഷ്യം വീഡിയോയും പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഹരിത കര്‍മസേനയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷൈനി ഉപഹാരം നല്‍കി ആദരിച്ചു. കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഉപഹാരം നല്‍കി ആദരിച്ചു. ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ചവരെയും സദസ്സില്‍ ആദരിച്ചു. തുടര്‍ന്ന് ഓപ്പണ്‍ ഫോറം നടന്നു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പത്മിനി സ്വാഗതം പറഞ്ഞു.