വികസന നേട്ടങ്ങളുടെ കഥകള്‍ ഏറെയുണ്ട് ചെറുവത്തൂരിന് പറയാന്‍. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വരാജ് ട്രോഫി, ജില്ലയിലെ മികച്ച ടിബി മുക്ത പഞ്ചായത്ത്, മികച്ച കുടുംബശ്രീക്കുള്ള സംസ്ഥാന പുരസ്‌കാരം ഇങ്ങനെ നീളുന്നു പുരസ്‌കാരങ്ങളുടെ നിര. ശുചിത്വം, പാര്‍പ്പിടം, തൊഴില്‍, സ്ത്രീ ശക്തീകരണം തുടങ്ങി എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഇന്ന് കേരളത്തിന് തന്നെ മാതൃകയാവുകയാണ്.
ശുചിത്വ സുന്ദരമീ ചെറുവത്തൂര്‍
38 ഹരിതകര്‍മസേനാംഗങ്ങളുടെ കൂട്ടായ്മയിലൂടെ മാലിന്യനിര്‍മാര്‍ജനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പഞ്ചായത്ത് സ്വീകരിച്ചത്. പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും മാലിന്യം തരംതിരിച്ച് ശേഖരിക്കാന്‍ ഓരോ വാര്‍ഡിലും മിനി എം.സി.എഫുകള്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ കാടങ്കോട് എം.സി.എഫ് പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു എന്നതിന് തെളിവാണ് ശുചിത്വ മിഷന്റെ മികച്ച ശുചിത്വ ടൗണിനുള്ള അംഗീകാരം പഞ്ചായത്തിനെ തേടിയെത്തിയത്. മാലിന്യ സംസ്‌കരണത്തിന് പുതു ഊര്‍ജ്ജം നല്‍കി 500ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത് വിജയിപ്പിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് . തദ്ദേശ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള അഭിനന്ദനം നേടാന്‍ പഞ്ചായത്തിനു കഴിഞ്ഞു. 2974 കുടുംബങ്ങള്‍ക്ക് 62 ലക്ഷം രൂപയ്ക്ക് റിംഗ് കംമ്പോസ്റ്റ്, പോര്‍ട്ടബിള്‍ ബയോബിന്‍ എന്നിവ വിതരണം ചെയ്തു.
തരിശുരഹിതം ചെറുവത്തൂര്‍
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും മാതൃകയാവുകയാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഒരു കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് പഞ്ചായത്ത് കാര്‍ഷിക മേഖലയില്‍ സമഗ്രമായ മുന്നേറ്റമാണ് സൃഷ്ടിച്ചത്. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ഭരണസമിതി കര്‍ഷകര്‍ക്ക് കൈത്താങ്ങായി.
പ്രാദേശിക കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചുള്ള തെങ്ങ് കൃഷി വികസനത്തിലൂടെ ഓരോ വര്‍ഷവും ശരാശരി 800 കര്‍ഷകര്‍ക്ക് 100 ഹെക്ടറില്‍ തെങ്ങ് കൃഷി ചെയ്യാന്‍ സഹായം നല്‍കി.
നെല്‍കൃഷിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് 73 ലക്ഷം രൂപയുടെ വികസന പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്. ഇതിലൂടെ ഓരോ വര്‍ഷവും 50 ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിച്ചു. പതിനാറ് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന കാടങ്കോട് കൊയാമ്പുറം പാടശേഖരത്തില്‍ 15 ഏക്കറില്‍ വിജയകരമായി കൈപ്പാട് നെല്‍കൃഷി ചെയ്തുകൊണ്ട് ചെറുവത്തൂര്‍ ‘തരിശുരഹിത പ്രഖ്യാപനത്തിലേക്ക് അടുക്കുകയാണ്. വീടുകളിലും പറമ്പുകളിലും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 36 ലക്ഷം രൂപ യുടെ പച്ചക്കറി വികസന പദ്ധതിയിലൂടെ 25,060 എണ്ണം പോട്ടിങ് മിശ്രിതം നിറച്ച ഗ്രോബാഗുകളും മണ്‍ചട്ടികളും വിതരണം ചെയ്തു.
വാഴ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ചെലവില്‍ നേന്ത്രവാഴ കന്നുകള്‍ 200 പേര്‍ക്ക് നല്‍കി. കൂടാതെ, ഇഞ്ചി, മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുന്നതിനായി 600 ഗുണഭോക്താക്കള്‍ക്ക് ആറ് ലക്ഷം രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. കവുങ്ങ് കൃഷി വികസനത്തിനായി രണ്ട് ലക്ഷം രൂപ ചെലവില്‍ 4500 കവുങ്ങിന്‍ തൈകളും വിതരണം ചെയ്തു.
സ്ത്രീകളും കുട്ടികളും ഇവിടെ സുരക്ഷിതര്‍.
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിന് രണ്ട് കോടി 65 ലക്ഷം രൂപ ചിലവഴിച്ചു നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി.അടിസ്ഥാന പഠന രേഖ ‘സമന്വയം’ പ്രസിദ്ധീകരിച്ച് സ്ത്രീ ശാക്തീകരണത്തിന് മുന്നേറ്റം കുറിച്ചു. 28 അംഗന്‍വാടികള്‍, ശിശുമന്ദിരം എന്നിവയ്ക്ക് ശിശു സൗഹൃദമായി മികച്ച സൗകര്യവും, ചുമര്‍ചിത്രവും ഒരുക്കി. കൗമാര കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ്, സ്വയം പ്രതിരോധ പരിശീലന പദ്ധതികള്‍ നടപ്പിലാക്കി.വനിതകള്‍ക്ക് സ്വയം തൊഴിലിന് 33 ലക്ഷം രൂപ ചിലവഴിച്ചു.
ഉന്നതങ്ങളില്‍ ഉന്നതി
പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി 25 ലക്ഷം രൂപ യില്‍ നിരവധി പദ്ധതി കള്‍ പഞ്ചായത്ത് നടപ്പിലാക്കി. പട്ടികജാതി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്, ബിരുദം ബിരുദാനന്തരബിരുദം പ്രൊഫെഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക് സ്‌കോളര്‍ഷിപ്പ്,പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാഹചര്യം മെച്ചപ്പെടുത്തുവാന്‍ ഫര്‍ണിച്ചര്‍.പട്ടികജാതി മേഖലയില്‍ റോഡ്, കുടിവെള്ളം, തെരുവ് വിളക്ക്, ഡ്രൈനേജ് എന്നീ അടിസ്ഥാനസൗകര്യങ്ങള്‍. പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം തുടങ്ങി മാതൃക പരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.
സാന്ത്വന പരിചരണത്തിന് ചെറുവത്തൂര്‍ മാതൃക
അശരണര്‍ക്ക് താങ്ങും തണലുമാകാനുള്ള സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 53 ലക്ഷം രൂപ വിനിയോഗിച്ച പഞ്ചായത്ത്, 600-ല്‍ അധികം കിടപ്പുരോഗികള്‍ക്കാണ് സാന്ത്വന പരിചരണം ഉറപ്പാക്കിയത്. നിലവില്‍ 602 കിടപ്പുരോഗികള്‍ക്ക് തുടര്‍ച്ചയായ പാലിയേറ്റീവ് പിന്തുണ നല്‍കാന്‍ പഞ്ചായത്തിന് സാധിക്കുന്നുണ്ട്. പഞ്ചായത്ത് ഫണ്ടും ആരോഗ്യവിഭാഗത്തിന്റെ സഹായവും മാത്രമല്ല, ജനകീയ കമ്മിറ്റിയുടെ സജീവമായ പങ്കാളിത്തമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ വിജയം. കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 15 ലക്ഷം രൂപസമാഹരിക്കുകയും, 12,72,186 രൂപ രോഗികളുടെ പരിചരണത്തിനായി ചെലവഴിക്കുകയും ചെയ്തു.
സേവനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും നൂറോളം പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ എത്തിക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും നേതൃത്വം നല്‍കുന്നു. ഓണം, വിഷു തുടങ്ങിയ ആഘോഷ വേളകളില്‍ പാലിയേറ്റീവ് രോഗികളെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കി അവരുടെ മാനസിക നില ഉയര്‍ത്തുകയും ചെയ്യുന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. കൂടാതെ, ജനകീയ കമ്മിറ്റിയുടെ സഹകരണത്തോടെ എല്ലാ വര്‍ഷവും പാലിയേറ്റീവ് രോഗി-ബന്ധു സംഗമങ്ങള്‍സംഘടിപ്പിക്കുന്നത് രോഗികള്‍ക്ക് ആശ്വാസവും കുടുംബാംഗങ്ങള്‍ക്ക് പിന്തുണയും നല്‍കുന്നു.
ലൈഫില്‍ വിരിഞ്ഞ പുഞ്ചിരികള്‍
ലൈഫ് പദ്ധതി നിര്‍വഹണത്തില്‍ മികച്ച നേട്ടമാണ് പഞ്ചായത്ത് കൈവരിച്ചത്; 170 വീടുകളാണ് പൂര്‍ത്തിയാക്കി കൈമാറിയത്. തൊഴില്‍ മേഖലയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
മികവിന്റെ പാതയില്‍ കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന്റെ മുദ്രാവാക്യമുയര്‍ത്തി കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കുടുംബശ്രീ പ്രസ്ഥാനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ നെടുംതൂണായി മാറുകയാണ്. ഭരണനിര്‍വ്വഹണം, സംയോജനം, തനത് പ്രവര്‍ത്തനം, മൈക്രോ ഫിനാന്‍സ് എന്നീ മേഖലകളിലെ മികവിന് സംസ്ഥാന തലത്തില്‍ മികച്ച സി.ഡി.എസ്സിനുള്ള പുരസ്‌കാരം ചെറുവത്തൂരിനെ തേടിയെത്തി. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 360 സൂക്ഷ്മ സംരംഭങ്ങള്‍ക്കും 312 വ്യക്തിഗത സംരംഭങ്ങള്‍ക്കും പഞ്ചായത്ത് നേതൃത്വം നല്‍കി. 86 സംഘകൃഷി ഗ്രൂപ്പുകളും 17 ഓക്സിലറി ഗ്രൂപ്പുകളും ചെറുവത്തൂരിന്റെ സാമ്പത്തിക മേഖലയില്‍ ശക്തമായ സാന്നിധ്യമായി. 2022-2023 വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ചെറുവത്തൂര്‍ മോഡല്‍ സി.ഡി.എസ് ആയും ജില്ലയിലെ ഡെമോണ്‍സ്ട്രേഷന്‍ സൈറ്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ 20 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിക്കൊണ്ട്, ചെറുവത്തൂരിലെ വനിതകള്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി മുന്നേറാന്‍ പഞ്ചായത്തിനു കഴിഞ്ഞു.
വികസന സദസിന്റെ ഭാഗമായി ചെറുവത്തൂര്‍ ഐ.സി.ഡി.എസും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച പോഷണ്‍ മാ സ്റ്റാളും സി.ഡി.എസ് വ്യത്യസ്തമായ പച്ചകറികള്‍ക്കൊണ്ട് തയ്യാറാക്കിയ പൂക്കളവും, സെല്‍ഫി കോര്‍ണറും, കേ സ്മാര്‍ട്ട് ക്ലിനിക്കിന്റെ ഭാഗമായുള്ള ഫെസിലിറ്റേഷന്‍ സെന്ററും പ്രദര്‍ശന വിപണനത്തിനുണ്ടായിരുന്നു. സ്റ്റുഡിയോ ഉടമയായ കുഞ്ഞികൃഷ്ണന്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ വികസന നേര്‍സാക്ഷ്യങ്ങള്‍ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിച്ചത് വികസന സദസ്സിലെ വേറിട്ട കാഴ്ചയായി.
വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയങ്ങള്‍ സജ്ജം
പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്തി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു. സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി 30 ലക്ഷം രൂപ ചെലവഴിച്ച പഞ്ചായത്തിന്റെ ദീര്‍ഘവീക്ഷണം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് വഴി തുറന്നത്.
പഞ്ചായത്തിന്റെ സജീവ ഇടപെടലുകളുടെ ഫലമായി എം.എല്‍.എ ഫണ്ട്, കാസര്‍കോട് വികസന പാക്കേജ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് വിവിധ സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍, ആധുനിക പാചകപ്പുരകള്‍, ടോയ്‌ലെറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസ്സുകള്‍ വാങ്ങാനും സാധിച്ചു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തതും പഠന നിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി പഞ്ചായത്ത് നടപ്പാക്കിയ അമൃതം മാതൃഭാഷ പദ്ധതി ശ്രദ്ധേയമായി. മലയാള ഭാഷ പരിപോഷണത്തിനായി തുടങ്ങിയ ഈ പദ്ധതി, അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സഹായിച്ചു.
സാക്ഷരതയുടെ കാര്യത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. സാക്ഷരതാ മിഷന്റെ ഭാഗമായി 224 പഠിതാക്കള്‍ പത്താം തരം തുല്യത പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കി. അതുപോലെ 145 പഠിതാക്കള്‍ ഹയര്‍ സെക്കന്‍ഡറി തുല്യത നേടി ഉന്നത വിദ്യാഭ്യാസം നേടാന്‍ പ്രാപ്തരായി. ഡിജിറ്റല്‍ സാക്ഷരതാ മിഷന്റെ ഭാഗമായി 2017 പഠിതാക്കളെ പരിശീലിപ്പിച്ചുകൊണ്ട് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു. ഇത് പഞ്ചായത്ത് ഭരണസമിതി വിദ്യാഭ്യാസത്തിനും പുതിയ കാലത്തെ അറിവിനും നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
കുരുക്കൊഴിഞ്ഞു
ചെറുവത്തൂര്‍ ടൗണിലെ പ്രധാന പ്രശ്‌നമായിരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിശാലമായ പാര്‍ക്കിങ് ഏരിയ ഒരുക്കിയത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. റോഡരികിലെ അനധികൃത പാര്‍ക്കിങ് ഒഴിവായതോടെ നഗരത്തിലൂടെയുള്ള യാത്ര സുഗമമായി. കൂടാതെ, അഞ്ചരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൂന്നുനില വ്യാപാര സമുച്ചയത്തിന്റെ നിര്‍മാണാനുമതിക്കായി കാത്തിരിക്കുകയാണ് പഞ്ചായത്ത്. ഇത് ചെറുവത്തൂരിന്റെ വാണിജ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
എല്ലാ മേഖലയിലും പുരോഗതി
ഒരു മേഖലയില്‍ മാത്രം ഒതുങ്ങാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ പഞ്ചായത്ത് നടപ്പാക്കി. കുട്ടികള്‍ക്കായി സ്മാര്‍ട്ട് മിനി അങ്കണവാടി, ഭിന്നശേഷി കുട്ടികള്‍ക്കായി ബ്ലോസം ബഡ്‌സ് സ്‌കൂള്‍ എന്നിവ ആരംഭിച്ചു. ജില്ലയിലെ മികച്ച ടിബി മുക്ത പഞ്ചായത്ത് പുരസ്‌കാരം നേടിയ ആരോഗ്യമേഖലയില്‍ തുരുത്തിയിലെ എഫ്.എച്ച്.സി (കുടുംബാരോഗ്യ കേന്ദ്രം), സജീവമായ പാലിയേറ്റീവ് രംഗം, വയോജന ക്ലബ്ബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദ ആശുപത്രിക്ക് എന്‍.എ.ബി.എച്ച്. അംഗീകാരവും കായകല്‍പ്പം പുരസ്‌കാരവും ലഭിച്ചു. മയിച്ച, തുരുത്തി എല്‍.പി. സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുകയും കുട്ടികള്‍ക്കായി ഫുട്ബോള്‍ പരിശീലനവും സ്പോര്‍ട്സ് കിറ്റ് വിതരണവും സംഘടിപ്പിക്കുകയും ചെയ്തു. എസ്.സി., മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികള്‍ക്ക് പഠനത്തിനായി ലാപ്ടോപ്പ്, മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും എന്നിവ വിതരണം ചെയ്തതും ശ്രദ്ധേയമാണ്.ഏഴ് അതിദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സ, ഭക്ഷണം, സാമൂഹ്യ സുരക്ഷ, ഭവനം എന്നി ഇനങ്ങളില്‍ സഹായം നല്‍കിയതിലൂടെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി ചെറുവത്തൂര്‍ മാറി.