കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളേജ് മാനേജര്‍ കെ. രാമനാഥന്‍ ആമുഖഭാഷണം നടത്തിയ ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ജിതേഷ് . കെ മുഖ്യാതിഥിയായി. ക്ലാസ് മുറികള്‍ ലോകത്തിന്റെ പരിഛേദമാണെന്ന് തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കണമെന്നും നല്ല വിദ്യാര്‍ത്ഥികളാണ് നല്ല അധ്യാപകരെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്നും മറ്റൊരു ജീവിതത്തിലേക്കുള്ള വഴിത്തിരിവായി ഈ ബിരുദദാനചടങ്ങിനെ കാണണമെന്ന് പറഞ്ഞ അദ്ദേഹം ആരെങ്കിലും വെച്ചുനീട്ടുന്നത് കൈനീട്ടി വാങ്ങുകയല്ല മറിച്ച് വേണ്ടത് പിടിച്ചെടുക്കാന്‍ കഴിയുന്ന ഇച്ഛാശക്തിയുള്ളവരായി മാറണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. പത്തുവര്‍ഷം കഴിഞ്ഞ് എന്തായിത്തീരണമെന്ന് ഇപ്പോഴേ ചിന്തിച്ചാലേ ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് 2023- 25 ബാച്ചിലെ അഞ്ച് പി.ജി. കോഴ്‌സുകളില്‍ നിന്നുമായി യോഗ്യത ലഭിച്ച നൂറോളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ദിനേശ് .ടി പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നെഹ്‌റു കോളേജ് എജ്യുക്കേഷണല്‍ സൊസൈറ്റി മെമ്പര്‍ പി.യു.നാരായണതന്ത്രി, നെഹ്‌റു കോളേജ് മുന്‍ പ്രിന്‍സിപ്പാളും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഡോ. കെ.വി. മുരളി, പി.ടി.എ. വൈസ് പ്രസിഡന്റ് തുളസി വി , ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. റുഖയ്യ മുഹമ്മദ് കുഞ്ഞി, കോളേജ് സൂപ്രണ്ട് വിനോദ് കുമാര്‍.വി , യൂണിയന്‍ ചെയര്‍മാന്‍ അഭിരാം കെ.വി എന്നിവര്‍ സംബന്ധിച്ചു. കോളേജ് ഐ.ക്യു.എ. സി. കോ -ഓര്‍ഡിനേറ്റര്‍ ഡോ. വിജയകുമാര്‍.വി. സ്വാഗതവും ജോയിന്റ് കോ -ഓര്‍ഡിനേറ്റര്‍ മിഥുന്‍ എ.വി നന്ദിയും പറഞ്ഞു